തിരുവനന്തപുരം ∙ കോർപറേഷൻ പരിധിയിൽ കോർപറേഷന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും റോഡുകൾ വിവിധ ആവശ്യങ്ങൾക്കു വെട്ടിപ്പൊളിച്ചാൽ 48 മണിക്കൂറിനുള്ളിൽ അതു പഴയപടിയാക്കാൻ കഴിയുന്ന സ്ഥിരം സംവിധാനം കൊണ്ടു വരുന്നതു പരിഗണനയിലുണ്ടെന്ന് മേയർ വി.വി.രാജേഷ്. ഇതിനായി പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. എല്ലാ വാർഡുകളിലും പൊതുവായ കളിസ്ഥലങ്ങൾ നിർമിക്കാൻ സ്ഥലം കണ്ടെത്തി നൽകിയാൽ കോർപറേഷൻ പണം മുടക്കി ഗ്രൗണ്ട് നിർമിക്കുമെന്നും മേയർ പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾ മേയറെ അറിയിക്കാൻ ‘മലയാള മനോരമ’ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയായ ‘പീപ്പിൾസ് കോളിൽ’ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മേയർക്കു മുന്നിലെത്തിയ പ്രധാന പ്രശ്നങ്ങളും മറുപടികളും Q മണ്ണന്തല ഐശ്വര്യ അവന്യു റോഡ് പൈപ്പിടാനായി കുഴിച്ചിട്ട് 2 വർഷമായി. ടാറിങ് നടത്തിയിട്ട് 4–5 വർഷമായി.
റോഡ് ആകെ മോശം അവസ്ഥയിലാണ്.
A കൗൺസിലർ മുഖേന കത്ത് നൽകിയാൽ ഉടൻ തന്നെ എസ്റ്റിമേറ്റ് എടുത്ത് റോഡ് പുനർനിർമിക്കാൻ നടപടിയെടുക്കാം.
Q കേശവദാസപുരം മോസ്ക് ലെയിൻ റോഡ് വീതികൂട്ടലുമായി ബന്ധപ്പെട്ട
മുൻ കൗൺസിൽ തീരുമാനം നടപ്പിലാക്കണം.
A കൗൺസിൽ അങ്ങനെ തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ പരിശോധിക്കാം.
ഭൂമി ഏറ്റെടുക്കാൻ കോർപറേഷനു കഴിയില്ല.
Q അമ്പലമുക്ക് – കവടിയാർ ഭാഗത്ത് (പേരൂർക്കട വില്ലേജ് ഓഫിസ് മുതൽ മണ്ണടി ലൈൻ വഴി പൈപ്പിന്മൂട് വരെ) മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും മലിനജല പ്രശ്നവും പരിഹരിക്കണം.
A ഈ വിഷയത്തിൽ കൗൺസിലറുടെ കത്ത് മേയറുടെ ഓഫിസിൽ എത്തിക്കണം. സൂപ്രണ്ടിങ് എൻജിനീയറോട് പരിശോധിച്ച് റിപ്പോർട്ട് വാങ്ങി നടപടിയെടുക്കാം.
Q വെള്ളയമ്പലം – കുടപ്പനക്കുന്ന് റോഡിൽ (വാഴോട്ട്കോണം/കോക്കനട്ട് വാലി ഭാഗത്ത്) മാലിന്യം തള്ളലും റോഡ് വൃത്തിയാക്കാത്ത സാഹചര്യവുമുണ്ട്.
ഇവിടെ വഴിവിളക്കുകളും ആവശ്യത്തിനില്ല.
A റോഡ് വൃത്തിയാക്കുന്ന കാര്യം ശ്രദ്ധിക്കാം.
വഴിവിളക്കുകളുടെ ചുമതലയുള്ള കരാർ കമ്പനിയെ ചർച്ചയ്ക്കു വിളിക്കുന്നുണ്ട്. സ്വകാര്യ ഏജൻസിയാണ് വഴിവിളക്കുകൾ പരിപാലിക്കുന്നത്.
കേന്ദ്രീകൃത പ്ലാന്റ് വരുന്നതോടെ മാലിന്യ പ്രശ്നത്തിനു പരിഹാരമാകും.
Q ചെറുവയ്ക്കൽ വാർഡിലെ ബാപ്പുജി നഗർ ദുർഗ ലൈനിൽ റോഡിനു ചിലർ ഭൂമി വിട്ടു നൽകാത്തതിനാൽ പൂർത്തിയാക്കാൻ കഴിയുന്നില്ല.
A സ്വകാര്യ ഭൂമി വിട്ടു നൽകണമെന്നു മേയർക്ക് ആവശ്യപ്പെടാൻ കഴിയില്ല. പ്രദേശവാസികൾ തമ്മിൽ സംസാരിച്ച് ഒത്തുതീർപ്പിലെത്തി ഭൂമി വിട്ടു നൽകാൻ തയാറായാൽ കോർപറേഷൻ റോഡ് നിർമിച്ചു നൽകാം.
Q കണ്ടിജന്റ് ജീവനക്കാരുടെ പട്ടികയിൽ പേരുണ്ടായിട്ടും ജോലി ലഭിച്ചിട്ടില്ല.
A ആദ്യ കൗൺസിൽ യോഗത്തിനു ശേഷമേ പുതിയ നിയമനങ്ങൾ സംബന്ധിച്ചു തീരുമാനമുണ്ടാകൂ. പുതിയ ഒഴിവു വന്നാൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമേ നിയമനം നടത്തൂ എന്ന് ഉറപ്പു നൽകാം.
Q പത്മനാഭസ്വാമി ക്ഷേത്രത്തിൽ വരുന്നവർക്കായി പുത്തരിക്കണ്ടം മൈതാനത്ത് പാർക്കിങ് അനുവദിക്കണം.
A സർക്കാർ, സ്വകാര്യ പരിപാടികൾ നടത്താൻ നഗരത്തിൽ മറ്റൊരിടമില്ലാത്തതിനാൽ അതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. എങ്കിലും ആശയം ചർച്ച ചെയ്യാം.
Q നഗരത്തിലെ റോഡ് കയ്യേറിയുള്ള കച്ചവടക്കാരിൽ നിന്ന് ചതുരശ്ര അടി കണക്കാക്കി ഫീസ് ഈടാക്കണം.
A ഫീസ് വാങ്ങിയാൽ കയ്യേറ്റം നിയമവിധേയമാക്കുന്നത് പോലെയാകും. കയ്യേറ്റം നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്.
Q നന്തൻകോട്, പവർ ഹൗസ് റോഡ്, പട്ടം, മണക്കാട് ഭാഗങ്ങളിൽ ഫുട്പാത്ത് കയ്യേറിയുള്ള കച്ചവടം കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
തട്ടുകടകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കണം.
A ഫുട്പാത്ത് കയ്യേറ്റം ഗൗരവമായി കാണുന്നു, പരിഹാരിക്കാൻ ശ്രമിക്കും.
ഭക്ഷണ ഗുണനിലവാരം പരിശോധിക്കാൻ നടപടിയെടുക്കും.
Q കുമാരപുരം സെന്റ് ജോർജ് ലൈനിലെ ഇടവഴികളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണം.
A വൈദ്യുതി പോസ്റ്റുകളുടെ നമ്പർ സഹിതം കൗൺസിലർ വഴി കത്ത് നൽകിയാൽ ഉടൻ നടപടിയെടുക്കാം.
Q കിള്ളിപ്പാലം – ആറ്റുകാൽ ബണ്ട് റോഡിലെ ശോചനീയാവസ്ഥയും കയ്യേറ്റവും.
ആറ്റിലേക്ക് മാലിന്യം തള്ളുന്നതും തടയണം.
A വിഷയം ശ്രദ്ധയിലുണ്ട്.
മാലിന്യ പ്രശ്നത്തിനും കയ്യേറ്റത്തിനും ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്.
Q പുത്തരിക്കണ്ടം പാർക്കിലെ സ്മാർട്ട് സിറ്റി ലൈറ്റുകൾ മഴയത്ത് നശിക്കുന്നു.
പെരുന്താന്നി സ്കൂളിന് പിറകിലെ ഓട തുറന്നുകിടക്കുന്നത് ദുർഗന്ധം ഉണ്ടാക്കുന്നു.
A ലൈറ്റുകൾ സ്മാർട്ട് സിറ്റിയുടേതാണ്, എംഡിയുമായി സംസാരിക്കും. ഓടയുടെയും പാർക്കിങ്ങിന്റെയും കാര്യത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.
Q ചെറിയ വീടുകൾ വയ്ക്കുന്നതിനുള്ള പെർമിറ്റ് ഫീസ് കുത്തനെ കൂട്ടി.
A ഇത് സംസ്ഥാന സർക്കാരിന്റെ നയമാണ്. എങ്കിലും യോഗങ്ങളിൽ ജനങ്ങളുടെ വികാരം അറിയിക്കാം.
Q മെഡിക്കൽ കോളജ് ഭാഗത്ത് വേസ്റ്റ് ബിന്നുകൾ ഇല്ല.
ഇടറോഡുകളിൽ ചെറിയ ബസുകൾ വേണം.
A മാലിന്യ സംസ്കരണത്തിന് സമഗ്ര പദ്ധതി വരുന്നുണ്ട്.
ചെറിയ ബസുകൾക്കായി ഗൗരവമായി ഇടപെടുന്നുണ്ട്.
Q വീട് നിർമിക്കാൻ കെ-സ്മാർട്ട് വഴി നൽകുന്ന അപേക്ഷയിൽ മാറ്റം വരുത്താൻ കഴിയുന്നില്ല.
A സൈറ്റിലെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
ഇന്നു കൂടി ശ്രമിച്ചു നോക്കൂ, നടന്നില്ലെങ്കിൽ ഓഫിസിലെ സെക്ഷനിൽ ബന്ധപ്പെടുക.
Q ഇടവക്കോട് വാർഡിൽ ആയുർവേദ ഡിസ്പെൻസറി അനുവദിക്കണം.
A ഇക്കാര്യത്തിൽ കോർപറേഷന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പരിശോധിക്കുകയും സംസ്ഥാന സർക്കാരിന്റെ സഹായം തേടുകയും ചെയ്യാം.
Q സർക്കാർ ഫണ്ട് ഉപയോഗിച്ച് ആരാധനാലയങ്ങൾക്കു കീഴിൽ നിർമിച്ച അമനിറ്റി സെന്ററുകൾ റസിഡൻസ് അസോസിയേഷനുകൾക്ക് പരിപാടി നടത്താൻ ഉയർന്ന വാടക ഈടാക്കുന്നു
A അത്തരം ഹാളുകൾ റസിഡൻസ് അസോസിയേഷനുകൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന കാര്യം പരിശോധിക്കും.
Q റോഡ് സൈഡിൽ തിരക്കേറിയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിൽ കുട്ടികളുടെ സുരക്ഷയ്ക്കായി സെക്യൂരിറ്റി പോസ്റ്റ് സ്ഥാപിക്കണം.
A പ്രശ്നമുള്ള പ്രദേശങ്ങളിലെ കൗൺസിലർമാരുമായി ആലോചിച്ച് സ്കൂളിന്റെ സുരക്ഷാ കാര്യങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കും.
Q കനകക്കുന്ന്, നിശാഗന്ധി, മ്യൂസിയം പ്രദേശങ്ങളിൽ പ്രദർശനങ്ങൾ നടക്കുമ്പോഴും അല്ലാത്തപ്പോഴും വഴിയിൽ തെരുവുവിളക്കുകൾ കത്തുന്നില്ല. അവിടെ മാലിന്യം തള്ളുന്നുണ്ട്.
A ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിയന്തരമായി ഇടപെട്ട് തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കും.
മാലിന്യം നീക്കം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

