തണ്ണിത്തോട് ∙ വാഹന യാത്രക്കാർക്ക് പ്രയോജനപ്പെടാതെ പൊതുമരാമത്ത് റോഡിലെ സൂചനാ ബോർഡുകൾ. കോന്നി – തണ്ണിത്തോട് റോഡിൽ ഞള്ളൂർ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള വനഭാഗത്താണ് സൂചനാ ബോർഡുകൾ യാത്രക്കാർക്ക് പ്രയോജനപ്പെടാത്ത തരത്തിലായിട്ടും അധികൃതർ അറിയാതെ പോകുന്നത്.
എഴുത്തുകൾ മാഞ്ഞും തൂണിൽ നിന്ന് ബോർഡ് ഇളകി മാറിയും മരം വീണും വാഹനം തട്ടിയും ഒടിഞ്ഞും കാട് മറച്ചും സൂചന ലഭിക്കാത്ത ഒട്ടേറെ ബോർഡുകളുണ്ട്.
അപകട വളവുകളിലെ ബോർഡുകളിലെ എഴുത്ത് മാഞ്ഞും ഇളകിമാറിയും കാണാം.
പല ഭാഗത്തും റോഡിലേക്ക് കാട് വളർന്നുകയറുന്നതോടെ ബോർഡുകൾ കാണാൻ കഴിയാതെ വരുന്നു. കലുങ്കുകൾക്ക് സമീപത്തെ സൂചനാ ബോർഡുകളിൽ മിക്കവയും ഇളകിപ്പോയിട്ടുണ്ട്.
പല ഭാഗങ്ങളിലും റിഫ്ലക്ടർ സ്റ്റംപുകൾ ഇളകിവീണ് കിടക്കുന്നു. റോഡരികിലെ കോൺക്രീറ്റ് തൂണുകളിലെ റിഫ്ലക്ടറുകളും പലയിടത്തും ഇളകിപ്പോയിട്ടുണ്ട്.
ഇതു കാരണം രാത്രി കാലങ്ങളിൽ റോഡിന്റെ അരിക് മനസ്സിലാക്കാനാകാതെ വാഹനങ്ങൾ താഴ്ചയിലേക്ക് ചാടി അപകടത്തിന് സാധ്യതയുണ്ട്.
റോഡിന്റെ മധ്യഭാഗത്തെയും വശങ്ങളിലെയും മാഞ്ഞുപോയ വരകൾ ഒരു വർഷം മുൻപ് വീണ്ടും വരച്ചിരുന്നു. എന്നാൽ റോഡ് സുരക്ഷയ്ക്കായി സ്ഥാപിച്ച സൂചനാ ബോർഡുകൾ ഏറെക്കാലമായി പ്രയോജനപ്പെടാതെ പോകുമ്പോഴും മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറാകുന്നില്ല.
അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് വിവിധ ജില്ലകളിൽ നിന്ന് എത്തുന്ന സഞ്ചാരികളും ഒട്ടേറെ ശബരിമല തീർഥാടകരും സഞ്ചരിക്കുന്ന റോഡായിട്ടും അധികൃതരുടെ അനാസ്ഥ കാരണം സൂചനാ ബോർഡുകൾ ഉപയോഗപ്പെടുത്താതെ അപകടത്തിന് വഴിവയ്ക്കുകയാണെന്ന് ആക്ഷേപമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

