കാക്കനാട് ∙ തൃക്കാക്കര നഗരസഭയിൽ ആദ്യമായി 5 വർഷത്തേക്ക് ഒറ്റ ചെയർമാനെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ്. ചൊവ്വാഴ്ച കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നടത്തിയ ഹിത പരിശോധനയിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളംപിള്ളിയെ 5 വർഷത്തേക്ക് ചെയർമാനായി നിശ്ചയിക്കണമെന്ന ആവശ്യം ഭൂരിപക്ഷം കൗൺസിലർമാരും ഉന്നയിച്ചു.
റാഷിദിനെ ചെയർമാൻ സ്ഥാനാർഥിയാക്കി ഡിസിസി വിപ്പും പുറപ്പെടുവിച്ചു.
നഗരസഭ രൂപം കൊണ്ടതിനു ശേഷം ആദ്യമായാണ് 5 വർഷത്തേക്ക് ഒരു ചെയർമാനെ പാർട്ടി നിശ്ചയിക്കുന്നത്. 2010ൽ നഗരസഭ രൂപം കൊണ്ട
ആദ്യ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടിയപ്പോൾ പോലും ഭരണം ഒരു ചെയർമാനിൽ ഒതുക്കാനായില്ല. കോൺഗ്രസിൽ വീതം വയ്പ് ഉണ്ടായതിനെ തുടർന്നു മൂന്നു തവണ ചെയർമാൻ തിരഞ്ഞെടുപ്പു നടത്തേണ്ടി വന്നു.
2015– 2020 കാലഘട്ടത്തിൽ യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിച്ചപ്പോൾ 4 പേരാണ് ചെയർമാൻ പദവി വഹിച്ചത്. കഴിഞ്ഞ ഭരണ സമിതിയിൽ യുഡിഎഫ് ഭരിച്ചപ്പോഴും അധ്യക്ഷ പദവി വീതം വയ്ക്കേണ്ടി വന്നു.
ഇത്തവണ യുഡിഎഫിന് മികച്ച ഭൂരിപക്ഷം കിട്ടിയതോടെയാണ് ഒറ്റ ചെയർമാനെന്ന ആവശ്യമുയർന്നത്.
‘‘തൃക്കാക്കര: 5 വർഷം ഒറ്റക്കസേര ഉറപ്പാക്കാൻ കോൺഗ്രസ് നേതൃത്വം’’ എന്ന തലക്കെട്ടിൽ വോട്ടെണ്ണലിന്റെ പിറ്റേന്നു ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ച വാർത്തയ്ക്കു സമൂഹ മാധ്യമങ്ങളിലൂടെ കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും വലിയ പിന്തുണയാണ് നൽകിയത്. കഴിഞ്ഞ ഭരണ സമിതിയിൽ വൈസ് ചെയർമാൻ പദവിയും 4 പേർക്കു വീതം വച്ചിരുന്നു.
ഇത്തവണ ഈ സ്ഥാനവും ഒരാൾ തന്നെ 5 വർഷവും വഹിക്കാനാണ് തീരുമാനം. മുസ്ലിം ലീഗിലെ ഷെറീന ഷുക്കൂറിനെയാണ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നിശ്ചയിച്ചത്.
നാളെ രാവിലെ 10നാണ് നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ്. ഉച്ചയ്ക്കു വൈസ് ചെയർപഴ്സനെയും തിരഞ്ഞെടുക്കും.
കോൺഗ്രസ്, മുസ്ലിം ലീഗ് കൗൺസിലർമാർക്ക് ഡിസിസി പ്രസിഡന്റിന്റെ വിപ് ഇന്നലെ വിതരണം ചെയ്തു.
യുഡിഎഫ് വിജയാഘോഷം നാളെ
തൃക്കാക്കര നഗരസഭയിൽ വീണ്ടും അധികാരത്തിലെത്തിയ യുഡിഎഫ് നാളെ വിജയാഹ്ലാദ ദിനമായി ആഘോഷിക്കും. എല്ലാ വാർഡുകളിലും ആഘോഷ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലൂടെയും വിജയാഹ്ലാദ വാഹന ഘോഷയാത്ര നടത്തും.
വിജയിച്ച 27 യുഡിഎഫ് കൗൺസിലർമാരെയും തുറന്ന വാഹനത്തിൽ എല്ലാ വാർഡുകളിലൂടെയും ആനയിക്കും. ഇവർക്ക് അകമ്പടിയായി വാഹന റാലിയും ഒരുക്കിയിട്ടുണ്ട്.
നാളെ വൈകിട്ട് വൈസ് ചെയർപഴ്സൻ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും കഴിഞ്ഞ ശേഷം വാർഡുകളിലേക്കുള്ള വാഹന റാലി പുറപ്പെടും. വാർഡുകളിൽ ചുറ്റി സഞ്ചരിച്ച ശേഷം രാത്രി എൻജിഒ ക്വാർട്ടേഴ്സ് ജംക്ഷനിൽ സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

