വാളയാർ ∙ എട്ടുവർഷത്തിനിപ്പുറം വീണ്ടും നടുങ്ങി അട്ടപ്പള്ളം. കേരള രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻ വിവാദവും ചർച്ചയുമായ വാളയാർ അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണം നടന്നതിനു തൊട്ടപ്പുറത്താണ് കഴിഞ്ഞദിവസം ആൾക്കൂട്ട
മർദനത്തിനിരയായി അതിഥിത്തൊഴിലാളി രാമനാരായൺ ഭാഗേൽ കൊല്ലപ്പെട്ടത്. അന്നു സഹോദരിമാരുടെ മരണത്തിൽ നീതിതേടി ഇറങ്ങിയവരിൽ ചിലർ അതിഥിത്തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പൊലീസ് നിരീക്ഷണത്തിലാണ്.
അന്നു നീതിക്കുവേണ്ടി നിലവിളിക്കൂട്ടവർ രാമനാരായൺ ഭാഗേലിനു നേരെ മനുഷ്യത്വം മറന്നു.
ആൾക്കൂട്ടത്തിൽ നിന്ന് അതിക്രൂരമായ ആക്രമണമാണ് അതിഥിത്തൊഴിലാളിക്കു നേരെയുണ്ടായതെന്നു പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. 2017ലായിരുന്നു കേരള മനഃസാക്ഷിയെ ഞെട്ടിച്ച, അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണം.
2017 ജനുവരി 7നു 13 വയസ്സുള്ള മൂത്ത സഹോദരിയെയും മാർച്ച് 4ന് ഒൻപതു വയസ്സുള്ള ഇളയ സഹോദരിയെയും വീടിനോടു ചേർന്നു ഷീറ്റുമേഞ്ഞ ചായ്പ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കേസിൽ സിബിഐയുടെ രണ്ടാമത്തെ സംഘം അന്വേഷണം നടത്തി നൽകിയ കുറ്റപത്രത്തിൽ വിചാരണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളും ഈ കേസിൽ പ്രതികളായി. ആദ്യം പൊലീസ് അന്വേഷിച്ച കേസിൽ പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5 പേരെയാണു പ്രതികളായി കണ്ടെത്തിയത്. കേസിലെ പ്രതികളിൽ ആലപ്പുഴ ചേർത്തല സ്വദേശിയായ പ്രദീപ് വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു. പിന്നാലെ നാലാം പ്രതിയായ ചെറിയ മധുവും ജീവനൊടുക്കി.
ഏറെ കോളിളക്കമുണ്ടാക്കിയ, സമരങ്ങൾക്കു വേദിയായ വാളയാർ അട്ടപ്പള്ളം വീണ്ടും അതിക്രൂര കൊലപാതകത്തിലൂടെ സമൂഹത്തിൽ ചർച്ചയാവുകയാണ്.
ആൾക്കൂട്ട ആക്രമണം: കൂടുതൽ വിഡിയോകൾ പൊലീസ് കണ്ടെത്തി
∙ ആൾക്കൂട്ടം അതിഥിത്തൊഴിലാളിയെ മർദിക്കുന്നതിന്റെ കൂടുതൽ വിഡിയോകൾ പൊലീസ് കണ്ടെത്തി.
ആളുകൾ മൊബൈലിൽ പകർത്തിയതും പ്രചരിപ്പിച്ചതുമായ ദൃശ്യങ്ങളാണിവ. മർദിക്കുന്ന സമയത്ത് ഇരുപതോളം പേർ ഇയാൾക്കു ചുറ്റുമുണ്ടായിരുന്നെന്ന് ദൃശ്യങ്ങളിൽ നിന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു.
തലയ്ക്കും കഴുത്തിനും വയറ്റിലും ചവിട്ടുന്നതിന്റെയും വടികൊണ്ട് അടിക്കുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. അതിനാൽ കേസിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായേക്കും. അട്ടപ്പാടിയിൽ മധുവിനു നേരെയുണ്ടായതിനു സമാനമായ ആൾക്കൂട്ട
വിചാരണയും മർദനവും അതിഥിത്തൊഴിലാളിയായ രാമനാരായൺ ഭാഗേൽ അനുഭവിച്ചെന്നാണു പൊലീസ് കണ്ടെത്തൽ. അതിഥിത്തൊഴിലാളിയെ ആക്രമിക്കുന്ന വിഡിയോയും മധുവിന്റെ കേസിലേതുപോലെ മർദിച്ചവർ തന്നെയാണു പ്രചരിപ്പിച്ചത്.
അതിനാൽ ഈ വിഡിയോകൾ തന്നെ കേസിൽ പൊലീസിനു പ്രധാന തെളിവായി മാറി.
മോഷ്ടാവല്ലെന്ന് ബന്ധു
രാമനാരായൺ ഭാഗേൽ മോഷ്ടാവല്ലെന്നും വഴിതെറ്റി അട്ടപ്പള്ളത്ത് എത്തിയതാകാമെന്നും മരണവിവരം അറിഞ്ഞ് എത്തിയ ബന്ധു ശശികാന്ത് ഭാഗേൽ പൊലീസിനോട് വ്യക്തമാക്കി. തൊഴിൽതേടി കേരളത്തിലേക്കും കഞ്ചിക്കോട്ടേക്കും എത്തിയ രാമനാരായൺ രണ്ടു കുട്ടികളുടെ അച്ഛനാണെന്നും മദ്യപിക്കുന്ന ശീലമൊഴിച്ചാൽ ഇയാൾ നാട്ടിൽ പ്രശ്നക്കാരനല്ലെന്നുമാണു ബന്ധു വാളയാർ പൊലീസിനോട് അറിയിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

