ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ 4-ാമത്തെ വലിയ സാമ്പത്തികശക്തിയെന്ന നേട്ടം സ്വന്തമാക്കിയെന്ന് കേന്ദ്രസർക്കാരിന്റെ വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ട്. 4.18 ലക്ഷം കോടി ഡോളർ (4.18 ട്രില്യൻ ഡോളർ) ജിഡിപി മൂല്യവുമായാണ് ഇന്ത്യ 4-ാം സ്ഥാനത്തേക്ക് ഉയർന്നത്.
അടുത്ത രണ്ടര-മൂന്ന് വർഷത്തിനകം ജർമനിയെയും ഇന്ത്യ പിന്തള്ളും. 2030ഓടെ ജിഡിപി മൂല്യം 7.3 ലക്ഷം കോടി ഡോളറിൽ എത്തുമെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) ഔദ്യോഗിക റിപ്പോർട്ട് വരുമ്പോൾ മാത്രമേ 4-ാം സ്ഥാനം നേടിയെന്ന കേന്ദ്ര സർക്കാരിന്റെ വാദം സ്ഥിരീകരിക്കാനാകൂ.
2015ൽ 2.1 ലക്ഷം കോടി ഡോളറായിരുന്നു ഇന്ത്യയുടെ ജിഡിപി മൂല്യം.
2019ൽ ഇത് 2.8 ലക്ഷം കോടി ഡോളർ ആയെങ്കിലും കോവിഡ് ആഞ്ഞടിച്ച 2020ൽ 2.6 ലക്ഷം കോടിയിലേക്ക് ഇടിഞ്ഞു. തുടർന്ന് അതിവേഗം തിരിച്ചുകയറിയ ഇന്ത്യ 2021ൽ 3.1 ലക്ഷം കോടിയിലേക്കും 2024ൽ 3.9 ലക്ഷം കോടിയിലേക്കും എത്തി.
ഈ വർഷം 4 ലക്ഷം കോടി ഡോളറും മറികടന്നു.
2028ൽ ആകും 5 ലക്ഷം കോടി ഡോളർ സമ്പദ്വ്യവസ്ഥയെന്ന നിർണായക സംഖ്യയിലേക്ക് ഇന്ത്യ എത്തുകയെന്ന് വിലയിരുത്തപ്പെടുന്നു. ഐഎംഎഫിന്റെ മുൻ റിപ്പോർട്ടുകൾ പ്രകാരം 2026ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ മൂല്യം 4.51 ലക്ഷം കോടി ഡോളറും ജപ്പാന്റേത് 4.46 ലക്ഷം കോടി ഡോളറുമായിരിക്കും.
2022ൽ ആയിരുന്നു ഇന്ത്യ യുകെയെ പിന്തള്ളി 5-ാം സ്ഥാനം നേടിയത്. 30 ട്രില്യൻ ഡോളർ മൂല്യവുമായി യുഎസ് ആണ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി.
19.23 ട്രില്യനുമായി ചൈനയാണ് രണ്ടാമത്.
നടപ്പു സാമ്പത്തിക വർഷത്തെ (2025-26) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 8.2% ജിഡിപി വളർച്ച നേടിയ ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സാമ്പത്തികശക്തിയെന്ന (ഫാസ്റ്റസ്റ്റ് ഗ്രോവിങ് മേജർ ഇക്കണോമി) എന്ന പട്ടം നിലനിർത്തിയിരുന്നു. നടപ്പുവർഷം ഇന്ത്യ പ്രതീക്ഷിക്കുന്ന ആകെ വളർച്ച 7.3 ശതമാനമാണ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിച്ചേൽപ്പിച്ച 50% തീരുവയാഘാതം നിലനിൽക്കേയാണ് ഇന്ത്യ വലിയ ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ജിഎസ്ടി 2.0 ഇളവ്, ഭേദപ്പെട്ട ക്രൂഡ് ഓയിൽ വില, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൂലധനച്ചെലവിലുണ്ടായ വർധന, കുറഞ്ഞ പണപ്പെരുപ്പം, പലിശനിരക്കിലുണ്ടായ കുറവ് തുടങ്ങിയ അനുകൂല ഘടകങ്ങളുടെ കരുത്തിലാണ് ഇന്ത്യയുടെ മുന്നേറ്റം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

