തൊടുപുഴ ∙ വഴിത്തലയിൽ വീട് കുത്തിത്തുറന്ന് 27 പവൻ സ്വർണവും 24,000 രൂപയും അപഹരിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വഴിത്തല ടൗണിലുള്ള വീട്ടിക്കൽ (രോഹിണി) രാമചന്ദ്രന്റെ വീട്ടിൽ നിന്ന് ഞായറാഴ്ച രാവിലെ 9.30നും രാത്രി 10നും ഇടയ്ക്കുള്ള സമയത്താണ് ഇത്ര വലിയ മോഷണം നടന്നത്.
വീട്ടുകാർ എറണാകുളം ജില്ലയിലുള്ള അമ്യൂസ്മെന്റ് പാർക്കിൽ പോയി തിരികെ രാത്രി പത്തോടെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഈ വീടിന്റെ മൂന്നു വശത്തും വീടുകൾ ഉണ്ട്.
റോഡിന് എതിർഭാഗത്ത് രണ്ട് ബാങ്കുകളും പെട്രോൾ പമ്പും പ്രവർത്തിക്കുന്നുണ്ട്.
വീടിന്റെ രണ്ടാം നിലയിലെ പിൻഭാഗത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. അലമാര വച്ചിരുന്ന മുറിയും അലമാരയും പൂട്ടിയിരുന്നു.
ഇതെല്ലാം തകർത്താണ് മോഷ്ടാക്കൾ ലക്ഷങ്ങളുടെ സ്വർണവും പണവും അപഹരിച്ചത്. ടൗണിലുള്ള വീടിനു സമീപം വളരെ ആളുകളും മറ്റും ഉണ്ടെങ്കിലും റോഡിനോടു ചേർന്നുള്ള വീട്ടിൽ നടന്ന മോഷണ വിവരം ആരും അറിഞ്ഞില്ല.
ഇതാണ് പൊലീസിനെയും നാട്ടുകാരെയും ആശങ്കപ്പെടുത്തുന്നത്. വീട്ടുകാർ രാവിലെ വീടുപൂട്ടി പോകുന്നത് കണ്ട് ആരെങ്കിലും മോഷണം നടത്തിയതാകാമെന്നാണ് സൂചന.
അതേസമയം തങ്ങൾ വീട് അടച്ചു പോകുന്ന വിവരം ആരോടും പറഞ്ഞിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു.
ഇന്നലെയും പൊലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ഊർജിതമാക്കി. സമീപത്തുള്ള സിസിടിവി ഫുട്ടേജുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇത് പരിശോധിച്ച് പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

