കർണാടകയിൽ വൻ രാഷ്ട്രീയ തർക്കങ്ങൾക്കു വഴിവച്ച അമുൽ-നന്ദിനി വിപണി മത്സരം ഇനി ഇന്ത്യൻ പ്രീമിയർ ലീഗിലേക്കും (ഐപിഎൽ). ഇന്ത്യൻ ക്രിക്കറ്റിന്റെ ‘കുട്ടി’ ലീഗായ ഐപിഎല്ലിൽ കഴിഞ്ഞ തവണ ചാംപ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) സ്പോൺസർ ചെയ്തത് ഗുജറാത്ത് കമ്പനിയായ അമുൽ ആയിരുന്നു.
2026ലെ ഐപിഎല്ലിൽ ആർസിബിയുടെ ‘ഒഫിഷ്യൽ പാർട്ണർ’ ആകാനുള്ള ടെൻഡർ നന്ദിനി സമർപ്പിച്ചു.
ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ പാലുൽപന്ന ബ്രാൻഡായ അമുലിന്റെ കർണാടകയിലെ പ്രവേശനം കോൺഗ്രസും ബിജെപിയും തമ്മിലെ വാക്പോരിന് ഇടയാക്കിയിരുന്നു. ജെഡിഎസും കർണാടക സർക്കാരിനെ നയിക്കുന്ന കോൺഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു.
ബെംഗളൂരു മെട്രോയുടെ 10 സ്റ്റേഷനുകളിൽ അമുലിന്റെ കിയോസ്കുകൾ തുറക്കാൻ അനുവദിച്ചതായിരുന്നു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അമുലിന്റെ കർണാടക പ്രവേശനം ചൂടൻ വിഷയമായിരുന്നു.
കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) പാലുൽപന്ന ബ്രാൻഡാണ് നന്ദിനി.
പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ നന്ദിനിക്ക് 8 മെട്രോ സ്റ്റേഷനുകളിൽ കിയോസ്ക് തുറക്കാൻ അനുവദിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആർസിബിയുടെ സ്പോൺസർ ആകാനുള്ള ശ്രമവും ആരംഭിച്ച് നന്ദിനി മത്സരം കടുപ്പിക്കുന്നത്.
ഇക്കാര്യം കെഎംഎഫ് മാനേജിങ് ഡയറക്ടർ ബി. ശിവസ്വാമി സ്ഥിരീകരിച്ചെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ക്ഷീരമേഖലയിൽ നന്ദിനി എന്നപോലെ, ഐപിഎല്ലിൽ കർണാടകയെ പ്രതിനിധീകരിക്കുന്ന ടീമാണ് ആർസിബി.
ടീമുമായി സഹകരിക്കുന്ന നന്ദിനിയെ ഉത്തർപ്രദേശ്, ഡൽഹി, മുംബൈ തുടങ്ങി കൂടുതൽ വിപണികളിലേക്ക് പ്രചരിപ്പിക്കുന്നതിന് സഹായിക്കുമെന്ന് കെഎംഎഫ് കരുതുന്നു. ആർസിബിയുടെ ശക്തമായ സോഷ്യൽ മീഡിയ ഫോളോവർ ബാഹുല്യവും നേട്ടമാകും.
പ്രമോഷനുകൾക്കായി വിരാട് കോലിയെയും ടീമിലെ മറ്റ് രണ്ട് പ്രമുഖ താരങ്ങളെയും ഒപ്പംചേർക്കാനും നന്ദിനി ഉന്നമിടുന്നു.
അതേസമയം, കഴിഞ്ഞ തവണ ഐപിഎല്ലിൽ അമുൽ 9 ടീമുകളുടെ പാർട്ണർമാരായിരുന്നു. ഇക്കുറി ഏതൊക്കെ ടീമിനൊപ്പമാകും സഹകരിക്കുകയെന്ന് അമുൽ വൈകാതെ പ്രഖ്യാപിക്കും.
ആർസിബിയുമായി സഹകരിക്കുന്നതിലൂടെ, നന്ദിനിക്ക് ഉൽപന്നങ്ങളുടെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയുള്ള പ്രമോഷനുകളിൽ ആർസിബിയുടെ പേര്, ലോഗോ എന്നിവ പായ്ക്കറ്റുകളിൽ ഉൾപ്പെടെ ഉപയോഗിക്കാൻ കഴിഞ്ഞേക്കും. ആർസിബിയുടെ ഹോം മത്സരങ്ങളിൽ സ്റ്റേഡിയത്തിൽ കിയോസ്കുകൾ സ്ഥാപിക്കാനും നന്ദിനി ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ട്.
കെഎംഎഫ് കായികമേഖല വഴി ബ്രാൻഡ് പ്രമോഷൻ സമീപകാലത്ത് കൂട്ടുന്നതായാണ് കാണുന്നത്.
ടി20 ക്രിക്കറ്റ് വേൾഡ്കപ്പിൽ സ്കോട്ലൻഡ്, അയർലൻഡ് ടീമുകളുടെ സ്പോൺസർമാരായിരുന്നു. പ്രൊ കബഡി ലീഗ്, ഐഎസ്എൽ എന്നിവയുടെ സെൻട്രൽ സ്പോൺസർമാരുമായി.
മാർച്ച് 26 മുതൽ മേയ് 31 വരെയാണ് ഇക്കുറി ഐപിഎൽ. 19-ാം എഡിഷനാണിത്.
2025ലെ ഐപിഎല്ലിലാണ് ആർസിബി ആദ്യമായി ചാംപ്യന്മാരായത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

