വെഞ്ഞാറമൂട് ∙ അമ്പലംമുക്ക്–നെല്ലനാട്–പിരപ്പൻകോട് ഔട്ടർ റിങ് റോഡിൽ എല്ലാ ദിവസവും വാഹന അപകടം.റോഡ് വശത്ത് താമസിക്കുന്നവർ കഴിയുന്നത് അപകട ഭീതിയോടെ.
ഇന്നലെ നടന്ന വാഹന അപകടത്തിൽ 50 പേരടങ്ങുന്ന വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ബസ് റോഡ് വശത്തെ വലിയ താഴ്ചയിലേക്ക് മറിയാതെ തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു. ഇന്നലെ മാത്രം 4 വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
ഒരു വീടിന്റെ മതിലും ഗേറ്റും കാർ ഷെഡും പൂർണമായും തകർന്നു. 3 പേർക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ 10.30ന് വട്ടയം ഇറക്കത്താണ് ആദ്യ അപകടം.
പിരപ്പൻകോട് ഭാഗത്ത് നിന്നും കോൺക്രീറ്റ് മിക്സ്ചറുമായി വന്ന വലിയ വാഹനത്തിൽ കെഎസ്ആർടിസി ബസിനെ മറികടന്ന് എത്തിയ ഒരു കാർ ഇടിക്കുകയായിരുന്നു.അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട കോൺക്രീറ്റ് മിക്സ്ചർ വാഹനം വശത്തെ മൺ തിട്ടയിലേക്കു ഇടിച്ചു കയറി.വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ഈ കാറിലെ 3 യാത്രക്കാരാണ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടത്.അപകടത്തിലായ കോൺക്രീറ്റ് മിക്സ്ചർ വാഹനം നന്നാക്കാൻ എത്തിയ കരാർ കമ്പനിയുടെ ജീവനക്കാർ വന്ന പിക്കപ്പിന്റെ പിൻഭാഗത്ത് പനവൂരിൽ നിന്നും വിവാഹ സംഘവുമായി എത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചാണ് അടുത്ത അപകടം.
ഈ അപകടത്തിൽ പിക്കപ്പിനു കേട് പറ്റി. ബസിന്റെ മുൻ വശം പൂർണമായും തകർന്നു.
നിയന്ത്രണംവിട്ട ബസ് റോഡിന്റെ വലതു വശത്തെ കൈതറ വീട്ടിൽ പുരുഷോത്തമൻനായരുടെ വീടിന്റെ മതിൽ ഇടിച്ചു തകർത്തു.20 മീറ്റർ നീളമുള്ള മതിൽ ഇടിഞ്ഞു വീണ് 10 അടിയിലേറെ താഴ്ചയുള്ള വീട്ടിലെ കാർഷെഡ് പൂർണമായും തകർന്നു.
വീടിന്റെ ജനാലക്കും കേടു സംഭവിച്ചു. ബസ് വലിയ കുഴിയിലേക്ക് പതിക്കാതെ വീണ്ടും ഇടതുവശത്തേക്ക് ഓടിയതിനാൽ വൻദുരന്തം ഒഴിവായി.
അപകടത്തിനു ശേഷം ബസ് 100 മീറ്റർ കൂടി ഓടിയതിനു ശേഷമാണ് നിന്നത്.സംഭവ സമയം എതിർ ദിശയിൽ വാഹനങ്ങൾ ഇല്ലാത്തതും വലിയ അപകടം ഒഴിവാക്കി.
മേൽപാലം നിർമാണം നടക്കുന്നതിനാൽ റിങ് റോഡിൽ വാഹനത്തിരക്ക് കൂടുതലാണ്.അതേ സമയം വാഹനങ്ങളുടെ സ്പീഡ് നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഇല്ല. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും വട്ടയം ഇറക്കം പോലുള്ള കുത്തിറക്കത്താണ് അപകടത്തിൽ പെടുന്നത്.
റോഡു വശത്തുള്ള വീട്ടുകാർ ഭീതിയോടെയാണ് രാത്രിയും പകലും കഴിയുന്നതെന്നും പകൽ സമയങ്ങളിലും വിദ്യാർഥികൾക്കും പ്രായമായവർക്കും കാൽനടയായി പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അധികൃതർ ഇടപെട്ട് അപകട സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

