കൽപറ്റ ∙ വയനാട് പുൽപ്പള്ളി വണ്ടിക്കടവ് വനമേഖലയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ദേവർഗദ്ധ മാടപ്പള്ളി ഉന്നതിയിലെ കൂമൻ (മാരൻ – 65) ആണ് മരിച്ചത്.
വനത്തോടുചേർന്ന പുഴയോരത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ കൂമനും സഹോദരിയും ചേർന്ന് വണ്ടിക്കടവ് വനമേഖലയോട് ചേർന്ന പുഴയോരത്ത് വിറക് ശേഖരിക്കുകയായിരുന്നു. ഈ സമയത്താണ് കാട്ടിൽ നിന്നെത്തിയ കടുവ പെട്ടെന്ന് കൂമനെ കടന്നുപിടിച്ച് വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്.
കൂടെയുണ്ടായിരുന്ന സഹോദരി ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. പടക്കം പൊട്ടിച്ച് കടുവയെ തുരത്തിയ ശേഷം, വനത്തിനുള്ളിൽ ഏകദേശം രണ്ട് കിലോമീറ്റർ ഉള്ളിൽ നിന്നാണ് കൂമന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ നാട്ടുകാർ പ്രതിഷേധവുമായി തടിച്ചുകൂടി.
പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ള വിവരം നേരത്തെ വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മരിച്ച കൂമന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണമെന്നും കൊലയാളി കടുവയെ ഉടൻ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനുള്ളിൽ വയനാട് വൈൽഡ് ലൈഫ് വാർഡൻ അരുണിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. തഹസിൽദാർ സ്ഥലത്തെത്തിയിട്ടുണ്ട്.
ജില്ലാ കലക്ടറും ഉടൻ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡു ഇന്നു തന്നെ വിതരണം ചെയ്യുമെന്ന് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. നിലവിൽ ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തിലുള്ള മൃതദേഹം, ചർച്ചകൾക്ക് ശേഷം മാത്രമേ പോസ്റ്റ്മോർട്ടത്തിനായി മാറ്റാൻ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാർ.
കടുവ കാടുകയറിയെങ്കിലും നിരീക്ഷണം ശക്തം
പനമരം∙ കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളുടെ അതിർത്തിയായ പടിക്കംവയൽ, പുളിക്കൽ പ്രദേശങ്ങളിലെത്തി ഭീതി പരത്തിയ കടുവ കാടുകയറിയതിന് പിന്നാലെ വനംവകുപ്പ് വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി.
നിരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം പുളിക്കൽ വയലിൽ എത്തിച്ച ഭരത്, വിക്രം എന്നീ കുങ്കിയാനകളെ പാതിരി സൗത്ത് സെക്ഷൻ വനാതിർത്തിയായ പാതിരിയമ്പം ചെക്കിട്ടയിലുള്ള ഫോറസ്റ്റ് കോട്ടേഴ്സിന് സമീപം എത്തിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഇവിടത്തേക്ക് കുങ്കിയാനകളെ വനംവകുപ്പ് എത്തിച്ചത്. ജനവാസ മേഖലയിൽ ഇറങ്ങി 3 ദിവസം ഭീതി പരത്തിയ ഡബ്ല്യു എൽ 112 എന്ന അഞ്ചു വയസ്സുള്ള ആൺ കടുവ നരിസിപ്പുഴ കടന്ന് പാതിരി സൗത്ത് സെക്ഷനിലെ മാരാർ കടവ് വഴി വനത്തിലേക്ക് കടന്നുവെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ.
എന്നാൽ കഴിഞ്ഞ രാത്രി താഴെ പാതിരിയമ്പം ഊരിനു സമീപത്തെ നരസി പുഴയുടെ തീരത്തുനിന്ന് ശബ്ദങ്ങൾ കേട്ടതിനെ തുടർന്ന് ഇന്നലെ രാവിലെ പരിശോധന നടത്തുന്നതിനിടെ കടുവയുടെ കാൽപാടുകൾ നരസിപുഴയുടെ തീരത്തായി കണ്ടത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പടിക്കംവയലിൽ എത്തിയ കടുവയുടെ കാൽപാടുകൾ ആണെന്ന് സ്ഥിരീകരിച്ചു.
മരാർ കടവിൽ നിന്ന് പുഴയോരത്തുകൂടി വന്ന കടുവ താഴെ പാതിരിയമ്പം വഴി വനത്തിലേക്ക് കടന്നപ്പോഴുണ്ടായ കാൽപാടുകൾ ആണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചതിനു പുറമേ വനാതിർത്തി പ്രദേശത്ത് പട്രോളിങ് ശക്തമായി തുടരുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
കടുവ പോലുള്ള മൃഗങ്ങൾ വനത്തിൽ നിന്ന് പുറത്തിറങ്ങിയാൽ പെട്ടെന്ന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ എത്തിക്കാനുള്ള പ്രയാസവും കുങ്കിയാനകൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും കണക്കിലെടുത്താണ് പാതിരിയമ്പം ഫോറസ്റ്റ് കോട്ടേഴ്സിന് സമീപം കുങ്കിയാനകളെ എത്തിച്ചതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

