ബാലരാമപുരം ∙ കരമന–കളിയിക്കാവിള പാതയിലെ പ്രധാന ജംക്ഷനുകളിൽ ഒന്നായ ബാലരാമപുരം ജംക്ഷനിലെയും പരിസരങ്ങളിലെയും തെരുവു വിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങളായി. ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നിട്ടും നടപടിയെടുക്കാതെ അധികൃതർ.
ജംക്ഷനിലെ പ്രധാന റോഡുകൾക്ക് പുറമേ കരമന റോഡിലെ പലയിടത്തും മീഡിയനിൽ സ്ഥാപിച്ചിട്ടുള്ള തെരുവുകൾ മാസങ്ങളായി കണ്ണടച്ചിരിക്കുകയാണ്.
രാത്രി 8–9 മണിവരെ റോഡിന് ഇരുവശത്തെയും കടകളിൽ നിന്നുള്ള വെളിച്ചമുണ്ടെങ്കിലും അതുകഴിഞ്ഞാൽ കൂരിരുട്ടാണ്. വെളിച്ചക്കുറവുകാരണം ബാലരാമപുരം മുടവൂർപാറയ്ക്കു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് 2 പേർ മരിച്ചത് അടുത്തിടെയാണ്.
അന്ന് റൂറൽ എസ്പിയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഉൾപ്പെടെ സ്ഥലം സന്ദർശിക്കുകയും തെരുവു വിളക്കുകൾ പ്രകാശിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നതാണ്. അതാണ് പാഴായിരിക്കുന്നത്.
അന്ന് ഇവിടെ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിരുന്നു.
ഇപ്പോഴും ചെറുതും വലുതുമായ പല വാഹനാപകടങ്ങളും വെളിച്ചക്കുറവും മറ്റും കാരണം ഇവിടെ നടക്കുന്നുണ്ട്. ഇതൊന്നും അധികൃതർ കണ്ടമട്ടില്ല.
ബാലരാമപുരം ജംക്ഷനിൽ എംഎൽഎയുടെയും പഞ്ചായത്തിന്റെയും വക 2 ബസ് കാത്തുനിൽപ്പ് കേന്ദ്രങ്ങൾ അടുത്തടുത്തായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടെയും ആവശ്യത്തിന് വെളിച്ചമില്ല. ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് കാത്തുനിൽപ്പ് കേന്ദ്രങ്ങൾ ഏറെ വിവാദങ്ങൾക്ക് ശേഷം കൊട്ടിഘോഷിച്ചാണ് ഉദ്ഘാടനം ചെയ്തത്.
ഇവിടെ വാഹനങ്ങൾ നിർത്തിയിരിക്കുന്നതുപോലും കാണാനാവാത്ത സ്ഥിതിയാണ്. യാത്രക്കാർ കൂരിരുട്ടിലാണ് ബസ് കാത്തുനിൽക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

