തുറവൂർ ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ – തുറവൂർ പാതയിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ വൈകിട്ട് ഗതാഗത നിയന്ത്രണം തുടങ്ങി.
സംസ്ഥാന പാതയായ തോപ്പുംപടി–അരൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾ അരൂർ ബൈപാസ് കവലയിൽ നിന്നു ദേശീയപാതയിലേക്കു കയറാതിരിക്കാൻ ബാരിക്കേഡ് സ്ഥാപിച്ച് അടച്ചു. ഇവിടെ നിന്നെത്തുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് അരൂർ കുമ്പളം പാലം ഇറങ്ങി യുടേൺ എടുത്ത് ആലപ്പുഴ ഭാഗത്തേക്കു പോകണം. വൈറ്റിലയിൽ നിന്ന് ഇടക്കൊച്ചിയിലേക്കു പോകുന്ന വാഹനങ്ങൾ ബൈപാസ് കവലയുടെ തെക്കു ഭാഗത്തുള്ള യുടേൺ തിരിഞ്ഞു പോകണം.
വൈറ്റിലയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള ദീർഘദൂര വാഹനങ്ങൾ കുണ്ടന്നൂർ ജംക്ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞ് തീരദേശ റോഡ് വഴി വിടാനും ആലോചനയുണ്ട്.
അരൂർ ക്ഷേത്രം കവല മുതൽ വടക്കോട്ടുള്ള തൂണുകൾക്കു മുകളിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. പില്ലർ നമ്പർ 1 മുതൽ 5 വരെയുള്ള ഭാഗത്ത് ഇനി 35 ഗർഡറുകളാണ് സ്ഥാപിക്കാനുള്ളത്.
മുൻപ്, സഞ്ചരിക്കുന്ന ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണ് കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ചിരുന്നത്.
എൻഎച്ച് 66ൽ നിന്നു സംസ്ഥാന പാതയിലേക്കു പോകുന്ന റാംപും ഉയരപ്പാതയും ചേരുന്ന ഭാഗമായതിനാൽ ഈ ഭാഗത്ത് ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കാൻ സാധിക്കില്ല. അതിനാൽ 2 ക്രെയിനുകൾ ഉപയോഗിച്ചാണ് 80 ടൺ ഭാരമുള്ള ഗർഡറുകൾ സ്ഥാപിക്കുന്നത്.
സുരക്ഷയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിലവിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിടുന്നത് ദേശീയപാതയിലെ യാത്ര ദുസ്സഹമാക്കുകയാണ്. മുൻപ് എരമല്ലൂരിൽ ഉയരപ്പാതയുടെ ടോൾ പ്ലാസ വരുന്ന ഭാഗത്ത് ക്രെയിൻ ഉപയോഗിച്ച് ഗർഡർ സ്ഥാപിക്കുന്നതിനിടെ ഗർഡർ പിക്കപ് വാഹനത്തിന് മുകളിൽ വീണ് ഡ്രൈവർ മരിച്ചിരുന്നു.
തുടർന്നാണ് പൊലീസിന്റെ സാന്നിധ്യത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന സമയങ്ങളിൽ വാഹനങ്ങൾ പൂർണമായും കടത്തി വിടാതെ ജോലി നടത്തുന്നതിന് തീരുമാനിച്ചത്.
ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ബൈപാസ് കവലയിൽ അരൂർ, കുത്തിയതോട് പൊലീസിന്റെയും ഹൈവേ പൊലീസിന്റെയും മേൽനോട്ടത്തിലാണ് ഗതാഗത നിയന്ത്രണം. ഇതിനായി രാവിലെ 8 മുതൽ രാത്രി 8 വരെ രണ്ടുഷിഫ്റ്റുകളിലായി 12 ഹോംഗാർഡുകളെയും ഉയരപ്പാത നിർമാണ കമ്പനി വിവിധയിടങ്ങളിലായി 15 മാർഷൽമാരെയും നിയമിച്ചിട്ടുണ്ട്. ഇതുകൂടാതെ ഗർഡറുകൾ സ്ഥാപിക്കുന്ന സമയങ്ങളിൽ ഹൈവേ പൊലീസിന്റെയും അരൂർ പൊലീസിന്റെയും സാന്നിധ്യത്തിലാണ് സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

