ദേശീയതലത്തിൽ തന്നെ 3ജി സേവനം അവസാനിപ്പിക്കാനുള്ള നീക്കത്തിൽ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. നിലവിൽ രാജ്യത്ത് 97,841 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട്.
കൂടുതൽ ടവറുകൾ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
രാജ്യമെമ്പാടും 4ജി എത്തുന്നതോടെ 3ജി നിർത്താനാണ് തീരുമാനം. അതായത്, 4ജിക്കൊപ്പം 3ജി സേവനം തുടരില്ല.
നിലവിൽ 3ജി സേവനത്തിന് കമ്പനിയുമായി സഹകരിക്കുന്ന നോക്കിയ, ചൈനീസ് കമ്പനി സെഡ്ടിഇ എന്നിവയുമായുള്ള കരാറും ബിഎസ്എൻഎൽ അവസാനിപ്പിക്കും.
ബിഎസ്എൻഎൽ ഏറെ വൈകാതെ 5ജിയിലേക്കും പ്രവേശിക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അതേസമയം, ഇക്കാര്യങ്ങൾ ബിഎസ്എൻഎൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സെപ്റ്റംബറിലെ കണക്കുപ്രകാരം ബിഎസ്എൻഎലിന് ആകെ 9.23 കോടി മൊബൈൽ വരിക്കാരാണുള്ളത്.
ഇതിൽ 7 കോടിപ്പേർ ഇപ്പോഴും 3ജി സേവനമാണ് ഉപയോഗിക്കുന്നത്. ഇവർക്ക് ബിഎസ്എൻഎൽ ഓഫിസിലെത്തി 4ജി സിം നേടാം.
അതേസമയം, പഴയ 3ജി ഫോണുകളോ ഫീച്ചർ ഫോണുകളോ ഉപയോഗിക്കുന്നവർ 4ജി/5ജി ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും.
ഇക്കൊല്ലം മാർച്ചുവരെയുള്ള കണക്കുപ്രകാരം ബിഎസ്എൻഎലിന് രാജ്യത്താകെ 58,919 എണ്ണം 3ജി ടവറുകളാണുള്ളത്. 5,863 പട്ടണങ്ങളിൽ 3ജി സേവനങ്ങൾ എത്തുന്നു.
3ജി സേവനങ്ങൾ അവസാനിപ്പിക്കുമെന്ന് ബിഎസ്എൻഎൽ ഇതുവരെയും ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച നടപടി സ്വീകരിക്കണമെന്ന് എല്ലാ സർക്കിളുകളിലെയും ചീഫ് ജനറൽ മാനേജർമാർക്ക് നിർദേശം നൽകിയെന്ന് അറിയുന്നു.
ബിഎസ്എൻഎൽ ഇപ്പോൾ വരിക്കാരുടെ എണ്ണത്തിലും വരുമാനത്തിലും തിരിച്ചുവരവിന്റെ പാതയിലാണ്. 18 വർഷത്തിന് ശേഷം തുടർച്ചയായ രണ്ട് ത്രൈമാസങ്ങളിൽ ലാഭത്തിലാവാനും കമ്പനിക്ക് കഴിഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ 262 കോടി രൂപയും മാർച്ച് പാദത്തിൽ 280 കോടി രൂപയുമാണ് ലാഭം.
എന്നാൽ പിന്നീടുള്ള ത്രൈമാസങ്ങളിൽ ചുവപ്പിലേക്ക് വീണു. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 1,357 കോടി രൂപയായിരുന്നു നഷ്ടം.
4ജി സേവനങ്ങൾ ആരംഭിച്ചതോടെ 5,167 കോടി രൂപ വരുമാനംം നേടി. നടപ്പുസാമ്പത്തിക വർഷം 28,476 കോടി രൂപയുടെ വരുമാനമാണ് കമ്പനിയുടെ ലക്ഷ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

