ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉടൻ യാഥാർഥ്യമാകാനുള്ള സാധ്യത പൊളിച്ച് ട്രംപിന്റെ ഭീഷണി. വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് മഡുറോയെയും ഭാര്യയും അമേരിക്കയിലേക്ക് ‘കടത്തിയതിന്’ പിന്നാലെയാണ് ട്രംപ് ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങൾക്കുമേൽ വിവിധതരം ഭീഷണികൾ മുഴക്കിയത്.
ഇന്ത്യ ഇനിയും റഷ്യൻ എണ്ണ വാങ്ങിയാൽ അമേരിക്കയിലെത്തുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്നായിരുന്നു പുതിയ മുന്നറിയിപ്പ്. അമേരിക്കൻ കാർഷിക, ക്ഷീര ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ വിപണി തുറന്നുകിട്ടണമെന്ന ട്രംപിന്റെ പിടിവാശിക്ക് ഇന്ത്യ വഴങ്ങാത്തതാണ് നിലവിൽ വ്യാപാരക്കരാർ വരുന്നത് നീളാനുള്ളൊരു കാരണം.
ഞാൻ ഹാപ്പി അല്ലെന്ന് മോദിക്ക് അറിയാം.
എന്നെ ഹാപ്പിയാക്കേണ്ടത് അനിവാര്യമാണെന്നും മോദിക്ക് അറിയാം
ഡോണൾഡ് ട്രംപ്
ലക്ഷ്യം തെറ്റിയ ചർച്ച
നിലവിൽതന്നെ, യുഎസ് അടിച്ചേൽപ്പിച്ച 50% തീരുവ ഇന്ത്യയെ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്. ഇതു കുറയ്ക്കാനും കൂടിയാണ് യുഎസുമായി വ്യാപാരച്ചർച്ച.
കഴിഞ്ഞ സെപ്റ്റംബർ-നവംബറോടെ പ്രാബല്യത്തിൽ വരേണ്ട കരാരാണ് ഇനിയും തീരുമാനമെത്താതെ നിൽക്കുന്നത്.
ഇതിനിടെ, ട്രംപ് പുതിയ ഭീഷണിയുമായി വന്നത് തുടർ ചർച്ചകളുടെ സാധ്യത തുലാസിലാക്കി.
500% തീരുവ
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചെന്നും തീരുവഭാരം കുറയ്ക്കാൻ ട്രംപിനോട് പറയണമെന്നും യുഎസിലെ ഇന്ത്യൻ അംബാസഡർ അഭ്യർഥിച്ചതായി ട്രംപ് അനുകൂലിയായ യുഎസ് സെനറ്റർ ലിൻഡ്സേ ഗ്രഹാം വെളിപ്പെടുത്തിയിരുന്നു. ഇതേ ഗ്രഹാം, റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കെതിരെ 500% പിഴത്തീരുവ ചുമത്താനുള്ള ബില്ലും തയാറാക്കിവച്ചിട്ടുണ്ട്.
നിലവിലെ 50% തീരുവതന്നെ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള വസ്ത്രം, ലെതർ, സമുദ്രോൽപന്നം, ജെം ആൻഡ് ജ്വല്ലറി തുടങ്ങിയ സുപ്രധാന കയറ്റുമതികളെയെല്ലാം സാരമായി ബാധിച്ചിട്ടുണ്ട്.
തീരുവ 10-15 ശതമാനത്തിലേക്ക് കുറയ്ക്കാനും ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ, ബംഗ്ലദേശ് എന്നിവയേക്കാൾ കയറ്റുമതിയിൽ മുൻതൂക്കം നേടാനുമാണ് യുഎസുമായി വ്യാപാരക്കരാർ യഥാർഥ്യമാക്കുന്നതിലൂടെ ഇന്ത്യ ഉന്നമിടുന്ന നേട്ടം.
വെനസ്വേല: ലോകമാകെ ആശങ്ക
യുഎസ് വെനസ്വേലയിൽ നടത്തിയ ‘ഓപ്പറേഷൻ’ ലോകമാകെ ആശങ്ക വിതയ്ക്കുകയാണ്. അവ ഇങ്ങനെ:
∙ ഗ്രീൻലൻഡ്
ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ദ്വീപായ ഗ്രീൻലൻഡിനെ അമേരിക്കയ്ക്ക് വിട്ടുനൽകണമെന്ന ആവശ്യം ട്രംപ് വീണ്ടും ഉന്നയിച്ചു.
റഷ്യൻ, ചൈനീസ് പടക്കപ്പലുകൾ ഗ്രീൻലൻഡിനു ചുറ്റും കറങ്ങുന്നത് യുഎസിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്ന കാരണം
∙ ഇറാൻ
വിലക്കയറ്റത്തിനെതിരെ തുടങ്ങിയ ജെൻ സീ പ്രക്ഷോഭം ഇറാനിൽ രാഷ്ട്രീയ മാറ്റം എന്ന ആവശ്യത്തിന് വഴിമാറി. പരമോന്നത നേതാവ് ഖമനയി ഇറാനിൽനിന്ന് റഷ്യയിലേക്ക് കടന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
പ്രതിഷേധക്കാരെ വെടിവച്ചുകൊല്ലാനാണ് ശ്രമമെങ്കിൽ അമേരിക്ക ഇടപെടുമെന്നും പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പ് ഇന്ത്യക്കാർക്ക് കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.
∙ ചൈന-തായ്വാൻ
യുഎസ് വെനസ്വേലയിൽ ആക്രമണം നടത്തിയ അവസരം മുതലെടുത്ത് ചൈന തായ്വാനുമേൽ സൈനികനീക്കം നടത്തിയേക്കുമെന്് ആശങ്ക.
യുഎസ് വിപണിയിൽ റെക്കോർഡ് തരംഗം
യുഎസ് വെനസ്വേലയിൽ നടത്തിയ ആക്രമണം ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് നീങ്ങില്ലെന്ന വിലയിരുത്തലിലാണ് യുഎസ് ഓഹരി വിപണികൾ.
മാത്രമല്ല, വെനസ്വേലയിൽ യുഎസിന് തൽക്കാലം ‘അധികാരം’ കിട്ടിയതും ഓഹരികൾ സുവർണാവസരമാക്കി.
∙ യുഎസ് എണ്ണക്കമ്പനികളുടെ ഓഹരികൾ 10 ശതമാനത്തിലധികം ഉയർന്നു. ∙ വെനസ്വേലൻ എണ്ണമേഖലയുടെ നിയന്ത്രണം ഇനി യുഎസിന്റെ കൈകളിൽ.
∙ പ്രതിരോധ ഓഹരികൾ ആഗോളതലത്തിൽതന്നെ നേട്ടത്തിൽ.
∙ ഡൗ ജോൺസ് 600 പോയിന്റിനടുത്ത് മുന്നേറി (+1.23%) റെക്കോർഡ് ഉയരമായ 48,977.18ൽ എത്തി. എസ് ആൻഡ് പി500 സൂചിക 0.64%, നാസ്ഡാക് 0.69% എന്നിങ്ങനെയും ഉയർന്നു.
ബിറ്റ്കോയിൻ വില 94,000 ഡോളർ ഭേദിച്ചു. യുഎസ് ഫ്യൂച്ചേഴ്സ് വിപണിയും യൂറോപ്യൻ സൂചികകളുമെല്ലാം പോസിറ്റീവ്.
സ്വർണവില മുന്നേറുന്നു
നിലവിലെ ഭൗമരാഷ്ട്രീയ ആശങ്കകൾ സ്വർണത്തിന് നേട്ടമാവുകയാണ്.
പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം എന്ന പെരുമയുള്ള സ്വർണത്തിന്റെ വില രാജ്യാന്തര വിപണിയിൽ ഇന്നു രാവിലെയുള്ളത് ഔൺസിന് 121 ഡോളർ മുന്നേറി 4,453 ഡോളറിൽ. ഇതേ ട്രെൻഡ് തുടർന്നാൽ കേരളത്തിൽ ഇന്നും വില കുതിച്ചുകയറും.
ഇന്നലെ പവന് 3 തവണയായി 1,760 രൂപ കൂടിയിരുന്നു. രാജ്യാന്തരവില താഴ്ന്നില്ലെങ്കിൽ ഇന്ന് 2,000 രൂപയിലേറെ കൂടിയേക്കാം.
വെള്ളിവിലയും കൂടും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

