കൊച്ചി ∙ ഇടക്കൊച്ചി ഫിഷ് ഫാമിൽ അക്വാ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കും. ഫിഷറീസ് വകുപ്പിനു കീഴിലുള്ള ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾചർ, കേരള (അഡാക്) പദ്ധതി നടപ്പാക്കാനായി സ്വകാര്യ സംരംഭകരിൽ നിന്നു താൽപര്യപത്രം ക്ഷണിച്ചു.
പദ്ധതിയുടെ ആസൂത്രണം, വികസനം, നടത്തിപ്പ്, പരിപാലനം എന്നിവയുൾപ്പെടെ പൊതു– സ്വകാര്യ പങ്കാളിത്തത്തോടെയാണു നടപ്പാക്കുക.
ലവണ രസമുള്ള വെള്ളം നിറഞ്ഞ കുളങ്ങളും കനാലുകളുമെല്ലാമുള്ള ഇടക്കൊച്ചി ഫിഷ് ഫാം സുസ്ഥിര ഇക്കോ ടൂറിസം പദ്ധതിയാക്കി വികസിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളിലായി ഒട്ടേറെ പൈതൃക ടൂറിസം കേന്ദ്രങ്ങളുള്ളതിനാൽ വിനോദ സഞ്ചാര രംഗത്ത് വലിയ സാധ്യതയും ഇതു സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ മോഡൽ ഇക്കോ ടൂറിസം ഹബ്ബാക്കി ഇതു മാറ്റാമെന്നും കണക്കാക്കുന്നു.
ടൂറിസ്റ്റ് ഫെസിലിറ്റേഷൻ ആൻഡ് ഇൻഫർമേഷൻ കേന്ദ്രം, പരമ്പരാഗത മത്സ്യ വിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണശാല, മീൻ വളർത്തുന്നതും മീൻ പിടിക്കുന്നതും കാണാനുള്ള സൗകര്യം, വിനോദത്തിനു വേണ്ടി മീൻ പിടിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഇടക്കൊച്ചി ഫിഷ് ഫാമിൽ വികസിപ്പിക്കും.
ബോട്ടിങ്ങിനുള്ള സൗകര്യം, താമസിക്കാനായി പരമ്പരാഗത കുടിലുകൾ, കുട്ടികൾക്കു കളിക്കാനുള്ള സ്ഥലം, കണ്ടൽക്കാടുകൾക്കും പക്ഷി നിരീക്ഷണ കേന്ദ്രങ്ങൾക്കും ഇടയിലൂടെ നടക്കാനുള്ള വഴി, നടപ്പാതകൾ, പൂന്തോട്ടം, കരകൗശല ഉൽപന്നങ്ങളും സുവനീറുകളും വിപണനം ചെയ്യാനുള്ള മാർക്കറ്റ്, ശുചിമുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും.
പദ്ധതി നടപ്പാക്കാനുള്ള മുഴുവൻ തുകയും സ്വകാര്യ സംരംഭകർ ചെലവഴിക്കണം. 10 വർഷത്തേക്കാണു നടത്തിപ്പിനുള്ള കരാർ നൽകുക.
പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് അഡാക്കുമായി പങ്കുവയ്ക്കണം. പദ്ധതി നടപ്പാക്കിയാലും ഇടക്കൊച്ചി ഫിഷ് ഫാമിലെ മത്സ്യം വളർത്തുന്നതിന്റെ ചുമതലയും അതിൽ നിന്നുള്ള വരുമാനവും അഡാക്കിനു തന്നെയായിരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

