എടത്വ ∙ കുട്ടനാട്ടിലെ ആദ്യത്തെ തൂക്കുപാലം ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിൽ. അറ്റകുറ്റപ്പണി നടത്തി പാലം സഞ്ചാരയോഗ്യമാക്കുന്നതിനു ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് എന്നിവയുടെ സംയുക്ത പ്രോജക്ട് പ്രകാരം 36.8 ലക്ഷം രൂപ അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയായിട്ടില്ല.
ചങ്ങങ്കരി തൂക്കുപാലം നിർമാണം കഴിഞ്ഞിട്ട് ഒന്നര പതിറ്റാണ്ടിലേറെ ആയി. ഇത്രയും കാലം ആയിട്ടും അറ്റകുറ്റപ്പണിയും, ഉദ്ഘാടനം പോലും നടത്തിയിട്ടില്ല.
തോമസ് ചാണ്ടി എംഎൽഎ ആയിരുന്നപ്പോഴാണു പാലം നിർമാണം.
വാഹനങ്ങൾ കടന്നുപോകുന്ന വിധത്തിലുള്ള പാലം വേണം എന്നായിരുന്നു ജനങ്ങളുടെ ആവശ്യം. എന്നാൽ ഇരുകരയിലും അപ്രോച്ച് നിർമിക്കാനുള്ള സൗകര്യം ഇല്ലായിരുന്നു. 100 മീറ്ററോളം വീതിയുള്ള പമ്പാനദിയിൽകൂടി യാത്രാ ബോട്ട് പോകുന്നതിനാൽ ഉയരത്തിൽ പണിയുകയും വേണമായിരുന്നു.
ഇതനുസരിച്ച് ഇരുകരകളിലും കുത്തനെ ഇരുമ്പ് തൂണുകളിൽ കോണിപ്പടികൾ നിർമിച്ച് 25 മീറ്ററോളം ഉയരത്തിൽ ഇരുമ്പ് ഗർഡർ ഉപയോഗിച്ച് പാലം നിർമിക്കുകയായിരുന്നു. ഒരു സൈക്കിൾ പോലും കയറ്റി ഇറക്കാൻ കഴിയില്ല.
എങ്കിലും എടത്വ പഞ്ചായത്ത് 3-13 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പച്ച മുതലുള്ള പ്രദേശത്ത് ജനങ്ങൾക്ക് എളുപ്പത്തിൽ ചങ്ങങ്കരി തായങ്കരി എന്നിവിടങ്ങളിൽ എത്താനുള്ള എളുപ്പ മാർഗവും പാടശേഖരങ്ങളിലേക്ക് തൊഴിലാളികൾക്കും കർഷകർക്കും എത്താനുള്ള മാർഗം കൂടിയായിരുന്നു. പാലത്തിൽ കയറുന്ന ഭാഗത്തും മുകളിൽ നിരത്തിയിരിക്കുന്ന ഇരുമ്പ് തകിടുകളും തുരുമ്പിച്ച് തകർന്നിട്ടുണ്ട്.
ഇതിൽ വീണ് യാത്രക്കാരുടെ കാലുകളിൽ മുറിവ് പറ്റുന്നതും സ്ഥിരമാണ്.ഒട്ടേറെ കൊച്ചുകുട്ടികളാണ് ഇതുവഴി കടന്നുപോകുന്നത്.
ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി മുൻ അധ്യക്ഷ ബിനു ഐസക് രാജുവിന്റെ ഇടപെടലിനെ തുടർന്ന് കെൽ അധികൃതർ 2021 ജൂലൈ ഒന്നിനു പാലം സന്ദർശിക്കുകയും എസ്റ്റിമേറ്റ് തയാറാക്കുന്നതിനും തീരുമാനിച്ചിരുന്നു. എന്നാൽ കലക്ടർ പൊതുമരാമത്തു വകുപ്പിനെ എസ്റ്റിമേറ്റ് തയാറാക്കാൻ ചുമതല പെടുത്തി. മാസങ്ങൾ കഴിഞ്ഞിട്ടും എസ്റ്റിമേറ്റ് തയാറാക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് വീണ്ടും കെൽ കമ്പനിയെ ചുമതല ഏൽപിച്ചു.
ഇവർ 36.8 ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നൽകി. ലക്ഷങ്ങൾ ചെലവഴിച്ച് പാലം നിർമിച്ചെങ്കിലും തെരുവുവിളക്ക് സ്ഥാപിച്ചില്ല.
ഇരുട്ടു നിറഞ്ഞ പാലത്തിലൂടെ കയറി ഇറങ്ങുക പ്രയാസം ആണ്. പാലം അറ്റകുറ്റപ്പണി നടത്തുന്നതിനൊപ്പം ലൈറ്റും കൂടി സ്ഥാപിക്കണം എന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

