തൃക്കരിപ്പൂർ ∙ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരെ തിരഞ്ഞെടുക്കാനിരിക്കെ, തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗിനകത്ത് രൂപപ്പെട്ട ഭിന്നതയിൽ നേതൃത്വത്തിനു അസംതൃപ്തിയും വിമർശനവും.
സ്ഥാനത്തർക്കവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫിസിനു യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ടത് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫും പ്രത്യേകിച്ചു മുസ്ലിം ലീഗും നേടിയ തകർപ്പൻ വിജയത്തിന്റെ ശോഭ കെടുത്തുന്നതായി. 4 സ്ഥിരസമിതി അധ്യക്ഷരിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിൽ അധിഷ്ഠിതമായ ധനകാര്യ സ്ഥിരസമിതി അധ്യക്ഷ പദവി ഒഴിവാക്കി ശേഷിക്കുന്ന 3 സ്ഥിരസമിതി അധ്യക്ഷരിൽ 2 എണ്ണം ലീഗിനും ഒരെണ്ണം കോൺഗ്രസിനുമാണ്.
ലീഗിനുള്ള സ്ഥിരസമിതി അധ്യക്ഷ പദവിയിൽ ഓരോന്നു വീതം വനിതയ്ക്കും പുരുഷനുമാണ്. പുരുഷ അംഗത്തിനുള്ള സ്ഥിരസമിതി അധ്യക്ഷ പദവി ആർക്കെന്നു തീരുമാനിച്ചതിലാണ് തർക്കവും പാർട്ടി ഓഫിസ് പൂട്ടിടലും മറ്റും അരങ്ങേറിയത്.
വെള്ളാപ്പ് 22 ാം വാർഡിൽനിന്നു വിജയിച്ച ടി.എസ്.നജീബിനെയാണ് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി പ്രഖ്യാപിച്ചത്.
കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു നജീബ്. തങ്കയം 10 ാം വാർഡിൽ നിന്നുള്ള അഷ്റീഫ ജാബിറാണ് ലീഗിന്റെ വികസന സ്ഥിരസമിതി ചെയർപഴ്സൻ സ്ഥാനാർഥി.
ടൗൺ 4 ാം വാർഡിൽനിന്നുള്ള ഫായിസ് ബീരിച്ചേരിയെ സ്ഥിരസമിതി അധ്യക്ഷനാക്കണമെന്നു ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നത്. കഴിഞ്ഞ ഭരണസമിതിയിലും അംഗമായിരുന്ന ഫായിസിനെ സ്ഥിരസമിതി അധ്യക്ഷനാക്കാമെന്നു നേരത്തെ ഉറപ്പു നൽകിയതായി പറയുന്നു.
പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫിസായ ബാഫഖി തങ്ങൾ സൗധത്തിൽ പ്രാദേശിക നേതാക്കൾ ഓഫിസിനകത്ത് ഉണ്ടായിരിക്കെയാണ് പൂട്ടിട്ടത്.
പിന്നീട് അവരെ തുറന്നുവിട്ട ശേഷം വീണ്ടും താഴിട്ടടച്ചു.
‘പൂട്ട് പൊളിക്കുന്നവന്റെ വീട്ടിൽകയറി പൊളിക്കും’ എന്നു മുന്നറിയിപ്പുള്ള പോസ്റ്റർ പതിച്ചാണ് പ്രവർത്തകർ പൂട്ടിട്ടത്. സ്ഥിരസമിതി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിൽ തർക്കമുയർന്നപ്പോൾ പ്രശ്നം പരിഹരിക്കാൻ ചർച്ച ചെയ്യാമെന്നു പറഞ്ഞെങ്കിലും നേതാക്കൾ വാക്ക് പാലിച്ചില്ലെന്ന പരാതിയും യൂത്ത് ലീഗ് പ്രവർത്തകർ ഉന്നയിച്ചു.തിരഞ്ഞെടുപ്പിൽ ആകെയുള്ള 23ൽ 20 സീറ്റും നേടി യുഡിഎഫ് വൻ വിജയം നേടിയ പഞ്ചായത്താണിത്.
ലീഗിനു പന്ത്രണ്ടും കോൺഗ്രസിന് എട്ടും അംഗങ്ങൾ.
തകർപ്പൻ ജയത്തിൽ ആവേശത്തിലായ പ്രവർത്തകരുടെ വീര്യം കെടുത്തുന്നതായി പ്രതിഷേധമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. സ്ഥാനാർഥി പ്രഖ്യാപനവേളയിൽ തൊട്ടടുത്ത പടന്ന പഞ്ചായത്തിൽ ലീഗ് ഓഫിസിൽ നേതാക്കളെ പുലർച്ചെവരെ യൂത്ത് ലീഗ് നേതാക്കൾ പൂട്ടിയിട്ട
സംഭവമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് തിരഞ്ഞെടുപ്പിനു ശേഷം തൃക്കരിപ്പൂരിൽ ഉണ്ടായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

