തൃശൂർ ∙ റെയിൽവേ സ്റ്റേഷനിലെ ഇരുചക്ര വാഹന പാർക്കിങ് കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറി ശ്രമങ്ങളില്ലെന്നു പ്രാഥമിക വിവരം. ഫൊറൻസിക് സംഘത്തിന്റെ പ്രാഥമിക പരിശോധനയിൽ അട്ടിമറി സൂചിപ്പിക്കുന്ന സ്ഫോടക, രാസ പദാർഥങ്ങളുടെ സാന്നിധ്യമില്ല.
നിലംപൊത്തിയ ഇരുമ്പ് ഷീറ്റും പൈപ്പുകളും പൂർണമായും മാറ്റുന്ന ജോലികൾ പൂർത്തിയായെങ്കിലും വിശദമായ പരിശോധന നടക്കുന്നതേയുള്ളൂ. ഫൊറൻസിക് വിദഗ്ധരുടെയും അഗ്നിരക്ഷാ സേനയുടെയും അടക്കം റിപ്പോർട്ടുകൾ ലഭിച്ച ശേഷമാകും പ്രത്യേക അന്വേഷണ സംഘം അന്തിമ നിഗമനത്തിലെത്തുക.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ റെയിൽവേയെ അന്വേഷണത്തിന്റെ ഭാഗമാക്കും. സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖിന്റെ മേൽനോട്ടത്തിൽ ഫൊറൻസിക് വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
ഇതോടൊപ്പം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പർക്കിങ് കേന്ദ്രത്തിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. എന്നാൽ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന സിസിടിവി ഡിവിആർ (ഡ്രൈവ്) കത്തിനശിച്ചിരുന്നു. ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
ഇവ ലഭിച്ചാൽ കാരണം കണ്ടെത്തൽ എളുപ്പമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എങ്ങനെയാണ് ആദ്യം തീപിടിത്തമുണ്ടായതെന്നതു സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. അപകടത്തിന്റെ സാങ്കേതിക കാര്യങ്ങളറിയാൻ അഗ്നിരക്ഷാ സേനയുടെ ഫയർ സേഫ്റ്റി ഓഡിറ്റും ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ പരിശോധനയും നടത്തും.
ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി
തീപിടിത്തത്തിൽ നിലംപൊത്തിയ പാർക്കിങ് കേന്ദ്രത്തിന്റെ ഇരുമ്പ് ഷീറ്റിന്റെ മേൽക്കൂരയും കമ്പികളും ഇന്നലെ ഉച്ചയോടെ നീക്കി.
വാഹനങ്ങൾ കത്തിനശിച്ച യാത്രക്കാരെ സഹായിക്കുന്നതിനായി പാർക്കിങ് ഏരിയയ്ക്കു സമീപം ഹെൽപ് ഡെസ്ക്കും തുറന്നു. ആർപിഎഫ് ഉദ്യോഗസ്ഥനാണിവിടെ സഹായത്തിനുള്ളത്. ആർസി റജിസ്ട്രേഷൻ, ആധാർ, പാർക്കിങ് ടോക്കൺ ടിക്കറ്റ് എന്നിവയുടെ പകർപ്പുമായി വാഹന ഉടമകൾ പൊലീസിനെ സമീപിക്കാനാണ് നിർദേശം.
റെയിൽവേ പാർക്കിങ് സ്ഥലങ്ങൾ ആർപിഎഫ് പരിശോധിക്കും
ഡൽഹി ∙ തൃശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ്ങിൽ തീപിടുത്തമുണ്ടായ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ പരിശോധനകളുമായി റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്).
വാഹന പാർക്കിങ് സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാൻ നിർദേശം നൽകി. പാർക്കിങ് നടത്തിപ്പ് കരാർ എടുത്തവരോട് ഇൻഷുറൻസ് എടുക്കണമെന്ന നിർദേശം കമേഴ്സ്യൽ വിഭാഗം വാക്കാൽ നൽകി. അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
മൂന്ന് മുതൽ അഞ്ചു വർഷത്തേക്കാണ് വാഹന പാർക്കിങ് കരാർ നൽകേണ്ടതെന്ന് 2022 ജൂലൈ 17ൽ റെയിൽവേ ബോർഡ് എല്ലാ സോണുകളുടെയും ജനറൽ മാനേജർമാർക്ക് അയച്ച മാർഗനിർദേശങ്ങളിൽ പറയുന്നുണ്ട്.
എന്നാൽ മിക്ക സ്റ്റേഷനുകളിലും ചുരുങ്ങിയ കാലാവധിക്കാണ് കരാർ നൽകിയിരിക്കുന്നത്. പലയിടത്തും കരാർ കാലാവധി അവസാനിക്കുമ്പോൾ ടെൻഡർ വിളിക്കാതെ തന്നെ 15 ദിവസം, 30 ദിവസം, 60 ദിവസം എന്നിങ്ങനെ നീട്ടിക്കൊടുക്കുന്നതും പതിവാണ്.
തീപിടുത്തം, മോഷണം ഉൾപ്പെടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും കരാറുകാരനാണ് ഉത്തരവാദിത്തം എന്ന വ്യവസ്ഥയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചുരുങ്ങിയ കാലത്തേക്ക് കരാർ നൽകുന്നത് പതിവായതോടെ ഇൻഷുറൻസ്, സിസിടിവി ക്യാമറകൾ, അഗ്നിശമന ഉപകരണങ്ങൾ, വൈദ്യുതി വിളക്കുകൾ, മേൽക്കൂര എന്നിവ സ്ഥാപിക്കാൻ കരാറുകാർ താൽപര്യം കാണിക്കുന്നില്ല.
അഗ്നിരക്ഷാസേനയുടെ സഹായത്തോടെ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഫയർ ഓഡിറ്റ് നടത്തുമെന്നു കേരള റെയിൽവേ പൊലീസ്.
തീയണയ്ക്കാനുള്ള സംവിധാനം പാർക്കിങ് സ്ഥലങ്ങളിലോ സ്റ്റേഷനുകളിലോ ഇല്ലെന്നു സുരക്ഷാ ഓഡിറ്റിൽ കണ്ടെത്തിയ സാഹചര്യത്തിലാണിത്. തീയണയ്ക്കുന്നതിൽ ജീവനക്കാർക്കു പരിശീലനം നൽകുമെന്നു റെയിൽവേ എസ്പി കെ.എസ്.ഷഹൻഷാ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജംക്ഷൻ, എറണാകുളം ടൗൺ, ആലുവ, കണ്ണൂർ, തൃശൂർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ഉൾപ്പെടെ പോരായ്മകൾ ഉണ്ടെന്നാണു സുരക്ഷാ ഓഡിറ്റിൽ കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളും അല്ലാത്തവയും ഒരുമിച്ചു സൂക്ഷിക്കുന്നത് അപകടകരമാണ്. പാർക്കിങ് ഏരിയയിൽ മാലിന്യം കൂട്ടിയിടുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പാർക്കിങ് സ്ഥലങ്ങളിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

