ഹരിപ്പാട് ∙ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു മരിച്ച രണ്ടു പേരുടെയും രക്തത്തിൽ അണുബാധയുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ ഇത് എവിടെ നിന്നാണ് ഉണ്ടായതെന്നു കണ്ടെത്തിയിട്ടില്ല.
ആശുപത്രിയിൽ നിന്നാണോ അണുബാധയുണ്ടായത് എന്നറിയാൻ രാസപരിശോധന നടത്തും.
ഡയാലിസിസ് ഉപകരണങ്ങളിലും ശുദ്ധീകരണ പ്ലാന്റിലെ വെള്ളത്തിലും അണുബാധയില്ലെന്നാണു രണ്ടു ദിവസത്തെ പരിശോധനയിൽ കണ്ടെത്തിയത്. ഇന്നലെ ആശുപത്രി സന്ദർശിച്ച ആരോഗ്യ ഡയറക്ടറേറ്റിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ നിർദേശമനുസരിച്ച് കൂടുതൽ പരിശോധന നടത്തും.
ജലശുദ്ധീകരണ പ്ലാന്റ്, ഉപകരണങ്ങൾ എന്നിവ കൂടാതെ ഡയാലിസിസ് സമയത്തു നൽകിയ മരുന്നുകളും പരിശോധിക്കാനാണു നിർദേശം.
ആരോഗ്യ ഡപ്യൂട്ടി ഡയറക്ടർ ഡോ.ആർ.വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ആശുപത്രിയിൽ പരിശോധന നടത്തിയത്.
29ന് രാവിലെ ഗവ.താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായതിനെത്തുടർന്നു മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ച കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), ഹരിപ്പാട് വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) എന്നിവരാണു രണ്ടു ദിവസത്തിനിടെ മരിച്ചത്.
തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് 31മുതൽ 15 ദിവസത്തേക്ക് അടച്ചു. ഇവിടെ 29നു ശേഷം ഡയാലിസിസ് നടത്തിയവരെല്ലാം നിരീക്ഷണത്തിലാണ്. മറ്റാർക്കും ഇതുവരെ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകും
ഹരിപ്പാട്∙ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു രോഗികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകാൻ മരിച്ച രാമചന്ദ്രന്റെ കുടുംബം. ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ ഇന്നു പരാതി നൽകുമെന്നു ബന്ധുക്കൾ അറിയിച്ചു.
മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാമെഡിക്കൽ ഓഫിസർ എന്നിവർക്കും പരാതി അയയ്ക്കും.
മൂന്നാമത്തെയാളുടെ നില മെച്ചപ്പെട്ടു
ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹരിപ്പാട് വെട്ടുവേനി ദേവീകൃപയിൽ രാജേഷ്കുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. 29ന് ഡയാലിസിസ് ചെയ്യുന്നതിനിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ 6 പേരിൽ ഗുരുതരാവസ്ഥയിലുള്ള 3 പേരെയാണു മറ്റു ആശുപത്രികളിലേക്ക് അയച്ചത്. 2 പേർ പിന്നീട് മരിച്ചു.
രാജേഷിന്റെ രക്തസമ്മർദം താഴ്ന്നതിനാൽ ഡയാലിസിസ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഇന്നലെ രക്തസമ്മർദം സാധാരണ നിലയിലായതിനെത്തുടർന്ന് ഡയാലിസിസ് നടത്തി.
വെള്ളത്തിന്റെ രാസപരിശോധന ഉൾപ്പെടെ നടത്താൻ നിർദേശം
ആലപ്പുഴ∙ ഡയാലിസിസ് യൂണിറ്റിൽ നിന്നാണോ രോഗികൾക്ക് അണുബാധയുണ്ടായത് എന്നു കണ്ടെത്താൻ വീണ്ടും വിശദമായ പരിശോധനയ്ക്കാണു തിരുവനന്തപുരത്ത് നിന്നെത്തിയ വിദഗ്ധ സംഘം നിർദേശിച്ചത്. ആശുപത്രിയിലെ ആർഒ പ്ലാന്റിൽ നിന്നുള്ള വെള്ളമാണു ഡയാലിസിസ് മെഷീനിൽ ഉപയോഗിക്കുന്നത്.
വെള്ളത്തിൽ നിന്നാകാം അണുബാധ ഉണ്ടായതെന്നു മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ വെള്ളത്തിനു കുഴപ്പമില്ലായിരുന്നു. എന്നാൽ വെള്ളത്തിന്റെ രാസപരിശോധന, കൾച്ചർ ടെസ്റ്റ്, ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനുള്ള എൻഡോടോക്സിൻ പരിശോധന എന്നിവ കൂടി നടത്താൻ വിദഗ്ധ സംഘം നിർദേശിച്ചു.
സാംപിൾ ശേഖരിച്ച ശേഷം പ്ലാന്റ് അണുവിമുക്തമാക്കണം.
ഇതിനു ശേഷം വീണ്ടും സാംപിൾ ശേഖരിച്ച് പരിശോധന നടത്തണം. ഡയാലിസിസ് ചെയ്യുന്ന സമയത്ത് രണ്ടു മരുന്നുകൾ ഉപയോഗിക്കാറുണ്ട്. ഇവയുടെ സാംപിൾ ഡ്രഗ് കൺട്രോളറുടെ പരിശോധനയ്ക്ക് അയയ്ക്കണം.
മുഴുവൻ പരിശോധനകളും പൂർത്തിയാക്കി അണുബാധയില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം ഡയാലിസിസ് യൂണിറ്റ് തുറന്നുപ്രവർത്തിച്ചാൽ മതിയെന്നാണു നിർദേശം.
ആരോഗ്യ ഡപ്യൂട്ടി ഡയറക്ടർ ഡോ.ആർ.വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സുകേഷ് രാജ്. ഫാർമസി സർവീസ് അസിസ്റ്റന്റ് ഡയറക്ടർ പി.ബിന്ദു എന്നിവരാണ് ഉണ്ടായിരുന്നത്.
ഒപ്പം ജില്ലാ ആരോഗ്യവിഭാഗത്തിലെ വൃക്കരോഗ വിദഗ്ധൻ, മൈക്രോബയോളജിസ്റ്റ്, ബയോ മെഡിക്കൽ എൻജിനീയർ എന്നിവരും പരിശോധനയ്ക്കു നേതൃത്വം നൽകി. ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ച സംഘം ജീവനക്കാരിൽ നിന്നു വിവരം ശേഖരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

