ബത്തേരി ∙ ഓടപ്പള്ളം കവല– വള്ളുവാടി റൂട്ടിൽ ഓടപ്പള്ളം സ്കൂൾ ജംക്ഷൻ മുതൽ കരുവള്ളിക്കുന്ന് കവലയിലേക്ക് റോഡു വീതി കൂട്ടിയുള്ള നിർമാണ പ്രവൃത്തി വനംവകുപ്പ് തടഞ്ഞു. പ്രതിഷേധവുമായി നാട്ടുകാർ ഓടപ്പള്ളത്തുള്ള നായ്ക്കെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
നിലവിൽ 3.8 മീറ്ററുള്ള റോഡ് ഇരുവശവും 80 സെന്റീമീറ്റർ വീതം വർധിപ്പിച്ച് 5.40 മീറ്ററാക്കി വീതി കൂട്ടാനുള്ള നീക്കമാണു വനം വകുപ്പ് തടഞ്ഞത് സ്കൂൾ ജംക്ഷൻ മുതൽ ഇല്ലിച്ചോടു വരെയുള്ള ഭാഗം വനംവകുപ്പിന്റെ കൈവശത്തിലുള്ളതാണെന്നും അവിടെ വീതി കൂട്ടാൻ അനുവദിക്കില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. നിലവിലുള്ള ഭാഗത്ത് ടാർ ചെയ്യുന്നതിൽ എതിർപ്പില്ലെന്നും അവർ അറിയിച്ചു.
റോഡു നിർമാണം നിലച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി.
നഗരസഭയുടെ 35 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണു നവീകരണ പ്രവൃത്തി നടത്തുന്നതെന്നും ടാർ ചെയ്യാത്ത ഭാഗം അടക്കം 10 മീറ്ററിലധികം വീതിയിലുള്ള റോഡ് നഗരസഭയുടെ ആസ്തി റജിസ്റ്ററിലുള്ളതാണെന്നും നിയുക്ത കൗൺസിലർ പ്രിയ വിനോദ് പറഞ്ഞു പിഡബ്ല്യുഡിയുടെ ആസ്തിയിലുള്ള ഈ റോഡ് പിന്നീട് ജില്ല പഞ്ചായത്തിന് നൽകുകയും ഒടുവിൽ നഗരസഭയ്ക്കു കൈമാറുകയുമായിരുന്നു.
നാട്ടുകാർ പ്രതിഷേധിച്ചതോടെ വയനാട് വന്യജീവി സങ്കേതം എസിഎഫ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. പ്രിയ വിനോദ്, സിപിഎം ഏരിയ സെക്രട്ടറി പി.ആർ.
ജയപ്രകാശ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ സ്ഥലത്തില്ലെന്നും അദ്ദേഹം എത്തിയ ശേഷം ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാമെന്നും ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിൽ തൽക്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ദേശീയപാത 766 മുതൽ ഇപ്പോൾ നിർമാണം നടക്കുന്ന ഓടപ്പള്ളം സ്കൂൾ വരെ 3 കിലോമീറ്ററോളം ദുരത്തിൽ റോഡിന് വീതി കുറവും പല ഭാഗത്തായി പൊട്ടിപ്പൊളിഞ്ഞതുമാണ്.
നൂറു കണക്കിനു വാഹനങ്ങൾ പോകുന്ന റോഡ് നവീകരിക്കണമെന്ന് ഏറെനാളായുള്ള ആവശ്യമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

