കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞിട്ടും നഗരത്തിലെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണത്തിന് അനക്കമില്ല. പുതിയ സ്റ്റാൻഡിന്റെ ഡിസൈനും പ്ലാനും തയാറാക്കിയെങ്കിലും പദ്ധതിക്കുള്ള എസ്റ്റിമേറ്റ് തുക 27 കോടിയോളം രൂപയായി മാറി.
സർക്കാർ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 12 കോടിയിൽ നിന്ന് ഏറെ വ്യത്യാസം വന്നതോടെ എസ്റ്റിമേറ്റ് തുക കുറയ്ക്കാൻ നിർദേശമുണ്ട്. ഇതിനുള്ള യോഗങ്ങൾ പലപ്പോഴായി ചേരുന്നുണ്ട്. അടുത്ത ദിവസം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു ചേരുന്ന യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തേക്കും.
തുകയുടെ കാര്യത്തിൽ തീരുമാനമായ ശേഷം വേണം ഭരണാനുമതിക്കുള്ള നടപടികളിലേക്കു കടക്കേണ്ടത്. അതിനു ശേഷമേ ടെൻഡർ നടപടികൾ തുടങ്ങാനാകൂ.
പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചറൽ വിഭാഗമാണ് ഡിസൈനും പ്ലാനും ഒരുക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ബസ് ടെർമിനലിന്റെ നിർമാണം തുടങ്ങാത്തതിൽ വിമർശനം ഉയരുന്നുണ്ട്.
വിശാലമായ ബസ് ബേകളും യാത്രക്കാർക്കുള്ള വിവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിയുള്ള പുതിയ സ്റ്റാൻഡ് ഈ വർഷം പകുതിയോടെ പൂർത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. കഴിഞ്ഞ ഓഗസ്റ്റിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിലവിലെ സ്റ്റാൻഡും പുതിയ സ്റ്റാൻഡിനുള്ള സ്ഥലവും സന്ദർശിച്ചപ്പോൾ, 2 മാസത്തിനകം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്.
2 ഭാഗങ്ങളായി ഒരുക്കുന്ന സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് അലുമിനിയം ഫാബ്രിക്കേഷൻ മേൽക്കൂരയോടെയാണു നിർമാണം.
യാത്രക്കാർക്കും ജീവനക്കാർക്കുമായി 2 നിലകളിലാണ് കോൺക്രീറ്റ് കെട്ടിടം ഒരുക്കുക. എസി കാത്തിരിപ്പു കേന്ദ്രങ്ങൾ, ശുചിമുറികൾ, ഫീഡിങ് മുറി, എൻക്വയറി– റിസർവേഷൻ കൗണ്ടറുകൾ തുടങ്ങിയ സൗകര്യം താഴത്തെ നിലയിലും ജീവനക്കാർക്കുള്ള വിശ്രമ സൗകര്യം, ഓഫിസുകൾ എന്നിവ മുകൾ നിലയിലുമാകും. നിലവിലെ സ്റ്റാൻഡ് നവീകരണം പുരോഗമിക്കുന്നുണ്ട്.
സ്റ്റാൻഡ് കെട്ടിടത്തിന്റെ തറ ഒന്നരയടിയോളം ഉയർത്തി കോട്ട സ്റ്റോൺ വിരിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

