മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റിലേക്ക് കണ്ണുംനട്ട് ഇന്ത്യ. ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോർഡാണ്.
തുടർച്ചയായി 9 ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടം നിർമലയ്ക്ക് സ്വന്തമാകും.
ഏറ്റവുമധികം ബജറ്റുകൾ അവതരിപ്പിച്ചതിന്റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി കൂടിയായ മൊറാർജി ദേശായിയുടെ പേരിലാണ് (10). പി.
ചിദംബരമാണ് 9 എണ്ണവുമായി രണ്ടാമത്. എന്നാൽ, തുടർച്ചയായി ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചത് നിർമലയാണ്.
ലോകത്ത് ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച വനിതാ ധനമന്ത്രിയെന്ന റെക്കോർഡും നിർമലയ്ക്ക് സ്വന്തം.
അംഗോളയുടെ വേറ ഡേവ്സിനാണ് രണ്ടാംസ്ഥാനം (6).
യുറുഗ്വേ, കാനഡ, ഇറാഖ്, മഡഗാസ്കർ, ക്യൂബ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ധനമന്ത്രി പദം വഹിച്ച വനിതകൾ 2 മുതൽ 5 വരെ ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. അയൽക്കാരായ പാക്കിസ്ഥാനിൽ ധനമന്ത്രി പദം വഹിച്ചിട്ടുള്ള ഹിന റബ്ബാനി ഖർ അവതരിപ്പിച്ചത് ഒരു ബജറ്റ് മാത്രം.
വിദേശകാര്യ മന്ത്രിപദം കൂടി വഹിച്ചിട്ടുള്ള ഹിന, പാക്കിസ്ഥാനിൽ ബജറ്റ് അവതരിപ്പിച്ച ഏക വനിതാ ധനമന്ത്രിയുമാണ്.
നിർമലയുടെ ടൈം
ഇന്ത്യയിലെ ആദ്യ ‘പൂർണസമയ’ വനിതാ ധനമന്ത്രി എന്ന പട്ടം 2019ൽതന്നെ നിർമല നേടിയിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നേരത്തേ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും (1970-71) വഹിച്ചത് ധനമന്ത്രിയുടെ അധികച്ചുമതലയായിരുന്നു.
ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണവും നിർമലയുടെ പേരിലാണ്.
2020ലെ ബജറ്റ് നീണ്ടത് 162 മിനിറ്റ്. 2003ൽ ജസ്വന്ത് സിങ് കുറിച്ച 133 മിനിറ്റിന്റെ റെക്കോർഡാണ് പഴങ്കഥയായത്.
സാധാരണ 90 മുതൽ 120 മിനിറ്റ് വരെയാണ് ഇന്ത്യയിൽ ബജറ്റ് അവതരണം നീളാറുള്ളത്. എന്നാൽ, നിർമലയുടെ 2025ലെ ബജറ്റ് വെറും 74 മിനിറ്റായിരുന്നു.
2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് നിർമല അവതരിപ്പിച്ചത് 56 മിനിറ്റുകൊണ്ട്.
മൻമോഹന്റെ വാക്ക്
ബജറ്റിലെ വാക്കുകളുടെ എണ്ണമെടുത്താൽ റെക്കോർഡ് മുൻ പ്രധാനമന്ത്രി കൂടിയായ മൻമോഹൻ സിങ്ങിന്റെ പേരിലാണ് – 18,650 വാക്കുകൾ. ഏറ്റവും കുറവ് 1977ൽ എച്ച്.എം.
പട്ടേലിന്റെ ബജറ്റിൽ; വെറും 800 വാക്കുകൾ.
തീയതിയിൽ ആകാംക്ഷ
2026 ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. 2017 മുതൽ എല്ലാവർഷവും ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരണം.
ഇക്കുറി ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണ്. അന്ന് ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് പൊതു അവധി ദിനവുമാണ്.
അതുകൊണ്ട്, ഇത്തവണ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിൽ നിന്ന് മാറ്റിയേക്കാമെന്ന വാദങ്ങളുണ്ടെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 1ന് തന്നെയാണ് ബജറ്റ് അവതരണമെങ്കിൽ അന്ന് ഓഹരി വിപണി തുറന്നു പ്രവർത്തിച്ചേക്കും.
കഴിഞ്ഞവർഷം ശനിയാഴ്ചയായിരുന്നു ബജറ്റ്; അന്ന് ഓഹരികൾ പ്രവർത്തിച്ചിരുന്നു. ബജറ്റ് പ്രഖ്യാപനങ്ങളോട് തൽസമയം പ്രതികരിക്കാനുള്ള അവസരമാണ് ഇതിലൂടെ വിപണിക്കും നിക്ഷേപകർക്കും ലഭിച്ചത്.
ബജറ്റിൽ വമ്പൻ പ്രതീക്ഷകൾ
കഴിഞ്ഞ വർഷത്തേതുപോലെ ഓഹരി വിപണിക്കും ബിസിനസ് ലോകത്തിനും സാധാരണക്കാർക്കും വൻ പ്രതീക്ഷകളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കനത്ത തിരിച്ചടി തീരുവ ആഘാതത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര വിപണിക്ക് കൂടുതൽ ഊന്നൽ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഒട്ടുമിക്ക ഉൽപന്ന/സേവനങ്ങൾക്കും വമ്പൻ നികുതിയിളവുമായി ‘ജിഎസ്ടി 2.0’ നടപ്പാക്കിയത്.
മിഡിൽ ക്ലാസ് മധുരം
കഴിഞ്ഞ ബജറ്റിൽ മിഡിൽ-ക്ലാസിന് മധുരം വിളമ്പി നിർമല, 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഇതിനു പിന്നാലെയായിരുന്നു ജിഎസ്ടി 2.0 ഇളവുകളും വന്നത്.
റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഗുണം ചെയ്തു. ഈ സാമ്പത്തിക ‘ആനുകൂല്യ’ പരിഷ്കാരങ്ങളുടെ തുടർച്ചയായിരിക്കും 2026ലെ ബജറ്റെന്നാണ് വിലയിരുത്തലുകൾ.
ഉപഭോക്തൃവിപണിക്ക് കൂടുതൽ പിന്തുണയേകുന്ന പ്രഖ്യാപനങ്ങൾ നികുതിയിളവുകളായി ബജറ്റിൽ പ്രതീക്ഷിക്കാം.
∙ ഉപഭോക്തൃവിപണിക്ക് കരുത്തേകാൻ ആദായ നികുതിയിൽ വീണ്ടും മാറ്റങ്ങൾ പ്രതീക്ഷിക്കാം.
പ്രതീക്ഷകൾ പ്രധാനം
∙ 24 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ളവരാണ് നിലവിൽ ഏറ്റവും ഉയർന്ന നികുതി നിരക്കായ 30% അടയ്ക്കുന്നത്. 30% നികുതിക്കുള്ള വരുമാനപരിധി 30 ലക്ഷമോ 50 ലക്ഷം രൂപയോ ആക്കിയേക്കും.
∙ പഴയ ആദായനികുതി വ്യവസ്ഥ പിന്തുടരുന്നവരുടെ എണ്ണം ഇപ്പോൾ നാമമാത്രമാണ്.
85-90 ശതമാനം നികുതിദായകരും പുതിയ വ്യവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ നിർമല പഴയ വ്യവസ്ഥ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചാലും അതിശയിക്കേണ്ട.
∙ കഴിഞ്ഞ ബജറ്റിൽ ഇന്ത്യയുടെ ജിഡിപിയിലെ കടത്തിന്റെ അനുപാതം 56.1 ശതമാനമായിരുന്നു.
ഇത്തവണ 54-55 ശതമാനത്തിലേക്ക് താഴ്ത്തിയേക്കും.
∙ ഇന്ത്യ ഈ വർഷം ഉന്നമിടുന്ന ജിഡിപി വളർച്ചനിരക്ക് 7.3 ശതമാനമാണ്. അതു നിലനിർത്താനും അടുത്തവർഷവും 7 ശതമാനത്തിൽ കുറയാത്ത വളർച്ച ഉറപ്പാക്കാനുമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.
മാനുഫാക്ചറിങ് മേഖലയ്ക്ക് കൂടുതൽ പരിഗണന ലഭിച്ചേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് X/Doha Forumൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

