ആലപ്പുഴ ∙ ബത്തേരിയിൽ സമാപിച്ച കോൺഗ്രസ് നേതൃക്യാംപ് നിശ്ചയിച്ച 100 സീറ്റെന്ന ലക്ഷ്യത്തിലെത്താൻ ജില്ലയിൽ യുഡിഎഫിനു വേണ്ടത് 5 സീറ്റ്. ജില്ലയിൽ 5 മുതൽ 7 വരെ സീറ്റുകളിൽ ജയസാധ്യതയുണ്ടെന്നും 4 സീറ്റ് ഉറപ്പായും ജയിക്കാമെന്നുമാണു യുഡിഎഫ് നേതാക്കളുടെ വാദം.
ഹരിപ്പാട്, അരൂർ, അമ്പലപ്പുഴ, കുട്ടനാട് സീറ്റുകളിൽ ഉറപ്പായും ജയിക്കാമെന്നാണു യുഡിഎഫ് പ്രതീക്ഷ. ചെങ്ങന്നൂർ, ആലപ്പുഴ, കായംകുളം സീറ്റുകളിൽ ഏതെങ്കിലും ഒന്നു കൂടി നേടിയാൽ ജില്ലയിൽ 5 സീറ്റെന്ന ലക്ഷ്യത്തിലെത്താമെന്നും കണക്കുകൂട്ടുന്നു.
എന്നാൽ മണ്ഡലപുനർനിർണയത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ജില്ലയിലെ 3 മണ്ഡലങ്ങളിൽ മാത്രമേ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചിട്ടുള്ളൂ എന്ന യാഥാർഥ്യം മറുവശത്തുണ്ട്. മണ്ഡലപുനർനിർണയത്തിനു ശേഷം നടന്ന 3 തിരഞ്ഞെടുപ്പുകളിലും (2011, ’16, ’21) ജയിച്ചത് ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ്.
2011ൽ ചെങ്ങന്നൂരിലും 2019ലെ ഉപതിരഞ്ഞെടുപ്പിൽ അരൂരിലും ജയിച്ചു. മറ്റൊരു മണ്ഡലത്തിലും ഈ കാലയളവിൽ ജയിക്കാനായിട്ടില്ല.
എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 9 മണ്ഡലങ്ങളിൽ എട്ടിലും ലീഡ് നേടിയതും തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും യുഡിഎഫിനു പ്രതീക്ഷ പകരുന്നു.
വോട്ടുകണക്കിൽ പ്രതീക്ഷ
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മാവേലിക്കര നിയമസഭാ മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫ് ലീഡ് നേടിയത്. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലും മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചെങ്ങന്നൂർ,കുട്ടനാട് മണ്ഡലങ്ങളിലും യുഡിഎഫിനാണ് ലീഡ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കിൽ അരൂർ, ഹരിപ്പാട് മണ്ഡലങ്ങളിൽ യുഡിഎഫിനു ലീഡുണ്ട്. ചെങ്ങന്നൂർ, കുട്ടനാട് മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിട്ടു നിൽക്കുന്നത് രണ്ടായിരത്തിൽ താഴെ വോട്ടുകൾക്കാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പതിനായിരത്തിലേറെ വോട്ടു ലഭിച്ചത് മാവേലിക്കര, ചേർത്തല മണ്ഡലങ്ങളിൽ മാത്രമാണെന്നതും യുഡിഎഫിന് പ്രതീക്ഷ പകരുന്നു.
യുഡിഎഫ് 72 സീറ്റുമായി അധികാരത്തിലെത്തിയ 2011ൽ 2 സീറ്റാണ് ജില്ലയിൽ യുഡിഎഫിന് ലഭിച്ചത്. പിന്നീടു നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും അത് ഒന്നായി കുറഞ്ഞു.
ഇവിടെ നിന്നാണ് 5 സീറ്റെന്ന ലക്ഷ്യത്തിലേക്ക് എത്തേണ്ടത്.
കളത്തിലേക്ക് ആരെല്ലാം
ഹരിപ്പാട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ രമേശ് ചെന്നിത്തല വീണ്ടും മത്സരിക്കുമെന്നതു മാത്രമാണ് ഉറപ്പായത്. പകുതിയോളം സീറ്റുകളിൽ യുവാക്കളെയും വനിതകളെയും പരിഗണിക്കുമെന്ന പ്രഖ്യാപനം കെപിസിസി കോർ കമ്മിറ്റിയിലെ ഏക വനിതാ അംഗം ഷാനിമോൾ ഉസ്മാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, വൈസ് പ്രസിഡന്റ് അരിത ബാബു എന്നിവരുടെ സാധ്യത വർധിപ്പിക്കുന്നു.
കായംകുളത്ത് മുൻമന്ത്രി തച്ചടി പ്രഭാകരന്റെ മകനും റിട്ട.സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ബിജു പ്രഭാകറിനെ മത്സരിപ്പിക്കാനുള്ള ആലോചനകളുണ്ട്. 2019ലെ ഉപതിരഞ്ഞെടുപ്പ് മുതൽ അരൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഷാനിമോൾ ഉസ്മാന്റെ പേരിനു തന്നെയാണു നിലവിൽ മണ്ഡലത്തിൽ മുൻതൂക്കം. ചേർത്തലയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ, കെപിസിസി സെക്രട്ടറി എസ്.ശരത്, ഡിസിസി വൈസ് പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് എന്നിവരുടെയും ആലപ്പുഴയിൽ മുൻ എംപി കെ.എസ്.മനോജ്, കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, നഗരസഭയിലെ മുൻ കക്ഷിനേതാവ് റീഗോ രാജു എന്നിവരുടെയും പേരുകൾ പരിഗണനയിലുണ്ട്.
അമ്പലപ്പുഴയിൽ കെപിസിസി വൈസ് പ്രസിഡന്റ് എം.ലിജുവിന്റെ പേരിനാണു മുൻതൂക്കം. കെപിസിസി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ, ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ എന്നിവരും പരിഗണനയിലുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ പേര് ചെങ്ങന്നൂർ മണ്ഡലത്തിലാണു പരിഗണിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ പേരും ഇവിടെ പറഞ്ഞുകേൾക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്. കായംകുളത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, കെപിസിസി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ എന്നിവരും മാവേലിക്കരയിൽ കോൺഗ്രസ് പട്ടികജാതി വിഭാഗം ദേശീയ കോഓർഡിനേറ്റർ മുത്താര രാജ്, പുലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിഥുൻ മധു മയൂരം, താമരക്കുളം ബ്ലോക്ക് പഞ്ചായത്തംഗം എം.എസ്.രോഹിത് എന്നിവരും പരിഗണനയിലുണ്ട്.
ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിന്റെ പേര് അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ പരിഗണിക്കുന്നുണ്ട്.
കുട്ടനാട്ടിൽ ആര് ?
കേരള കോൺഗ്രസ് മത്സരിക്കുന്ന കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും യുഡിഎഫിൽ ഇത്തരം ചർച്ചകൾ ആരംഭിച്ചിട്ടില്ല. കേരള കോൺഗ്രസ് കഴിഞ്ഞവട്ടം മത്സരിച്ച എല്ലാ സീറ്റിലും മത്സരിക്കുമെന്നു പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു.
മണ്ഡലത്തിൽ സജീവമായി നിൽക്കുന്ന കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റെജി ചെറിയാൻ സ്ഥാനാർഥിയാകാനാണു സാധ്യത. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

