തിരുവമ്പാടി ∙ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ചെറുകിട ജലവൈദ്യുത പദ്ധതി നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ നാശനഷ്ടം നേരിട്ട
വീടുകൾക്കു നഷ്ടപരിഹാരം അനുവദിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നു 10ന് പവർഹൗസിനു മുൻപിൽ ജനകീയ സമിതി സൂചനാസമരം നടത്തും. കൂടരഞ്ഞി പഞ്ചായത്തിലെ പൊയിലിങ്ങാപുഴയിൽ 3 മെഗാവാട്ട് ഉൽപാദനം ലക്ഷ്യമിട്ടാണ് 2023ൽ പൂവാറൻതോട് ചെറുകിട
ജലവൈദ്യുത പദ്ധതി നിർമാണം ആരംഭിച്ചത്.
ഡാം നിർമിക്കാനും മറ്റ് ജോലികൾക്കുമായി പുഴയിൽ വൻതോതിൽ സ്ഫോടനം നടത്തിയതോടെ സമീപത്തെ വീടുകൾക്ക് പ്രകമ്പനം ഉണ്ടാകുകയും പല വീടുകളും വിണ്ടുകീറുകയും ചെയ്തു. ചില വീടുകളുടെ സ്ലാബ് തകർന്നു.
പദ്ധതിക്കു സമീപം 150– 250 മീറ്റർ ചുറ്റളവിലുള്ള 26 വീടുകൾക്കാണു നാശനഷ്ടം നേരിട്ടത്. പ്രദേശത്തുള്ള മറ്റ് വീടുകൾക്കും നിർമാണങ്ങൾക്കും പദ്ധതികൊണ്ട് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നായിരുന്നു അധികൃതരുടെ ഉറപ്പ്.
നാട്ടുകാർ കെഎസ്ഇബി അധികൃതർക്കും കരാർ കമ്പനിക്കും പരാതി നൽകിയതോടെ ഒട്ടേറെത്തവണ അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും പരിഹാര നടപടിയുണ്ടായില്ല. 2025 മാർച്ചിൽ വീണ്ടും പരാതി നൽകി.
തുടർന്നു കെഎസ്ഇബി, കരാർ കമ്പനി അധികൃതർ നാശനഷ്ടം നേരിട്ട കുറെ വീടുകൾ സന്ദർശിച്ചു.
ചെറുതും വലുതുമായ വിള്ളലുകളും പൊട്ടലുകളും ശ്രദ്ധയിൽപെട്ടതായി പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. സ്ഫോടനം കൊണ്ട് വീടുകൾക്ക് നാശനഷ്ടം നേരിടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നു റിപ്പോർട്ടിലുണ്ട്.
തകരാർ നേരിട്ട വീടുകൾ അറ്റകുറ്റപ്പണി ചെയ്യണമെന്നു കരാറുകാരോട് നിർദേശിക്കുകയും ചെയ്തു.
കാലതാമസം കൂടാതെ പരാതി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കരാർ കമ്പനി ഉറപ്പും നൽകി.
പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തുകയും ചെയ്തു. 2025 മാർച്ച് 17ന് ഈ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.
പദ്ധതിയുടെ കാലാവധി അവസാനിക്കാൻ ഏതാനും മാസങ്ങൾ കൂടിയേയുള്ളൂ. പഞ്ചായത്ത് അംഗം റോയ് ആക്കേൽ, പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, ലിന്റോ ജോസഫ് എംഎൽഎ എന്നിവർ പ്രശ്നത്തിൽ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല.
ഇന്ന് 10ന് സമരം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നാശനഷ്ടം നേരിട്ട
വീടുകൾ, കെട്ടിടങ്ങൾ
ജിനേഷ് ഇളപ്പുങ്കൽ, മാർട്ടിൻ വടക്കേൽ, സജി ഇരുൾക്കുന്നുമ്മൽ, ഷാജി കന്നിപ്പള്ളിൽ, എൽസി ക്യാക്കിയാനിയിൽ, സാജിത, പൊന്നമ്മ കുന്നേൽ, ശ്രീജിത്, ഡെന്നീസ്, അഖിൽ, സന്തോഷ്, ഓമന വടക്കാംഞ്ചേരി, തങ്കമണി, ജോസ് പുലക്കുടിയിൽ, ബഷീർ കോട്ടോല, മുസ്തഫ കോട്ടോല, ബഷീർ ചെമ്മണ്ണാൻ, സോമൻ പാതയിൽ, രാജമ്മ കുന്നത്ത്, ഷാജു പുലക്കുടിയിൽ, അബ്ദുൽ ഗഫൂർ, സുന്ദരൻ കൂളിപ്പാറ എന്നിവരുടെ വീടുകൾക്കും ക്രിസ്തുദാസി കോൺവന്റ്,
ഗവ.എൽപി സ്കൂൾ കെട്ടിടങ്ങൾക്കുമാണു നാശനഷ്ടം സംഭവിച്ചത്.
5.88 മില്യൻ യൂണിറ്റ് വൈദ്യുതിയുടെ വാർഷികോൽപാദനംലക്ഷ്യം. 21.59 കോടി രൂപയാണു സിവിൽ ജോലികളുടെ നിർമാണ ചെലവ്.
പദ്ധതിയുടെ പവർഹൗസ്, പെൻസ്റ്റോക്ക് പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഡാമിന്റെ പ്രവൃത്തി പൂർത്തിയായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

