മരട് ∙ പുതുവത്സര ആശംസകളോടെ ആയിരുന്നു നഗരസഭാധ്യക്ഷ അജിത നന്ദകുമാറിന് ഇന്നലെ എത്തിയ ഭൂരിഭാഗം കോളുകളുടെയും തുടക്കം. നഗരസഭാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട
ശേഷം ‘മലയാള മനോരമ’യിലൂടെ പൊതുജനങ്ങളുമായി സംവദിക്കുകയായിരുന്നു അജിത. പരാതികൾ, നിർദേശങ്ങൾ, അഭ്യർഥനകൾ, പ്രതീക്ഷകളുമൊക്കെ ചർച്ചയായി. മാലിന്യപ്രശ്നം, തെരുവുനായ് ശല്യം, അയിനിത്തോട് വിഷയം, യാത്രാക്ലേശം, തീരദേശ നിയമം, കാലഹരണപ്പെട്ട
പദ്ധതികൾ തുടങ്ങി വിഷയങ്ങളിൽ പരിഹാരത്തിന് കൃത്യമായ ഇടപെടലുകൾ തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് അജിത ഉറപ്പു നൽകി. ജൈവ മാലിന്യ സംസ്കരണം, തെരുവുനായ് ശല്യത്തിന് അറുതിയുണ്ടാക്കാൻ എബിസി പദ്ധതി, കുണ്ടന്നൂരിൽ ഡ്രൈവ് ഇൻ ടോയ്ലറ്റ്, മരട് നഗരസഭാ പരിധിയിൽ ജല മെട്രോ ജെട്ടി തുടങ്ങിയവ തന്റെ സ്വപ്ന പദ്ധതികളാണെന്നും അജിത പറഞ്ഞു.
Q വി.എ.സാദിക്(25–ാം ഡിവിഷൻ, പരുത്തിച്ചുവട്)
നെട്ടൂർ മരാമത്ത് റോഡിലെ കുപ്പിക്കഴുത്ത് പോലുള്ള ചന്തപ്പാലം പുതുക്കി പണിയുന്നതിനുള്ള പദ്ധതി ചുവപ്പ് നാടയിൽ കുടുങ്ങിയ അവസ്ഥയാണ്.
സ്ഥലം ഏറ്റെടുക്കൽ മുന്നോട്ടു നീങ്ങുന്നില്ല. നെട്ടൂരിന്റെ മുഖഛായ മാറ്റുന്ന പാലം പദ്ധതിക്ക് നഗരസഭാധ്യക്ഷ എന്ന നിലയിൽ എന്തു ചെയ്യാനാകും ? A നെട്ടൂരിന്റെ വികസനത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ പദ്ധതിയാണിത്.
നേരത്തേ കുമ്പളം– നെട്ടൂർ പാലത്തിനായി ഒരു വിഹിതം മരട് നൽകിയതു പോലെ നെട്ടൂർ ചന്തപ്പാലത്തിനായും തുക നഗരസഭ ബജറ്റിൽ തുക കണ്ടെത്താം. കലക്ടർ, എംഎൽഎ എന്നിവരുമായി ബന്ധപ്പെടുത്തി പദ്ധതി ഊർജിതമായി നടപ്പാക്കും.
Q ജലജ ദിനേശൻ (21–ാം ഡിവിഷൻ, ഇഞ്ചയ്ക്കൽ)
ഏറെ തിരക്കുള്ള മരട് കാളാത്ര ജംക്ഷനിൽ സീബ്രാ ലൈനും, ട്രാഫിക് വാർഡനും വേണം.
A ദേശീയ പാത അധികൃതരുമായി ബന്ധപ്പെട്ട് സീബ്രാ ലൈൻ വിഷയത്തിൽ പരിഹാരം ഉണ്ടാക്കും. ട്രാഫിക് വാർഡനെ നിർത്തുന്ന കാര്യത്തിൽ നഗരസഭയ്ക്ക് പരിമിതിയുണ്ട്.
സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ശ്രമിക്കും.
Q ഗോപിനാഥ മേനോൻ (12–ാം ഡിവിഷൻ എസ്എൻ പാർക്ക്)
കൊതുക് മുക്ത മരട് ആയിരിക്കണം, വഴിവിളക്കുകൾ പകൽ കത്തിക്കിടക്കാത്ത നാടായിരിക്കണം. ഇന്നത്തെ കണക്കു പ്രകാരം ശുദ്ധജല പൈപ്പുകൾ മരട് പ്രദേശത്തെ പ്രധാന റോഡുകളിൽ മാത്രം അഞ്ചിടത്ത് പൊട്ടിയിട്ടുണ്ട്. ബിടിസി ജംക്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വൺവേ ആക്കണം.
സ്ത്രീകൾക്ക് ശുചിമുറി. ബിപിഎൽകാരെ നിയമം അനുശാസിക്കുന്ന വിധം തീരുമാനിക്കണം.
തെരുവുനായ് ശല്യം കൂടുതലാണ്, നിയന്ത്രിക്കണം. നോ പാർക്കിങ് തെറ്റിക്കുന്നവർക്കെതിരെ നടപടി എടുക്കണം.
ബൈക്കുകളുടെ അമിത വേഗം നിയന്ത്രിക്കണം. പലരും ഇപ്പോഴും പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കാനയിൽ തള്ളുന്നു.
പിഴ ഈടാക്കണം. അയിനിത്തോട് പണിയുടെ വിവരം രേഖപ്പെടുത്തുന്ന ബോർഡ് സ്ഥാപിക്കണം. A ക്രിയാത്മക നിർദേശങ്ങൾ കുറിച്ചെടുത്തിട്ടുണ്ട്.
അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട് വേണ്ടതു ചെയ്യാം. കൊതുക് ശല്യത്തിന് അടിയന്തരമായി തന്നെ പരിഹാരമുണ്ടാക്കും.
Q ഷെറിൻ രാജ് (10-ാം ഡിവിഷൻ ശാസ്ത്രി നഗർ)
ഭക്ഷ്യ മാലിന്യ പ്രശ്നം ശ്രദ്ധയിൽ പെടുത്തുന്നു.
പരിഹരിക്കണം. A ഭക്ഷ്യമാലിന്യത്തിന്റേത് വലിയ പ്രശ്നം തന്നെയാണ്.
പരിഹരിക്കാൻ സബ്സിഡി നൽകി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഫലപ്രദം ആയില്ല. ഭക്ഷ്യമാലിന്യ സംസ്കരണത്തിന് നെട്ടൂർ മാർക്കറ്റിൽ 50 സെന്റ് സ്ഥലം തരാമെന്ന് കലക്ടർ വാക്കാൽ സമ്മതിച്ചിട്ടുണ്ട്.
അത് നേടിയെടുത്താൽ വലിയ ആശ്വാസമാകും. ബ്രഹ്മപുരം പ്ലാന്റിലേക്ക് മരടിലെ ഭക്ഷ്യമാലിന്യം നൽകുന്ന കാര്യത്തിലും ചർച്ച പുരോഗമിക്കുന്നു.
Q ചന്ദ്രമതി കൃഷ്ണൻ (23-ാം ഡിവിഷൻ വളന്തകാട്)
വളന്തകാട് ദ്വീപിലെ പട്ടികജാതി വിഭാഗത്തിൽ പെട്ട
45 കുടുംബങ്ങളാണ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത ദ്വീപിൽ താമസം. കഴിഞ്ഞ കൗൺസിലർ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല.
പുതിയ കൗൺസിലർ എന്തു ചെയ്യുമെന്ന് കണ്ടറിയണം. നടക്കാൻ ഒരു റോഡ് പോലുമില്ല.
പണി തീരാത്ത പാലം തുരുമ്പു പിടിച്ചു. ദ്വീപിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള ഡോക്ടർമാർ ഉൾപ്പെടെ ചെളിയിലൂടെയാണ് പോകുന്നത്. കായലിൽ പോളപ്പായൽ നിറഞ്ഞതിനാൽ വഞ്ചി ഇറക്കാനാകുന്നില്ല.
ജനനം മുതൽ മരണം വരെ ആവശ്യങ്ങൾക്ക് വള്ളത്തിൽ തന്നെ പോകണം. ഒട്ടേറെ പേർ വള്ളം കിട്ടാത്തതിനാൽ മരിച്ചിട്ടുണ്ട്. A വളന്തകാട് ദ്വീപിന്റെ വികസനം എല്ലായ്പ്പോഴും പ്രത്യേക പരിഗണന അർഹിക്കുന്ന വിഷയമാണ്.
പദ്ധതികൾക്ക് പഞ്ഞമുണ്ടായിട്ടില്ല. ചില സാഹചര്യങ്ങളിൽ അത് നടപ്പാക്കാനുകുന്നില്ല എന്നു മാത്രം.
രാഷ്ട്രീയം നോക്കാതെ തന്നെ ദ്വീപ് വികസനത്തിന് നടപടി എടുക്കും. പാലം പണി പൂർത്തിയാക്കാൻ സർക്കാർ തലത്തിൽ സമ്മർദം ചെലുത്തും.
Q ജോസഫ് പത്രോസ് (7-ാം ഡിവിഷൻ, കാട്ടിത്തറ)
അടുക്കള മാലിന്യം എടുക്കാൻ നടപടി എടുക്കണം.
തൊട്ടടുത്ത് കൊച്ചി കോർപറേഷൻ ഭാഗത്ത് അടുക്കള മാലിന്യം ശേഖരിക്കാൻ ആള് വരുന്നുണ്ട്. മരട് നഗരസഭയുടെ ഭാഗത്ത് ഇല്ല.
A കോർപറേഷൻ അധികൃതരുമായി സംസാരിച്ച് പരിഹാരം ഉണ്ടാക്കാം.
Q സി.കെ.സുരേഷ്, ചൂരക്കാട്(1-ാം ഡിവിഷൻ, നെട്ടൂർ നോർത്ത്)
നെട്ടൂർ– കൂട്ടൂങ്കൽ ബണ്ട് റോഡ് യാഥാർഥ്യമാക്കണം എന്ന ആവശ്യത്തിന് 20 വർഷത്തെ പഴക്കമുണ്ട്. മരാമത്ത് റോഡിൽ നിന്ന് കുണ്ടന്നൂർ പുഴയിലേക്കുള്ള തോട് കല്ലുകെട്ടി സംരക്ഷിക്കണം.
വേലിയേറ്റം തടയാൻ പി.ജെ.ജോൺസൺ മെംബർ ആയിരുന്നപ്പോൾ ആവിഷ്കരിച്ച പദ്ധതി നിർത്തലാക്കിയത് വിനയായി. ബലിതർപ്പണത്തറ ഒരുക്കാൻ നെട്ടൂർ കടവ് പ്രയോജനപ്പെടുത്തണം.
നിർത്തിപ്പോയ ബസ് സർവീസ് പുനരാരംഭിക്കണം. A നിർദേശങ്ങൾ പരിഗണിക്കാം.
നടപ്പാക്കാൻ ആത്മാർഥമായി ശ്രമിക്കും. മരട് നഗരസഭയുടെ സ്ട്രച്ചറൽ പ്ലാനിൽ ഒന്നാം ഡിവിഷൻ വ്യവസായ മേഖലയായി തെറ്റായാണു കിടക്കുന്നത്.
അതു തിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബലികർമങ്ങൾക്ക് സൗകര്യം ഒരുക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്.
യോഗം വിളിച്ചു തീരുമാനിക്കാം.
Q സുജിത് ഇലഞ്ഞിമിറ്റം(2–ാം ഡിവിഷൻ, കുണ്ടന്നൂർ നോർത്ത്)
മരടിൽ ജല മെട്രോ ജെട്ടിക്കായി 3 നിർദേശങ്ങൾ സമർപ്പിക്കുന്നു. കുണ്ടന്നൂർ ബണ്ട് റോഡിൽ ബണ്ടിനു ജലസേചന വകുപ്പിന്റെ സ്ഥലം, ചിലവന്നൂർ കടത്തുകടവ്, നഗരസഭാ കാര്യാലയത്തു പിന്നിലെ കുണ്ടന്നൂർ ജെട്ടി.
മരടിൽ പൊതു ശുചിമുറി വേണം. A മെട്രോ അധികൃതരുമായി നേരിട്ടു കണ്ട് സംസാരിക്കാം.
പൊതുശുചിമുറി സൗകര്യം നടപ്പാക്കും.
Q സൈനുദ്ദീൻ (33–ാം ഡിവിഷൻ വടക്കേ പാട്ടുപുരയ്ക്കൽ)
നെട്ടൂർ മേൽപാലം ജംക്ഷനിൽ വയോജനങ്ങൾക്കായി വിശ്രമകേന്ദ്രം വേണം. നെട്ടൂർ വടക്കേയറ്റത്ത് ജലമെട്രോ ജെട്ടി വേണം.
Aവിശ്രമകേന്ദ്രത്തിന്റെ കാര്യം ദേശീയ പാതയുമായി സംസാരിക്കും. മെട്രോ ജെട്ടിയുടെ നിർദേശം നഗരസഭയുടെ പരിഗണനയിൽ ഉണ്ട്.
Q സി.എക്സ്.ഫ്രാൻസിസ് (17–ാം ഡിവിഷൻ, കുണ്ടന്നൂർ)
തെരുവുനായ് ശല്യം പരിഹരിക്കണം.
A നിയമത്തിന്റെ ഉള്ളിൽ നിന്ന് ചെയ്യാവുന്നതെല്ലാം ചെയ്യും. നായ്ക്കളുടെ വന്ധ്യംകരണത്തിനായി എബിസി പദ്ധതി നടപ്പാക്കും.
കുമ്പളത്ത് 7 സെന്റ് സ്ഥലം ലഭ്യമാക്കാമെന്ന് ഒരാൾ സമ്മതിച്ചിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ടു പോകും.
Q ഷീല അജയകുമാർ (31–ാം ഡിവിഷൻ, അമ്പലക്കടവ്)
എപിജെ അബ്ദുൽ കലാം പാർക്കിനോട് ചേർന്ന് പകൽവീട് അല്ലെങ്കിൽ എഡിഎസ് കേന്ദ്രം, പരിസരവാസികൾക്ക് നല്ലൊരു റോഡ്.
സ്ഥലം വിട്ടു നൽകാൻ തയാറാണ്. A പകൽവീടിന്റെ സാധ്യത നോക്കണം, എഡിഎസ് കേന്ദ്രം പരിഗണിക്കാം.
റോഡിന്റെ കാര്യം ഡിവിഷൻ കൗൺസിലറുമായി ആലോചിച്ചു ചെയ്യാം.
Q കെ.ജെ.ലൂയിസ് (15-ാം ഡിവിഷൻ, നിരവത്ത്)
മരട് നഗരസഭയുടെ കൂത്താട്ടുകുളത്തെ നിർദിഷ്ട ടൗൺഷിപ് പദ്ധതിയിലെ ഗുണഭോക്താവാണ്.
കെട്ടിടം പണിയാനുള്ള പെർമിറ്റ് ഇതുവരെ ആയില്ല. മതിൽ കെട്ടിയാലേ തരൂ എന്നാണ് പറയുന്നത്. A കഴിഞ്ഞ ഭരണ സമിതിയുടെ സ്വപ്ന പദ്ധതിയാണിത്.
കൂത്താട്ടുകുളം നഗരസഭയിലെ എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് തടസ്സം ഒഴിവാക്കും.
Q സുഗുണാനന്ദൻ (34–ാം ഡിവിഷൻ, തട്ടേക്കാട്ട്)
തട്ടേക്കാട്ട് റോഡിലെ ട്രാൻസ്ഫോമറിന്റെ സുരക്ഷാ വേലി അപകടകരമായാണ് നിൽക്കുന്നത്. പരിഹരിക്കണം.
തട്ടേക്കാട്ട് താനപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം. ഫ്ലാറ്റ് പൊളിക്കലിന്റെ ദുരിതം ഇപ്പോഴും അനുഭവിക്കുന്നു.
വിള്ളൽ വീണു ചോർന്നൊലിക്കുന്ന വീട്ടിലാണ് ഇപ്പോഴും താമസം. ഇത്തരത്തിൽ 3 വീടുകളാണ് ഇവിടെ ഉള്ളത്.
സർക്കാരിൽ നിന്നു നഷ്ടപരിഹാരം മേടിച്ചു തരണം. A ട്രാൻസ്ഫോമർ വിഷയം കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പരിഹരിക്കാം.
റോഡ് പണി ഉടൻ ആരംഭിക്കും. ഫ്ലാറ്റ് വിഷയത്തിൽ സർക്കാരിൽ സമ്മർദം ചെലുത്തി ഉചിതമായതു ചെയ്യാം.
Q സി.എം.രതീഷ് (19-ാം ഡിവിഷൻ, ആശുപത്രി വാർഡ്)
കാവുംപറമ്പ് ക്ഷേത്രക്കുളത്തിന്റെ സുരക്ഷാ വേലി തുരുമ്പ് പിടിച്ചു.
തെരുവുനായ് ശല്യം രൂക്ഷം. Aസുരക്ഷാ വേലി ബലപ്പെടുത്തി പെയിന്റടിക്കാൻ നിർദേശിക്കാം.
തെരുവുനായ് ശല്യത്തിന് എബിസി പദ്ധതി നടപ്പാക്കും.
Q എം.എ.സംഗമേശ്വരൻ (2-ാം ഡിവിഷൻ, കുണ്ടന്നൂർ നോർത്ത്)
കുണ്ടന്നൂർ ജംക്ഷനിൽ പബ്ലിക് ടോയ്ലറ്റ് വേണം. അജിത: കുണ്ടന്നൂരിൽ ശുചിമുറി പദ്ധതി നടപ്പാക്കും.
Q നഹാസ് ആബിദ്ദീൻ (30 തിരുനെട്ടൂർ)
സുരക്ഷാ മാനദണ്ഡം ഇല്ലാത്തതിനാൽ നെട്ടൂർ തേവര ബോട്ട് സർവീസ് നിർത്തി വച്ച സ്ഥിതിയാണ്.
A കരാറുകാരെ നഗരസഭയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എല്ലാ പേപ്പറുകളും ശരിയായെങ്കിൽ മാത്രമേ സർവീസ് അനുവദിക്കൂ.
Q ഷിജു ആന്റണി (13–ാം ഡിവിഷൻ, ബിടിസി)
മാർട്ടിൻപുരം ഭാഗത്ത് ഇപ്പോഴും വെള്ളക്കെട്ടുണ്ട്.
കാനപണിയിലെ അശാസ്ത്രീയതയാണ് കാരണം. പരിഹാരമായി കാനകൾ ഏകോപനം വേണം.
അയിനിത്തോടിന്റെ ചില ഭാഗങ്ങളിലും അടിച്ചിത്തോടിലും കാലങ്ങളായി ശുചീകരണം ഇല്ല. കൊച്ചി നഗരസഭയിലേതു പോലെ സമൃദ്ധി ഭക്ഷണ ശാല മരടിലും വേണം.
A കൗൺസിലർമാരെ വിളിച്ച് ഏകോപനം വരുത്താം. അടിച്ചിത്തോട് ശുചീകരണം നടപ്പാക്കാം.
സമൃദ്ധി മാതൃകയിൽ മരടിൽ 20 രൂപയുടെ ഊണ് നൽകുന്ന പദ്ധതി ആരംഭിക്കുന്നുണ്ട്.
Q എം.എക്സ്.മോറിസ് (18-ാം വാർഡ് മൂത്തേടം)
കുണ്ടന്നൂർ ജംക്ഷനിൽ ഗതാഗതത്തിനു തടസ്സമുണ്ടാക്കുന്ന പഴയ കെട്ടിടം നീക്കം ചെയ്യാൻ നടപടി ഉണ്ടാകുമോ ?
A ഏറ്റവും അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങളിൽ ഒന്നാണിത്.
കുണ്ടന്നൂർ മേൽപാലത്തിന്റെ പ്രയോജനം കിട്ടണമെങ്കിൽ ആ കെട്ടിടം മാറ്റണം. ജംക്ഷൻ വികസനത്തിന് എംഎൽഎയുടെ ശ്രമഫലമായി ഫണ്ട് പാസായിട്ടുണ്ട്. പദ്ധതി നടപ്പിലാക്കാൻ എംഎൽയുടെ സഹായത്തോടെ സർക്കാരിൽ സമ്മർദം ചെലുത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

