പിറവം ∙ ക്വാർട്ടേഴ്സുകളും സ്റ്റേഷൻ കെട്ടിടവും ജീർണാവസ്ഥയിലായതോടെ പിറവത്തു സിവിൽ പൊലീസ് ഓഫിസർമാർ താമസിക്കാൻ സൗകര്യമില്ലാതെ വലയുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള ഭൂരിഭാഗം ക്വാർട്ടേഴ്സ് മന്ദിരങ്ങളും ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലായി. മിക്കവയിൽ നിന്നു താമസക്കാർ ഒഴിഞ്ഞു കഴിഞ്ഞു.
2.5 ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ക്വാർട്ടേഴ്സ് സമുച്ചയം നവീകരിച്ചാൽ ഒട്ടേറെ സാധ്യതകളാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇൻസ്പെക്ടർ ഓഫിസ് ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷൻ മന്ദിരത്തിലും സ്ഥലസൗകര്യങ്ങൾ പരിമിതമാണ്. 50 ഓളം സിവിൽ പൊലീസ് ഓഫിസർമാരാണ് ജോലി ചെയ്യുന്നത്.
മൂന്നര പതിറ്റാണ്ട് മുൻപു സർക്കിൾ സ്റ്റേഷൻ നിലവിൽ വന്നപ്പോഴാണ് ഇവിടെയുള്ള സ്ഥലത്തു 12 ക്വാർട്ടേഴ്സുകൾ നിർമിക്കുന്നത്. 2 മുറി, അടുക്കളയും ഉൾപ്പെടെ ഓടു മേഞ്ഞ കെട്ടിടങ്ങളായിരുന്നു ഇവ.
കാലപ്പഴക്കത്തിൽ അറ്റകുറ്റപ്പണികൾക്ക് പൊതുമരാമത്ത് വകുപ്പ് തയാറാകാതിരുന്നതോടെയാണ് ഇവ ഉപയോഗശൂന്യമായത്. ഓടുമേഞ്ഞ കെട്ടിടങ്ങളിലെല്ലാം ചോർച്ച അനുഭവപ്പെട്ടുതുടങ്ങി.
ചിതലരിച്ചു പട്ടികകളും കഴുക്കോലുമെല്ലാം തകർന്നു വീണു.
അതേസമയം, പിറവത്ത് നേരത്തെ പരിഗണനയിൽ ഉണ്ടായിരുന്ന ഡിവൈഎസ്പി ഓഫിസ് പുത്തൻകുരിശിൽ അനുവദിച്ചതോടെ ഇനി ഒരു ഡിവൈഎസ്പി ഓഫിസ് രൂപീകരിക്കുകയാണെങ്കിൽ ഏറ്റവും യോജിച്ച സ്ഥലം പിറവമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പിറവത്ത് 2.5 ഏക്കറോളം സ്ഥലം ഉള്ളതിനാൽ ഡിവൈഎസ്പി ഓഫിസിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് ബുദ്ധിമുട്ടേണ്ടതില്ല. നിലവിലുള്ള കെട്ടിടം പൊളിച്ചു നീക്കി ഫ്ലാറ്റ് മാതൃകയിൽ പണിതാൽ പരേഡ് അടക്കമുള്ള കാര്യങ്ങൾക്കും പ്രയോജനകരമാകും.
പൊതുകളിസ്ഥലമില്ലാത്ത പിറവത്തു നിലവിലുള്ള സ്ഥലത്തിൽ നിന്നു 50 സെന്റ് എങ്കിലും വിട്ടു കിട്ടിയാൽ കളി സ്ഥലം രൂപീകരിക്കാനാകും. ഇക്കാര്യത്തിൽ ഭരണതലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

