ചെറുകുന്ന് ∙ കോൺവന്റ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചാൽ പിന്നെ ചെറുകുന്ന് കതിരുവക്കുംതറ ടൗൺ ഗതാഗതക്കുരുക്കിലേക്കു നീങ്ങും. വാഹനങ്ങളുടെ നിര കെഎസ്ടിപി റോഡിലേക്ക് നീളുന്നതോടെ കുരുക്കിനു തുടക്കമാകും.
പതിവായി തിരക്കേറിയ ടൗണിൽ ഗതാഗതം നിയന്ത്രിക്കാൻ സ്ഥിരമായി പൊലീസിനെ നിയോഗിച്ചിട്ടും ഫലമില്ലാത്ത നിലയിലാണ്. റെയിൽവേ ഗേറ്റ് തുറക്കുന്നതോടെ വാഹനക്കുരുക്ക് തീരാൻ ഏറെ പണിപ്പെടണം.
ഗതാഗതതടസ്സം കാരണം പലപ്പോഴും ആംബുലൻസ് പോലും കടന്നുപോകാൻ പ്രയാസമാണ്.
പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂരിലേക്കു പോകുന്ന വാഹനങ്ങൾക്കു മുന്നോട്ടുപോകണമെങ്കിൽ ഗേറ്റിനു മുന്നിൽ നിന്നുള്ള വാഹനങ്ങൾ ഒഴിയണം. റോഡിനു വീതി കുറവായതിനാൽ വാഹനങ്ങൾക്ക് പെട്ടെന്നു കടന്നുപോകാൻ സാധിക്കില്ല.
ഇതിനിടയിൽ കാൽനടയാത്രക്കാർ പോലും ദുരിതത്തിലാകുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയുണ്ടാകുന്നില്ലെന്നു യാത്രക്കാർ പരാതിപ്പെട്ടു.
ചെറുകുന്ന്, കണ്ണപുരം റെയിൽവേ ഗേറ്റുകൾക്ക് റെയിൽവേ മേൽപാലം നിർമിക്കാൻ അനുമതി നേരത്തേ ലഭിച്ചിരുന്നു. എന്നിട്ടും വിവിധ സർവേകൾ നടന്നതല്ലാതെ നിർമാണം തുടങ്ങാനുള്ള നടപടിയൊന്നും ഇല്ല.
ദേശീയപാത നിർമാണം നടക്കുന്നതിനാൽ കെഎസ്ടിപി പാപ്പിനിശ്ശേരി–പിലാത്തറ റോഡ് വഴിയാണ് ദീർഘദൂര ചരക്കുവാഹനങ്ങളും പാചകവാതക ടാങ്കർ ലോറികളും കടന്നുപോകുന്നത്.
ഇതും വാഹനക്കുരുക്കിനു കാരണമാകുന്നുണ്ട്. കണ്ണപുരം, ഇരിണാവ് റെയിൽവേ ഗേറ്റ് അടച്ചിടുമ്പോഴും കെഎസ്ടിപി റോഡിൽ ഗതാഗതക്കുരുക്ക് പതിവാണ്. ചെറുകുന്നിലും കണ്ണപുരത്തും റെയിൽവേ മേൽപാലത്തിന്റെ നിർമാണം ഉടൻ തുടങ്ങണമെന്നാണു നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

