മണ്ണാർക്കാട് ∙ സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തത്തിന്റെ സന്ദേശയാത്രയ്ക്ക് മണ്ണാർക്കാട്ട് ഉജ്വല സ്വീകരണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങൾ മണ്ണാർക്കാടിനെ പാൽക്കടലാക്കി.
മണ്ണാർക്കാട് ആൽത്തറ ജംക്ഷനിൽ നിന്നു ജാഥാംഗങ്ങളെ സമ്മേളനവേദിയായ നെല്ലിപ്പുഴ ജംക്ഷനിലേക്ക് ആനയിച്ചു. നൂറുകണക്കിനു വാഹനങ്ങളും ആയിരക്കണക്കിനു പ്രവർത്തകരും അണിനിരന്നതോടെ നഗരം ജനസാഗരമായി.
ജാഥയ്ക്ക് അകമ്പടിയായി ദഫ് സംഘങ്ങളും വിഖായ അംഗങ്ങളും അണിനിരന്നു.
ജാഥാ ക്യാപ്റ്റനും സമസ്ത പ്രസിഡന്റുമായ ജിഫ്രി മുത്തുക്കോയ തങ്ങൾ രാത്രി എട്ടു മണിയോടെ എത്തി. ആയിരങ്ങൾ മണിക്കൂറുകളോളം അദ്ദേഹത്തെ കാത്തുനിന്നു.
തക്ബീർ ധ്വനികളുടെയും സ്വീകരണഗാനത്തിന്റെയും അകമ്പടിയോടെയാണ് സമസ്ത നേതാക്കളെ വേദിയിലേക്കു സ്വീകരിച്ചത്. ‘ആദർശവിശ്വാസത്തിന്റെ നൂറ്റാണ്ടുകൾ’ എന്ന പ്രമേയത്തിൽ ഫെബ്രുവരി നാലു മുതൽ എട്ടു വരെ കാസർകോടാണ് നൂറാം വാർഷിക സമ്മേളനം.
സമസ്തയ്ക്കെതിരെ എന്തും പറയാമെന്ന് കരുതേണ്ട: ജിഫ്രി മുത്തുക്കോയ തങ്ങൾ
മണ്ണാർക്കാട് ∙ സമസ്തയ്ക്ക് എതിരെ എന്തും പറയാമെന്ന് ആരും കരുതേണ്ടെന്നും തിരിച്ചു പ്രതികരിക്കുമെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
സമസ്ത നൂറാം വാർഷിക സന്ദേശജാഥയ്ക്ക് മണ്ണാർക്കാട്ടു നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സമസ്ത പാവം സംഘടനയാണെന്നും എന്തും പറയാമെന്നുമാണ് പലരുടെയും ധാരണ.
യഥാർഥ ഇസ്ലാമാണ് സമസ്ത പ്രചരിപ്പിക്കുന്നത്. സഹോദര മതസ്ഥരോട് സ്നേഹത്തിലും സൗഹാർദത്തിലും കഴിയാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
ഏതു വിശ്വാസിയാണെങ്കിലും അവരുമായുള്ള സൗഹൃദം തകർക്കുന്ന പ്രവൃത്തി നമ്മിൽ നിന്നുണ്ടാവരുത്. പ്രവൃത്തിയിലും വാക്കുകളിലും വിശുദ്ധി സംരക്ഷിക്കണം, പണം സമ്പാദിക്കുന്നതിൽ പ്രത്യേകിച്ചും.
പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും ഉയർച്ചയുണ്ടാകുമ്പോൾ അപവാദപ്രചാരണം സ്വാഭാവികമാണ്. നമുക്കെതിരെ പറയുന്നവർക്കും പ്രവർത്തിക്കുന്നവർക്കും വേണ്ടി പ്രാർഥിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ് എംപി ഹംദുല്ല സഈദ് ഉദ്ഘാടനം ചെയ്തു.
സമസ്ത വൈസ് പ്രസിഡന്റ് എം.പി.കുഞ്ഞിമുഹമ്മദ് മുസല്യാർ അധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, എം.ടി.അബ്ദുല്ല മുസല്യാർ, വി.കെ,ശ്രീകണ്ഠൻ എംപി, എൻ.ഷംസുദ്ദീൻ എംഎൽഎ, പി.മുഹസിൻ എംഎൽഎ, കെടിഡിസി അധ്യക്ഷൻ പി.കെ.ശശി, ഇ.അലവി ഫൈസി കുളുപ്പറമ്പ്, പി.എം.അബ്ദുല്ല ബാഖവി വടക്കേകാട്, സയ്യിദ് ഇമ്പിച്ചക്കോയ തങ്ങൾ കൊടക്കാട്, പഴേരി ഷരീഫ് ഹാജി, കെ.സി.അബൂബക്കർ ദാരിമി, കബീർ അൻവരി, സി.മുഹമ്മദ് ബഷീർ, ജോസ് ബേബി, കെ.മൻസൂർ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

