തിരുവനന്തപുരം ∙ കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ സജ്ജമാക്കിയ സ്കിൻ ബാങ്കിൽ മൃതദേഹത്തിൽ നിന്ന് എടുത്ത ചർമത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46) ശരീരത്തിൽ നിന്നെടുത്ത ചർമമാണു സംരക്ഷിക്കുന്നത്.
ഷിബുവിന്റെ 7 അവയവങ്ങൾ ദാനം ചെയ്തിരുന്നു. പ്രത്യേക താപനിലയിലാണു ചർമം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കൽ പ്രോസസിങ്ങിനു ശേഷം അത്യാവശ്യമുള്ള രോഗികൾക്ക് പ്ലാസ്റ്റിക് സർജറിയിലൂടെ ചർമം വച്ചുപിടിപ്പിക്കും.
അപകടത്തിലും പൊള്ളലേറ്റും ചർമം നഷ്ടപ്പെട്ടവർക്ക് ജീവൻ നിലനിർത്താൻ ഇത് അത്യാവശ്യമാണ്.
പരുക്കേറ്റ ഭാഗത്തു പുതിയ ചർമം ഒരു കവചമായി മാറും. മാത്രമല്ല അണുബാധയും വേദനയും ധാതുലവണ നഷ്ടവും കുറയ്ക്കാൻ ഇതു സഹായിക്കും. ബേൺസ് യൂണിറ്റിനൊപ്പം 6.75 കോടി ചെലവഴിച്ചാണ് സ്കിൻ ബാങ്ക് സജ്ജമാക്കിയതെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിലും സ്കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
ചർമദാനം; മടിക്കുപിന്നിൽ തെറ്റായ ധാരണകൾ
അവയവദാനം ചെയ്യാൻ സന്നദ്ധരാകുന്നവർ തെറ്റിദ്ധാരണ മൂലം ചർമം നൽകാറില്ല.
ചർമം എടുത്താൽ മൃതദേഹം വിരൂപമാകുമെന്നു കരുതിയാണ് ഇതെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിയുടെ ബേൺസ് യൂണിറ്റിന്റെയും മേധാവി ഡോ.എ.പി.പ്രേംലാൽ പറഞ്ഞു. ഷിബുവിന്റെ തുടയുടെ പിൻഭാഗത്തെ ചർമമാണ് എടുത്തത്. മുതുകിലെ ചർമവും എടുക്കാറുണ്ട്.
അതിനുശേഷം ചർമം എടുത്തതായി തിരിച്ചറിയാത്തവിധം അവിടെ മാറ്റംവരുത്തും. മൃതദേഹം മലർത്തി കിടത്തുമ്പോൾ കാണുന്ന മുഖം, വയർ ഉൾപ്പെടെ ഒരു ഭാഗത്തെയും ചർമം എടുക്കാറില്ല.
അവയവദാനത്തിന് അനുമതി നൽകുന്നവർ ചർമം എടുക്കാൻ കൂടി സമ്മതിച്ചാൽ ഒട്ടേറെപ്പേരുടെ കഠിനമായ വേദന ഒഴിവാക്കാനാകുമെന്നു ഡോ.പ്രേംലാൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

