പടിഞ്ഞാറത്തറ ∙ ബാണാസുര സാഗർ ജലസേചന പദ്ധതി കനാൽ നിർമാണം അനന്തമായി നീളുന്നതിൽ കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു. രണ്ടര പതിറ്റാണ്ടു മുൻപ് പ്രവൃത്തി ആരംഭിച്ച കനാലിന്റെ നിർമാണം ഇന്നും ഇഴയുകയാണെന്നാണ് കർഷകരുടെ പരാതി.
ആദ്യഘട്ടം പ്രവർത്തനം 2024 ഡിസംബറിൽ പൂർത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലായില്ല. 2023ൽ മനോരമ പ്രസിദ്ധീകരിച്ച വാർത്താ പരമ്പരയിൽ പ്രതികരിച്ചു മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചതായിരുന്നു ഇത്.
ജീവനക്കാരുടെ കുറവ് പരിഹരിച്ചും ആവശ്യമായ ഫണ്ട് ലഭ്യമാക്കിയും ശേഷിക്കുന്ന പ്രവൃത്തിയും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
എന്നാൽ 2 വർഷം പിന്നിട്ടിട്ടും ആദ്യ ഘട്ടം പോലും പൂർത്തിയാക്കാത്തതാണു പ്രതിഷേധത്തിനിടയാക്കുന്നത്.പടിഞ്ഞാറത്തറ, കോട്ടത്തറ, വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിലായി 2800 ഹെക്ടർ കൃഷിയിടത്തിൽ വെള്ളം എത്തിക്കുന്ന ലക്ഷ്യം വച്ചാണ് കനാലിന്റെ നിർമാണം. ഡാമിൽ നിന്ന് 2.730 കിലോമീറ്റർ പ്രധാന കനാലും വെണ്ണിയോട്, പടിഞ്ഞാറത്തറ, കാപ്പുംകുന്ന്, പേരാൽ ബ്രാഞ്ച് കനാലുകളുമാണു പദ്ധതിക്കു വേണ്ടി നിർമിക്കുന്നത്.
ഇതിൽ വെണ്ണിയോട് ബ്രാഞ്ചിൽ നിന്നു വീട്ടിക്കാമൂല, കുറുമ്പാല, കുപ്പാടിത്തറ, വെണ്ണിയോട് ഭാഗങ്ങളിലേക്കും പേരാൽ ബ്രാഞ്ചിൽ നിന്ന് ഇടതു കനാൽ, വലതു കനാൽ വഴി വിവിധ സമീപ പ്രദേശത്തെ വിവിധ കൃഷിയിടങ്ങളിലേക്കും വെള്ളം എത്തിക്കുന്ന വിധത്തിലാണു പദ്ധതി വിഭാവനം ചെയ്തിരുന്നത്.
എന്നാൽ പിന്നീട് ഈ ഘടനയിൽ നേരിയ മാറ്റം വരുത്തിയിരുന്നു. പടിഞ്ഞാറത്തറ, പനമരം പഞ്ചായത്തുകളിലെ പ്രധാന ജല സ്രോതസ്സായ കരമാൻ തോടിനു കുറുകെ അണ കെട്ടിയാണ് ബാണാസുര ഡാം നിർമിച്ചത്.
അതോടെ വെള്ളം ഇല്ലാതെ ഹെക്ടർ കണക്കിന് സ്ഥലത്ത് കൃഷി മുടങ്ങി.കനാൽ വഴി യഥേഷ്ടം വെള്ളം ലഭ്യമാക്കും എന്നായിരുന്നു ഡാം നിർമിക്കുമ്പോൾ കർഷകർക്കു നൽകിയ വാഗ്ദാനം. എന്നാൽ നാളിതുവരെ ഡാമിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും കർഷകർക്ക് നൽകാനായില്ല.
പ്രവൃത്തി ആരംഭിച്ചതു മുതൽ ഇതുവരെ കോടിക്കണക്കിനു രൂപ ചെലവഴിച്ചു.
നിർമാണം പൂർത്തിയാക്കാൻ ഇനിയും കോടികൾ ആവശ്യവുമാണ്. നിർമാണ പ്രവർത്തനങ്ങൾക്കെതിരെ വ്യാപക പരാതിയും പതിവാണ്.
കനാൽ നിർമാണം പൂർത്തിയാക്കി കൃഷിയിടങ്ങളിലേക്കു വെള്ളം നൽകാനുള്ള നടപടികൾ ഇനിയും വൈകരുതെന്നാണു കർഷകർ പറയുന്നത്.
ആദ്യ ഘട്ടം ഈ വർഷം മേയിൽ
ബാണാസുര സാഗർ ജലസേചന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി ഈ വർഷം മേയിൽ പ്രധാന കനാൽ വഴി വെള്ളം നൽകുമെന്ന് അധികൃതർ പറഞ്ഞു. ബാണാസുര ഡാമിൽ നിന്ന് 2.730 കിലോമീറ്റർ ദൂരം വരുന്ന പ്രധാന കനാൽ വഴി വെള്ളം എത്തിച്ചു കൃഷിയിടത്തിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്യുക.
പ്രധാന കനാലിന്റെ നിർമാണവും അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നുണ്ട്. ഇത് പൂർത്തിയാക്കാനുള്ള ഫണ്ടും ലഭ്യമായിട്ടുണ്ട്.
എന്നാൽ കനാലിന്റെ പൂർത്തീകരണത്തിന് ഫണ്ടിന്റെ കുറവുണ്ട്. നബാർഡ് ഫണ്ടിന് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭ്യമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

