കോഴിക്കോട്∙ സർവീസ് സമയത്തെ ചൊല്ലി ഡ്രൈവർമാർക്കിടയിലെ കുടിപ്പകയെ തുടർന്ന്, നിർത്തിയിട്ട ബസിനെ മറ്റൊരു ബസ് ഇടിച്ചു മറിക്കാൻ ശ്രമം.
അതിക്രമം നടത്തിയ ഡ്രൈവറെ വധശ്രമത്തിനു പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ പട്ടാപ്പകൽ നടന്ന ബസുകളുടെ കൂട്ടഇടിയിൽ ഒരു യാത്രക്കാരിക്ക് പരുക്കേറ്റു.
ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മറ്റു യാത്രക്കാരും റോഡിലുള്ള മറ്റു വാഹനങ്ങളും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഫറോക്ക് – മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ഗ്രീൻസ് ബസ് ഡ്രൈവർ പെരുമണ്ണ സ്വദേശി ചോലയിൽ വീട്ടിൽ കെ.കെ.മജ്റൂഫിനെയാണ് (28) ടൗൺ എസ്ഐ സി.എസ്.ശ്രീസിത അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 10.20 ന് മാനാഞ്ചിറ ആദായ നികുതി ഓഫിസിനു മുൻവശം സിറ്റി ബസ് സ്റ്റാൻഡിലാണ് സംഭവം. മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന ‘ചന്ദ്രാസ്’ ബസ് സ്റ്റാൻഡിൽ നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു.
പിന്നിൽ നിന്നു വന്ന ‘കീർത്തന’ ബസ് ‘ചന്ദ്രാസി’നെ മറികടന്ന് സ്റ്റാൻഡിൽ നിർത്താൻ വരുമ്പോഴാണ് അതിനു പിന്നിൽ നിന്നു വന്ന ‘ഗ്രീൻസ്’ ബസ് ഡ്രൈവറുടെ അതിക്രമം.
വീതി കുറഞ്ഞ റോഡിൽ ഗ്രീൻസ് ബസ് ഡ്രൈവർ കീർത്തന ബസിനെ മനപ്പൂർവം വൻ ശബ്ദത്തോടെ ഇടിച്ചു മറിക്കാൻ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് അതുവഴി വന്ന ഓട്ടോയും ഇരുചക്രവാഹനങ്ങളും റോഡിൽ നിന്നു തിരിച്ചു രക്ഷപ്പെട്ടു.
ഇടിയിൽ ചന്ദ്രാസിനും ഗ്രീൻസ് ബസിനും ഇടയിൽ കുടുങ്ങി കീർത്തന ബസിലെ യാത്രക്കാർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് പ്രതി മജ്റൂഫ് കീർത്തന ബസ് ജീവനക്കാരുമായി റോഡിൽ തർക്കമായി.
വിവരം അറിഞ്ഞ് ട്രാഫിക് പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് എത്തി ബസ് ജീവനക്കാരെ പിടികൂടി.
യാത്രാസമയത്തെ ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാർ തമ്മിൽ സർവീസിനിടെ തർക്കം നടന്നിരുന്നു. അതിന്റെ തുടർച്ചയായാണ് നടുറോഡിൽ യാത്രയ്ക്കിടയിൽ ബസ് ജീവനക്കാരൻ അക്രമം നടത്തിയത്.
ടൗൺ ഇൻസ്പെക്ടർ ജെ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞു.
ബീച്ച് റോഡിൽ പരിശോധന
കോഴിക്കോട്∙ ബീച്ചിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 3 യുവാക്കൾ മരിച്ച സംഭവത്തെ തുടർന്ന്, രൂപവും ശബ്ദവും മാറ്റി ഓടുന്ന ഇരുചക്ര വാഹനങ്ങൾക്കെതിരെ പൊലീസ് നടപടി തുടങ്ങി.
ഇന്നലെ ബീച്ചിൽ നടന്ന പരിശോധനയിൽ 4 ബൈക്കുകൾ പിടികൂടി. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 2 യുവാക്കൾക്കെതിരെ കേസെടുത്തു.
വേഗത്തിലും ഹെൽമറ്റില്ലാതെ 3 പേരുമായി യാത്ര ചെയ്ത 10 പേർക്കെതിരെ പൊലീസ് നടപടിയെടുത്തു. പിടികൂടിയ വാഹനങ്ങൾ കോടതിക്കു കൈമാറുമെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു.
മുഖദാർ മുതൽ ഭട്ട്റോഡ് വരെ ഇത്തരത്തിലുള്ള ഇരുചക്രവാഹനങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് നിരോധിച്ചിരുന്നു.
മറ്റു പൊലീസ് സ്റ്റേഷൻ പരിധിയിലും പരിശോധന തുടരുന്നുണ്ട്. ഇന്നലെ എസിപി എൽ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ 3 സെക്ടർ ടീം, സ്പീഡ് ചെക്കിങ് വിഭാഗം, കൂടാതെ ട്രാഫിക് ഇൻസ്പെക്ടർ കെ.അബ്ദുൽ ഹക്കീം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഇന്നും പരിശോധന തുടരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

