നെടുമങ്ങാട് ∙ അരയ്ക്ക് താഴെ തളർന്നതിനാൽ ഇഴഞ്ഞും നിരങ്ങിയും ലോട്ടറി കച്ചവടം നടത്തി ജീവിതത്തോടെ പടവെട്ടുകയാണു നെടുമങ്ങാട് വാണ്ട കുമാർ ഹൗസിൽ വത്സല(58).
ഭാഗ്യം വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനമാണ് വത്സലയുടെ സമ്പാദ്യം. മാതാവിന്റെ ഉൗന്നുവടി ആയിരുന്ന മകൾ സൂര്യഗായത്രി മരിക്കുകയും ഭർത്താവ് ഉപേക്ഷിച്ച് പോവുകയപം ചെയ്തതോടെ ജീവിതത്തിൽ വത്സല ഒറ്റയ്ക്കായി.
4 വർഷം മുൻപ് മകളെ കൊലപ്പെടുത്തിയവനു വധശിക്ഷ വാങ്ങിക്കൊടുക്കണമെന്ന വാശിയും വത്സലയുടെ വാക്കുകളിൽ ഉണ്ട്.
അഞ്ചാം വയസ്സിൽ പോളിയോ ബാധിച്ചാണ് വത്സലയുടെ അരയ്ക്ക് താഴെ തളർന്നത്. ഓല മെടഞ്ഞും ഹോട്ടലുകളിൽ പാത്രം കഴുകിയും പിന്നീട് ലോട്ടറി വിൽപന നടത്തിയും ജീവിതം തള്ളിനീക്കുന്നു.
ലോട്ടറി വിൽപന തുടങ്ങിയിട്ട് 19 വർഷമായി. കോയിക്കൽ ക്ഷേത്രത്തിന് സമീപവും റവന്യു ടവർ പ്രദേശത്തും ലോട്ടറി ടിക്കറ്റുമായി വത്സലയെ കാണാം.
ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ അപകടത്തിൽപ്പെട്ട മകളെ ചികിത്സിക്കാനായി സ്വന്തമായി ഉണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും വിറ്റതോടെ വാടക കെട്ടിടത്തിലാണ് വത്സലയുടെ ജീവിതം.
കരിപ്പൂരിൽ താമസിക്കുന്ന വത്സല രാവിലെ നെടുമങ്ങാട് എത്തുന്നതും തിരികെ പോകുന്നതും ഓട്ടോയിലാണ്.
മകൾ മരിച്ചിട്ട് നാലു വർഷം
വത്സലയുടെ എല്ലാമായിരുന്ന മകൾ സൂര്യഗായത്രി കൊല്ലപ്പെട്ടിട്ട് നാല് വർഷമായി. പ്ലസ്ടു വരെ സൂര്യഗായത്രി പഠിച്ചു.
എട്ടിൽ പഠിക്കുമ്പോൾ, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ടതിനെ തുടർന്ന് ലോട്ടറി വിൽപനയ്ക്കായി ട്രൈ സ്കൂട്ടർ ലഭിച്ചു. മാതാവിനെ സ്കൂട്ടറിൽ ഇരുത്തി സൂര്യഗായത്രിയും ലോട്ടറി വിൽപനയിൽ വത്സലയെ സഹായിക്കുമായിരുന്നു.
ഇപ്പോൾ മറ്റൊരു ട്രൈ സ്കൂട്ടർ കിട്ടിയെങ്കിലും റോഡിൽ ഓടിക്കാനായി കുറച്ച് കൂടി പരിശീലനം വേണമെന്നും വത്സല പറഞ്ഞു.
മകളുടെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചത് പൊലീസിൽ പരാതിപ്പെട്ട വൈരാഗ്യത്തിൽ പേയാട് സ്വദേശി വീട്ടിലെത്തി സൂര്യഗായത്രിയെ കുത്തികൊല്ലുകയായിരുന്നു.
മകളെ രക്ഷിക്കുന്നതിനിടെ വത്സലയ്ക്കും കുത്തേറ്റിരുന്നു. നിയമ പോരാട്ടത്തിനൊടുവിൽ കൊലപാതകിക്ക് 24 വർഷം തടവും ആറു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
വധശിക്ഷ ലഭിക്കുന്നതുവരെ പോരാടുമെന്നും ഇൗ ശിക്ഷ ലഭിച്ചതിന് ശേഷമേ പിഴത്തുക കൈപ്പറ്റുകയുള്ളു എന്നും വത്സല പറഞ്ഞു. മകളുടെ സംസ്കാര ചടങ്ങിനിടെ മന്ത്രി ജി.ആർ.അനിൽ ഉൾപ്പെടെ ഉള്ളവർ വീടു വച്ചു നൽകാമെന്ന് അറിയിച്ചെങ്കിലും നാല് വർഷം ആയിട്ടും വാഗ്ദാനം നടപ്പായില്ലെന്നും ഇവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

