പത്തനംതിട്ട ∙ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട
ജനപ്രതിനിധികളുടെ കഴിഞ്ഞ ദിവസത്തെ സത്യപ്രതിജ്ഞ ചടങ്ങിനിടയിൽ പലയിടത്തും നാടകീയ സംഭവങ്ങൾ. ഇതേ തുടർന്നു പലയിടത്തും അംഗങ്ങൾ പ്രശ്നങ്ങൾ ഉന്നയിച്ചതോടെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
∙ അടൂർ ഏഴംകുളം പഞ്ചായത്തിലെ 20–ാം വാർഡിലെ ബിജെപി അംഗം സത്യപ്രതിജ്ഞ ചൊല്ലിയത് സംസ്കൃതത്തിൽ.
എൻ.രജനിയാണ് സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയത്. ∙ സീതത്തോട് പഞ്ചായത്തിൽ 13ാം വാർഡിലെ യുഡിഎഫ് അംഗം ഷീജ സത്താർ അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയതിനെ സംബന്ധിച്ച് തർക്കം.
പ്രശ്നം റിട്ടേണിങ് ഓഫിസറുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് ഈശ്വര നാമത്തിൽ പ്രതിജ്ഞ ചെയ്തു തർക്കം പരിഹരിച്ചു.
∙ കോന്നി പഞ്ചായത്തിലെ 14–ാം വാർഡ് അംഗം ഐവാൻ വകയാർ പേര് പറയാതെ സത്യവാചകം ചൊല്ലിയതു സംബന്ധിച്ച് എൽഡിഎഫ് അംഗങ്ങൾ തർക്കം ഉന്നയിച്ചപ്പോൾ വീണ്ടും പ്രതിജ്ഞ ചൊല്ലേണ്ടി വന്നു. ∙ കോയിപ്രം പഞ്ചായത്തിൽ ബിജെപി അംഗങ്ങൾ ദൈവനാമത്തിലും വീരബലിദാനികളുടെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തത് വിവാദമായി.
കുറവൻകുഴി, പുല്ലാട് കിഴക്ക്, പൂവത്തൂർ, കോയിപ്രം, കടപ്ര എന്നീ വാർഡുകളിലെ അംഗങ്ങളാണ് ഇങ്ങനെ പ്രതിജ്ഞയെടുത്തത്. ചടങ്ങ് പൂർത്തിയായ ശേഷം വിവരം അറിഞ്ഞ സിപിഎം നേതൃത്വം വിഷയം ഏറ്റെടുക്കുകയും പുല്ലാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.കെ.സന്തോഷ് കലക്ടർക്ക് പരാതി നൽകുകയുമായിരുന്നു.
∙ തോട്ടപ്പുഴശേരി പഞ്ചായത്തിൽ സത്യപ്രതിജ്ഞയുടെ വേദി മാറ്റിയതിൽ തർക്കം.
ജനങ്ങൾ ഏറെ പങ്കെടുക്കുമെന്നതിനാൽ വേദി മാരാമൺ റിട്രീറ്റ് സെന്ററിലേക്കു മാറ്റണമെന്നു രണ്ടു ദിവസം മുൻപ് യുഡിഎഫ് പ്രതിനിധികൾ ആവശ്യം ഉന്നയിച്ചതു പരിഗണിച്ചാണ് വേദി ബുക്ക് ചെയ്തത്. എന്നാൽ അതിനു മുൻപു തന്നെ പഞ്ചായത്ത് ഹാളിൽ ചടങ്ങു നടക്കുമെന്നു കാണിച്ച് അംഗങ്ങൾക്കു നോട്ടിസ് നൽകിയിരുന്നു.
എന്നാൽ വേദി മാറ്റിയതു സംബന്ധിച്ച നോട്ടിസ് നൽകിയതുമില്ല. ഇന്നലെ രാവിലെ സത്യപ്രതിജ്ഞയ്ക്ക് എത്തിയ അംഗങ്ങളോട് അവിടെ ചടങ്ങ് നടത്താമെന്നു പറഞ്ഞെങ്കിലും ഇടതുപക്ഷ, ബിജെപി, സ്വതന്ത്ര അംഗങ്ങൾ നിർദേശം അംഗീകരിക്കാൻ തയാറായില്ല.
തുടർന്ന് പഞ്ചായത്ത് ഹാളിൽ തന്നെ ചടങ്ങ് നടത്തി. ∙ കോന്നി ബ്ലോക്ക് പഞ്ചായത്തിൽ വകയാർ ഡിവിഷൻ അംഗം സൗദ റഹിം സത്യപ്രതിജ്ഞ ചെയ്തത് സർവശക്തന്റെ പേരിൽ. ഇതിൽ വ്യക്തത വേണമെന്ന് വരണാധികാരി ആവശ്യപ്പെട്ടതിനെ തുടർന്നു ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

