കൊച്ചി ∙ ചൊവ്വാഴ്ച പുലർച്ചെ ബ്രോഡ്വേയിലുണ്ടായ തീപിടിത്തത്തിൽ 30 ലക്ഷത്തിന്റെ നഷ്ടം. വൻ ദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്.
ക്രിസ്മസ്–പുതുവത്സരാഘോഷ ഷോപ്പിങ്ങിനെത്തുന്നവരുടെ വൻതിരക്ക് ഏതാനും ദിവസമായി അനുഭവപ്പെടുന്ന നഗരത്തിന്റെ വ്യാപാര സിരാകേന്ദ്രത്തിലാണു തീപിടിത്തമുണ്ടായത്. ശ്രീധർ തിയറ്ററിനു സമീപമുള്ള കൊളുത്തറ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ ആഘാതം കുറയ്ക്കാൻ സാധിച്ചതു സമീപത്തുണ്ടായവരുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടൽ കൊണ്ട്.
രാത്രി 12.30ന് ആൾത്തിരക്ക് ഏറെക്കുറെ ഒഴിഞ്ഞപ്പോഴായിരുന്നു തീപിടിത്തം എന്നതിനാൽ മാത്രമാണ് ആളപായം ഒഴിവായത്.
കളിപ്പാട്ടങ്ങൾ വിൽക്കുന്ന ‘ഹാപ്പി ടോയ്സ്’ എന്ന കടയുടെ താഴത്തെ നിലയിലാണ് ആദ്യം തീ കത്തിപ്പടർന്നത്. തുടർന്നു സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും പടർന്നു.
പുകയുയർന്നതു ശ്രദ്ധയിൽപ്പെട്ട വ്യാപാരികൾ ക്ലബ് റോഡ് ഫയർ സ്റ്റേഷനിൽ ഒരു മണിയോടെ വിവരമറിയിച്ചു.
ക്ലബ് റോഡ്, ഗാന്ധിനഗർ, വൈപ്പിൻ, ഏലൂർ, തൃക്കാക്കര, മട്ടാഞ്ചേരി, നോർത്ത് പറവൂർ, അരൂർ എന്നിവിടങ്ങളിലെ 10 അഗ്നിരക്ഷാ യൂണിറ്റുകൾ മൂന്നര മണിക്കൂർ കഠിന പ്രയത്നം നടത്തിയാണു തീയണച്ചത്.
കളിപ്പാട്ടം, ഫാൻസി ആഭരണങ്ങൾ തുടങ്ങിയ വിൽക്കുന്ന 3 കടകളും 2 ഗോഡൗണുകളും പൂർണമായി കത്തിനശിച്ചു. സമീപത്തുള്ള മറ്റു കടകൾക്കു ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കുന്നംകുളം സ്വദേശികളായ എ.ബി.ശ്രീജിത്, എ.ബി.രഞ്ജിത്, മലപ്പുറം സ്വദേശിയായ പി.എസ്.സുഭാഷ് എന്നിവർ ചേർന്നു നടത്തുന്ന ഹാപ്പി ടോയ്സിന്റെ ളള്ളിൽ സൂക്ഷിച്ചിരുന്ന 5 ലക്ഷത്തോളം രൂപയും അഗ്നിക്കിരയായി.
കെട്ടിടത്തിന്റെ ഇടനാഴികളിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളും കത്തിനശിച്ചു. മിക്ക കടകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല.
ക്രിസ്മസ് കഴിഞ്ഞതോടെ ബ്രോഡ്വേയിൽ തിരക്കു കുറഞ്ഞതു കൊണ്ടുമാത്രമാണ് അപകടത്തിന്റെ വ്യാപ്തി കൂടാതിരുന്നതെന്നു സമീപത്തെ വ്യാപാരികൾ പറയുന്നു.
ഷോർട്ട് സർക്യൂട്ടെന്ന് അഗ്നിരക്ഷാ സേന
ബ്രോഡ്വേയിലെ തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണു പ്രാഥമിക നിഗമനമെന്നു ജില്ലാ ഫയർ ഓഫിസർ എ.ഹരികുമാർ പറഞ്ഞു. ആദ്യം തീപിടിച്ച കെട്ടിടത്തിന്റെ സ്വിച്ച് ബോർഡിൽ നിന്നു തീ പടർന്നതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഈ കടയ്ക്കുള്ളിൽ എളുപ്പം തീപടരുന്ന വസ്തുക്കളും ഉണ്ടായിരുന്നു. തീ വൻ തോതിൽ കത്തിപ്പടർന്നത് ഇതിനാലാകാം എന്നും ഹരികുമാർ പറഞ്ഞു.
കൊളുത്തറ വ്യാപാര സമുച്ചയത്തോടു ചേർന്നുള്ള മാലിന്യകൂമ്പാരത്തിൽ നിന്നായിരിക്കാം തീ ഉയർന്നതെന്നു കെഎസ്ഇബി അധികൃതർ ഇന്നലെ പറഞ്ഞിരുന്നു.
എന്നാൽ, ഇതിനു സാധ്യതയില്ലെന്നാണ് അഗ്നിരക്ഷാസേന അധികൃതർ പറയുന്നത്. അതേസമയം തീപിടിത്തത്തിൽ കത്തിയമർന്ന വസ്തുക്കൾ എങ്ങനെ നീക്കം ചെയ്യുമെന്ന ആശങ്കയിലാണു വ്യാപാരികൾ.
കൊച്ചി ∙ തീപിടിത്തമുണ്ടായ കൊളുത്തറ വ്യാപാര സമുച്ചയം സന്ദർശിച്ചു കലക്ടറും മേയറും മറ്റു ജനപ്രതിനിധികളും.
രാവിലെ പതിനൊന്നോടെ സംഭവസ്ഥലത്തെത്തിയ കലക്ടർ ഉടനെ തന്നെ യോഗം കൂടി തുടർ നടപടികളെടുക്കുമെന്ന് അറിയിച്ചു. അഗ്നിരക്ഷാസേനയ്ക്ക് കാര്യക്ഷമമായി ഇടപെടാൻ സാധിച്ചെന്നും കലക്ടർ പറഞ്ഞു.
മേത്തർ ബസാറിൽ സബ് കലക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി സുരക്ഷാ നിർദേശങ്ങൾ കൊടുത്തിരുന്നെന്നും അവർ അതു പാലിച്ചില്ലെന്നും കലക്ടർ ചൂണ്ടിക്കാട്ടി. ഇവിടെയും പ്രത്യേക സംഘത്തെ നിയോഗിച്ചു പരിശോധന നടത്തി ആവശ്യമായ മുൻകരുതലെടുക്കുമെന്നും അറിയിച്ചു.
കൊച്ചി മേയർ വി.കെ.മിനിമോളും ഹൈബി ഈഡൻ എംപിയും ടി.ജെ.വിനോദ് എംഎൽഎയും രാവിലെ അപകടസ്ഥലത്തെത്തി.
കൂട്ടിയിട്ട മാലിന്യത്തെക്കുറിച്ച് ആക്ഷേപം ഉയരുന്നുണ്ടെങ്കിലും തീപിടിത്തത്തിന്റെ കാരണം കണ്ടെത്തി ബന്ധപ്പെട്ട
വകുപ്പുകളുടെ ഔദ്യോഗിക വിശദീകരണം വരേണ്ടതുണ്ടെന്നും മേയർ മാധ്യമങ്ങളോടു പറഞ്ഞു. ആളുകൾ തിങ്ങിക്കൂടുന്ന ഇടങ്ങളിൽ പ്ലാസ്റ്റിക്, കടലാസ് ഉൾപ്പെടെയുള്ള മാലിന്യം കൃത്യമായി സംസ്കരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി സ്പെഷൽ ഡ്രൈവുകൾ സംഘടിപ്പിക്കുമെന്നും ബ്രോഡ്വേ പോലെയുള്ള തിരക്കുള്ള വ്യാപാര കേന്ദ്രങ്ങളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു സേഫ്റ്റി ഓഡിറ്റ് നടത്തുമെന്നും മേയർ പറഞ്ഞു.
വ്യാപാരികളുടെ നഷ്ടം നികത്താനുള്ള അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നു ടി.ജെ.വിനോദ് എംഎൽഎ ഉറപ്പു നൽകി.
വ്യാപാരികളുടെ സഹകരണത്തോടെ മാത്രമേ എന്തെങ്കിലുമൊരു പദ്ധതി നടപ്പിലാക്കാൻ സാധിക്കുകയുള്ളുവെന്നും ബ്രോഡ്വേയ്ക്കായി ഒരു എക്സിറ്റ് പ്ലാൻ തയാറാക്കണമെന്നും സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. ഡപ്യൂട്ടി മേയർ ദീപക് ജോയി പുലർച്ചെ തന്നെ അപകടസ്ഥലത്ത് എത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

