കൊല്ലം∙ പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും സന്ദേശമുയർത്തി ലോകരക്ഷകന്റെ തിരുപ്പിറവി ദിനം ഇന്ന്. ദിവസങ്ങളോളം നീണ്ട
ഒരുക്കങ്ങൾക്കു ശേഷം നാടും വീടും ക്രിസ്മസ് ആഘോഷത്തിൽ നിറയും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിൽ ക്രിസ്മസ് വൈബിലേക്കെത്താൻ കുറച്ചു വൈകിയെങ്കിലും വിപണിയിലെ ആഘോഷം നേരത്തെ തുടങ്ങിയിരുന്നു.
പതിവുതെറ്റിക്കാതെ ഇന്നലെയും ക്രിസ്മസ് മാർക്കറ്റുകളിലേക്ക് ആളുകൾ ഒഴുകിയെത്തി.
ആഘോഷങ്ങളുടെ അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമായി വിൽപന പൊടിപൊടിച്ചു.
സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നൽകാൻ ക്രിസ്മസ് ഗിഫ്റ്റുകൾ തിരയുന്നവർ മുതൽ മുൻവർഷങ്ങളിൽ ഉപയോഗിച്ചിരുന്ന പുൽക്കൂടിന്റെയും ക്രിസ്മസ് റീത്തിന്റെയുമെല്ലാം മോടി കൂട്ടാൻ അലങ്കാരവസ്തുക്കൾ വാങ്ങാനെത്തിയവർ വരെ വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെട്ടത്.
ബിരിയാണി, ബീഫ്, പാലപ്പം, മട്ടൻ ,താറാവ് റോസ്റ്റ് തുടങ്ങി വിഭവസമൃദ്ധമായ ക്രിസ്മസ് ഭക്ഷണം തീൻമേശയിലൊരുക്കുന്നതിന്റെ തയാറെടുപ്പുകളും ഇന്നലെ മുതൽ തുടങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ശ്രുശ്രൂഷയ്ക്കും പാതിരകുർബാനയ്ക്കും ശേഷം കലാപരിപാടികൾ അവതരിപ്പിച്ചു വീട്ടിലെത്തിയവർ കേക്കു മുറിച്ചും കുടുംബാംഗങ്ങൾക്ക് ആശംസകൾ അറിയിച്ചും പ്രഭാത ഭക്ഷണം ഒരുക്കിയും ഉണ്ണിയേശുവിന്റെ തിരുനാളിനെ സന്തോഷത്തോടെ വരവേറ്റു.
കലാപരിപാടികൾ ആസ്വദിക്കാം
വാടി കോസ്റ്റൽ യങ്മെൻസ് സൊസൈറ്റി, കോസ്റ്റൽ പബ്ലിക് ലൈബ്രറി, സിആർസി, തീരദേശ കലാസമിതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന ക്രിസ്മസ് ആഘോഷമായ ‘സർഗതീരം 2025’ന്റെ ഭാഗമായി 27 വരെ വിവിധ പരിപാടികൾ അരങ്ങേറും.
ഇന്ന് രാവിലെ 10നു ബൈക്ക് സ്ലോറൈസ്, സൈക്കിൾ സ്ലോറൈസ്, 3 മുതൽ കായിക കൗതുക മത്സരങ്ങളും ഫാൻസി ഡ്രസ് മത്സരവും.
രാത്രി 7 മുതൽ കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.ഏഴു ദിവസം നീണ്ടു നിന്ന തീരദേശത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കു നാളെ സമാപനമാകും. 6നു സമാപനസമ്മേളനവും സ്കോളർഷിപ് വിതരണവും സമ്മാനദാനവും.
8നു പത്തനാപുരം ഗാന്ധി ഭവൻ തിയറ്റർ അവതരിപ്പിക്കുന്ന നാടകം: ഗാന്ധി അരങ്ങിലെത്തും.
ക്രിസ്മസ് – പുതുവത്സര ആഘോഷം ജലയാനങ്ങളിലെ യാത്രക്കാർക്ക് കർശന സുരക്ഷാ നിർദേശം
കൊല്ലം ∙ ജലയാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കു കർശന സുരക്ഷ ഒരുക്കണമെന്നു പോർട്ട് കൺസർവേറ്റർ നിർദേശം നൽകി. ജലയാനങ്ങളുടെ ഉടമകൾ, ഓപ്പറേറ്റർമാർ, ജീവനക്കാർ എന്നിവർക്കാണു സുരക്ഷ മുന്നറിയിപ്പു നൽകിയത്.
ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വിനോദ യാത്രയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണു സുരക്ഷാ നിർദേശം നൽകിയത്.
എല്ലാ യാനങ്ങളും കൃത്യമായ നിയമങ്ങൾ പാലിച്ചു മാത്രമേ സർവീസ് നടത്താൻ അനുവദിക്കുകയുള്ളൂ. ജലയാനങ്ങൾ സർവീസ് നടത്തുന്ന സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് സംഘത്തിന്റെ പരിശോധന ശക്തമാക്കാനും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.
സർവീസ് നടത്തുന്ന എല്ലാ യാനങ്ങളുടെയും രേഖകൾ അടക്കമുള്ളവ കൃത്യമായി പാലിക്കണം, അമിതമായി ആളുകളെ കയറ്റി സർവീസ് നടത്താൻ അനുവദിക്കുകയില്ല, യാത്രക്കാർ നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണം, ലഹരി ഉൽപന്നങ്ങളുടെ ഉപയോഗവും പരിസ്ഥിതി മലിനീകരണവും പൂർണമായും ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങൾ ഉത്തരവിലുണ്ട്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ 236 സ്ഥാപനങ്ങളിൽ പരിശോധന
കൊല്ലം ∙ ക്രിസ്മസ്-പുതുവത്സരകാലത്തു ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ 236 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
ലൈസൻസില്ലാത്ത 7 സ്ഥാപനങ്ങൾ അടപ്പിച്ചു. ന്യൂനതകൾ കണ്ടെത്തിയ 23 സ്ഥാപനങ്ങൾക്കു നോട്ടിസും 15 സ്ഥാപനങ്ങൾക്കു പിഴയും നൽകി.
വിവിധ സ്ഥാപനങ്ങളിൽനിന്നു കണ്ടെത്തിയ കേക്ക്, വൈൻ തുടങ്ങി 23 സാംപിളുകൾ പരിശോധനയ്ക്കയച്ചു. വ്യാപകവും കർശനവുമായ പരിശോധനകൾ ജില്ലയൊട്ടാകെ നടത്തുമെന്നു കലക്ടർ എൻ.ദേവിദാസ്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകൾ വിപുലീകരിക്കുന്നതിനു നിർദേശം നൽകി.
സർക്കാർ സ്കൂൾ-അങ്കണവാടികളിലെ പാചകക്കാർ, ഹെൽപർമാർ തുടങ്ങിയവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും. ഭക്ഷ്യസുരക്ഷ സംബന്ധിച്ചു സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുകയാണ്. കൊല്ലം-കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനുകളിൽ ഓഡിറ്റ് നടത്തി എഫ്എസ്എസ്എഐയുടെ ‘ഈറ്റ് റൈറ്റ് സ്റ്റേഷൻ’ സർട്ടിഫിക്കേഷൻ നൽകി.
അങ്കണവാടി പാചകക്കാർ, റേഷൻ ഡീലർമാർ, ഹോട്ടൽ-റസ്റ്റോറന്റ് ഭക്ഷ്യ സംരംഭകർ, വ്യാപാരികൾ എന്നിവർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട് എന്ന് വ്യക്തമാക്കി.
ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സമീകൃത ഭക്ഷണശീലങ്ങളെ പറ്റി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തുന്ന ബോധവൽക്കരണ പരിപാടിയായ ‘ആരോഗ്യ തളികയുടെ’ പ്രചാരണ ബോർഡ് പ്രകാശനം ചെയ്തു. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണർ എ.സക്കീർ ഹുസൈൻ, ജില്ലാ സപ്ലൈ ഓഫിസർ ജി.എസ്.ഗോപകുമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി.വിഷ്ണുപ്രസാദ്, ഫുഡ് സേഫ്റ്റി ഓഫിസർ ബി.എസ്.അഖില തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

