പാലക്കാട് ∙ ചികിത്സപ്പിഴവു മൂലം വലതുകൈ നഷ്ടപ്പെട്ട 9 വയസ്സുകാരി വിനോദിനിക്കു കൃത്രിമക്കൈ നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പണമടച്ചതിനു പിന്നാലെ, കുട്ടിക്കു പരിരക്ഷ ഉറപ്പാക്കുമെന്നും കൃത്രിമക്കയ്യിനു സഹായം ചെയ്യുമെന്നും ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
കൃത്രിമക്കയ്യില്ലാതെ സ്കൂളിൽ പോകാനാവില്ലെന്ന വിനോദിനിയുടെ സങ്കടം പുതുവത്സര ദിനത്തിൽ മലയാള മനോരമ അവതരിപ്പിച്ചിരുന്നു. പിറ്റേന്നു കുടുംബത്തെ വിളിച്ച സതീശൻ മുഴുവൻ ചെലവും വഹിക്കാമെന്ന് അറിയിച്ചു.
ശനിയാഴ്ച കൊച്ചിയിൽ അമൃത മെഡിക്കൽ കോളജ് ആശുപത്രിയിൽ കൈ വയ്ക്കുന്നതിന് അളവെടുപ്പും നടത്തി.
രണ്ടാഴ്ചയ്ക്കുള്ളിൽ കൃത്രിമക്കൈ തയാറാകും. വിദേശത്തു നിന്ന് എത്തിക്കാനുള്ള കൃത്രിമക്കയ്യിന്റെ മുഴുവൻ തുകയും കൈമാറിയതായി ഇന്നലെ പ്രതിപക്ഷ നേതാവിന്റെ ഓഫിസ് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു.
ഇതിനിടെയാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവിറങ്ങുന്നത്. മിഷൻ വാത്സല്യ മാർഗരേഖ പ്രകാരം സ്പോൺസർഷിപ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി നൽകുകയാണെന്നും കൃത്രിമക്കയ്യിനു ബാലനിധിയിൽ നിന്നു ഫണ്ട് ലഭ്യമാക്കുമെന്നും ഉത്തരവിൽ പറയുന്നു.
പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്ത കൃത്രിമക്കയ്യിനുള്ള നടപടികൾ പൂർത്തിയാക്കിയതിനാൽ സർക്കാർ ധനസഹായം അക്കൗണ്ടിൽ നൽകിയാൽ മതിയെന്നും ഭാവിയിൽ കൈ മാറ്റിവയ്ക്കാൻ ഉപയോഗിക്കാമെന്നുമാണു കുടുംബത്തിന്റെ പ്രതികരണം. ചികിത്സ കഴിഞ്ഞെത്തിയിട്ട് ഒരു മാസമാകാറായിട്ടും സർക്കാരിൽ നിന്ന് അറിയിപ്പു ലഭിച്ചിരുന്നില്ലെന്ന് കുട്ടിയുടെ അച്ഛൻ വിനോദ് പറഞ്ഞു.
വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഡമ്മി കൈ നൽകാമെന്നാണു കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് അറിയിച്ചത്.
ആധുനിക രീതിയിലുള്ള കൈ നൽകാൻ പദ്ധതിയില്ലെന്നാണു പറഞ്ഞത്. അടിയന്തര ധനസഹായമായ 2 ലക്ഷം രൂപയല്ലാതെ മറ്റു സഹായങ്ങളൊന്നും സർക്കാർ നൽകിയിരുന്നില്ല. വീട്ടിൽ കളിക്കുന്നതിനിടെ വീണു പരുക്കേറ്റ വിനോദിനിയുടെ ചികിത്സയിൽ പിഴവു സംഭവിച്ചതിനെത്തുടർന്നാണു വലതുകൈ മുറിച്ചുമാറ്റിയത്.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയിലെ 2 ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു.
വിനോദിനിക്ക് വീട് വാഗ്ദാനം
കോഴിക്കോട് ∙ വിനോദിനിയുടെ കുടുംബത്തിനു വീട് നിർമിച്ചു നൽകുമെന്നു മലപ്പുറം ആസ്ഥാനമായ ഷെൽറ്റർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. വീടു നിർമാണത്തിന്റെ മുഴുവൻ ചെലവും ട്രസ്റ്റ് വഹിക്കും.
കുടുംബത്തിനു സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ അതു ലഭ്യമാകുന്ന മുറയ്ക്കു പണി ആരംഭിക്കുമെന്നു ചെയർമാൻ ഡോ. പി.എൻ.ഷബീലും സെക്രട്ടറി അബ്ദുറഹ്മാൻ മാനോളിയും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

