കൽപറ്റ ∙ ദേശീയ കടുവ കണക്കെടുപ്പിന്റെ അടുത്തഘട്ടം ഫെബ്രുവരി ആദ്യവാരം തുടങ്ങും. ക്യാമറാ ട്രാപ് രീതിയിലുള്ള കണക്കെടുപ്പാണ് ജനുവരി മുതൽ തുടങ്ങുക.
കടുവകളെ നേരിട്ടു കണ്ടും ട്രാൻസെക്ട് രീതി അവലംബിച്ചുമാണ് ആദ്യഘട്ടം കണക്കെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ കടുവകളുടെ നേരിട്ടുള്ള സാന്നിധ്യം, കടുവ ഉണ്ടെന്ന് കണ്ടെത്തുന്ന തരത്തിലുള്ള വിവരങ്ങൾ എന്നിവ ശേഖരിക്കുകയാണ് ചെയ്തത്.
കാൽപാടുകൾ, കാഷ്ടം, മരത്തിലും മറ്റും കടുവ മാന്തിയ പാടുകൾ എന്നിവയുടെ വിശദാംശങ്ങൾ ശേഖരിച്ചു. ഇത് 3 ദിവസം നീണ്ടു നിന്നു.
രണ്ടാം ഘട്ടത്തിൽ 2 കിലോമീറ്റർ ദൈർഘ്യത്തിൽ വനത്തിലൂടെ നടന്നായിരുന്നു പരിശോധന.
ഇതും 3 ദിവസം നീണ്ടു. ഇൗ 2 ഘട്ടത്തിന്റെയും വിവരങ്ങൾ പറമ്പിക്കുളം ടൈഗർ റിസർവിന് കൈമാറും.
മൂന്നാം ഘട്ട വിവരങ്ങൾ കൂടി ശേഖരിച്ച ശേഷം കണക്കുകൾ അവിടെ നിന്നാണ് നിജപ്പെടുത്തുക.
അടുത്തഘട്ടത്തിൽ ക്യാമറകളാണു കൂടുതലായി പ്രയോജനപ്പെടുത്തുക. ഓരോ ഗ്രിഡിലും ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചാണ് കണക്കെടുപ്പ്.
ഇരുമ്പ് ചട്ടക്കൂടിനുള്ളിൽ സ്ഥാപിച്ച തെർമൽ ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ക്യാമറയിൽ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് കടുവകളുടെ ഉടലിലെ വരകളുടെ ഘടന, നീളം, വീതി, പ്രത്യേകമായ ആകൃതികൾ തുടങ്ങിയവ എല്ലാം വിലയിരുത്തിയാണ് ഓരോ കടുവയെയും തിരിച്ചറിയുന്നത്. ക്യാമറ വച്ചുള്ള കണക്കെടുപ്പ് ഒരു മാസം നീളും.
കണക്കെടുപ്പ്നടന്നത് ഒരേസമയം
വയനാട് വന്യജീവി സങ്കേതത്തിലും നോർത്ത്, സൗത്ത് ഡിവിഷനുകളിലും ഒരേ സമയമാണ് കണക്കെടുപ്പ് നടന്നത്.
വയനാട് വന്യജീവി സങ്കേതത്തെ 24 ബ്ലോക്കുകളായി തിരിച്ചാണ് കടുവകളെ എണ്ണിയത്. ബത്തേരി റേഞ്ചിൽ കടുവയെ കണക്കെടുപ്പുകാർക്ക് നേരിട്ടു കാണാനായി.
ആദ്യ 3 ദിവസം 5 കിലോമീറ്റർ ഓരോ ബ്ലോക്കിലും നടന്നായിരുന്നു കണക്കെടുപ്പ്. പിന്നീടുള്ള 2 ദിവസം 2 കിലോമീറ്റർ നീളമുള്ള ട്രാൻസെക്ട് രൂപപ്പെടുത്തുകയാണ് ചെയ്തത്.
അവസാന 3 ദിവസം ട്രാൻസെക്ടിലൂടെ നടന്ന് കണക്കെടുപ്പ് നടത്തി.
കടുവയ്ക്കു പുറമേ ആന, കാട്ടുപോത്ത്, പുലി, കരടി, ചെന്നായ കടുവയുടെ ഇരജീവികൾ എന്നിവയുടെ കണക്കെടുപ്പും ഇതോടൊപ്പം നടന്നു. ഒരേ ബ്ലോക്ക് കേന്ദ്രീകരിച്ചും എത്ര ക്യാമറകൾ വീതം വയ്ക്കണമെന്ന് കണക്കെടുപ്പ് നടന്നു വരികയാണ്.
അതിനു ശേഷം ക്യാമറകൾ സ്ഥാപിക്കുകയും ചിത്രങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച് കടുവകളുടെ എണ്ണം രേഖപ്പെടുത്തുകയും ചെയ്യും.
2022ൽ കണ്ടത് 213 കടുവകളെ
സൗത്ത് വയനാട് ഡിവിഷനെ 20 ബ്ലോക്കുകളായി തിരിച്ച് ചെതലത്ത്, മേപ്പാടി, കൽപറ്റ റേഞ്ചുകൾക്ക് കീഴിലാണ് കണക്കെടുപ്പ് നടത്തിയത്. ഇതിനായി ഓരോ ബ്ലോക്കിനും ഓരോ ബ്ലോക്ക് ഓഫിസർമാരെ വീതം നിയോഗിച്ചിരുന്നു.
ഇവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സൗത്ത് വയനാട് ഡിവിഷനിൽ മാത്രം 80 ഉദ്യോഗസ്ഥരാണ് കണക്കെടുപ്പിൽ പങ്കെടുത്തത്.
അടുത്ത ഘട്ടത്തിൽ മുഴുവൻ വനപ്രദേശത്തെയും 2 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഗ്രിഡുകളായി തിരിച്ച് ക്യാമറകൾ സ്ഥാപിച്ച് കണക്കെടുപ്പ് നടത്തും.
തിരഞ്ഞെടുത്ത 2 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള 1,860 ഗ്രിഡുകളിലാണ് ഇത്തരത്തിൽ ക്യാമറ ട്രാപ്പുകൾ മുഖേന വിവരശേഖരണം നടത്തുക. ഇതിലൂടെ ലഭിക്കുന്ന ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും കടുവകളുടെ വ്യക്തിഗത തിരിച്ചറിയലിനും കൃത്യമായ എണ്ണം കണക്കാക്കുന്നതിനും സഹായകരമാകും.
രാജ്യവ്യാപകമായി 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ 3 ഘട്ടങ്ങളിലായാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. മുൻപ് 2022ലാണ് ദേശീയ തലത്തിൽ കടുവകളുടെ കണക്കെടുപ്പ് നടത്തിയത്.
അന്നത്തെ കണക്കെടുപ്പിൽ ഇന്ത്യയിലാകെ 3,682 കടുവകളും കേരളത്തിൽ 213 കടുവകളും ഉള്ളതായി കണ്ടെത്തിയിരുന്നു.
ഏപ്രിലിൽ സർവേ പൂർത്തിയാകും
3 ഘട്ടങ്ങളിലായി നടത്തുന്ന സെൻസസിന്റെ ആദ്യഘട്ടം ഡിസംബർ ഒന്നിനാണ് ആരംഭിച്ചത്. 4 വർഷത്തിൽ ഒരിക്കലാണ് സെൻസസ് നടക്കുക.
മുൻ വർഷങ്ങളിൽ വ്യത്യസ്തമായി ‘എം സ്ട്രൈപ്സസ്’ ആപ് ഉപയോഗിച്ച് കടലാസ് രഹിതമായാണ് കണക്കെടുപ്പ്. നോർത്ത് വയനാട് ഡിവിഷനിൽ 22 സംഘങ്ങളായി തിരിഞ്ഞാണ് കണക്കെടുപ്പ് നടത്തുന്നത്.
ഓരോ ടീമിലും 4 വനപാലകർ, 2 സഹായികൾ, ഒരു എൻജിഒ പ്രതിനിധി എന്നിവർ ഉണ്ടാകും. ഉദ്യോഗസ്ഥരടക്കം 150ൽ ഏറെ പേരാണ് സെൻസസിൽ പങ്കെടുത്തത്.
കടുവകളുള്ള മേഖലകൾ ജിപിഎസ് സഹായത്തോടെ അടയാളപ്പെടുത്താനുള്ള (ജിയോ ടാഗിങ്) സൗകര്യത്തോടെയാണ് സെൻസസ്. കടുവ ഇരകളാക്കുന്ന മൃഗങ്ങളുടെ സാന്നിധ്യവും എണ്ണവും വനത്തിലെ ആവാസവ്യവസ്ഥയും വിലയിരുത്തുന്നുണ്ട്.
ഏപ്രിൽ മാസം സർവേ പൂർത്തിയാക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

