വിഴിഞ്ഞം ∙ കോർപറേഷനിൽ കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപിക്ക് വേണം ഒരു സീറ്റ്. സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം യാഥാർഥ്യമാകാൻ യുഡിഎഫിനും വേണം ഒരു സീറ്റ്.
ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ എൽഡിഎഫിന് ജീവശ്വാസം നിലനിർത്താനും വേണം ഒരു സീറ്റ്. വോട്ടെടുപ്പ് മാറ്റി വച്ച വിഴിഞ്ഞം വാർഡ് തിരഞ്ഞെടുപ്പ് 3 മുന്നണികൾക്കും നിർണായകം.
അടുത്ത മാസം 12 ന് ആണ് വിഴിഞ്ഞത്ത് വോട്ടെടുപ്പ്.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നാമ നിർദേശ പത്രിക സമർപ്പിച്ച ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണത്തെ തുടർന്നാണ് വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. നിലവിൽ 9 പേർ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
പുതുതായി നാമ നിർദേശ പത്രിക സമർപ്പിക്കാൻ 24 വരെ സമയം അനുവദിച്ചിട്ടുള്ളതിനാൽ ഇനിയും ആരെങ്കിലും മത്സര രംഗത്തെത്തുമോയെന്ന് കാത്തിരിക്കുകയാണ് മുന്നണികൾ.
വിമത സ്ഥാനാർഥികളാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും തലവേദന. മുൻ കൗൺസിലർ കൂടിയായ എൻ.എ.റഷീദ് ആണ് സിപിഎം വിമതനായി മത്സരിക്കുന്നത്.
എൻ.നൗഷാദ് ആണ് പാർട്ടി സ്ഥാനാർഥി. കോൺഗ്രസ് സ്ഥാനാർഥിയും മുൻ കൗൺസിലറുമായ കെ.എച്ച്.
സുധീർഖാനെതിരെ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി ഹിസാൻ ഹുസൈൻ രംഗത്തുണ്ട്. യുഡിഎഫിന്റെ ഘടക കക്ഷിയായ കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർഥി വിജയമൂർത്തിയും വിഴിഞ്ഞത്ത് മത്സരിക്കുന്നു.
പുതിയ സാഹചര്യത്തിൽ നാമ നിർദേശ പത്രിക പിൻവലിക്കുന്നതിനു മുൻപ് വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇരു മുന്നണികളും തുടങ്ങി. സർവശക്തിപുരം ബിനു ആണ് എൻഡിഎ സ്ഥാനാർഥി.
വിഴിഞ്ഞം പിടിച്ചാൽ സ്വതന്ത്ര സ്ഥാനാർഥികളെ ഒപ്പം കൂട്ടാതെ കേവല ഭൂരിപക്ഷം തികയ്ക്കാം എന്ന കണക്കുകൂട്ടലിലാണ് ബിജെപി.
ജയ സാധ്യത കുറവാണെന്ന് പാർട്ടി കണക്കുകൂട്ടുമ്പോഴും ഇപ്പോഴുണ്ടായ അനുകൂല സാഹചര്യം വിഴിഞ്ഞത്തും വീശുമെന്നാണ് കണക്കുകൂട്ടൽ. 2015 ൽ കൈവിട്ട
വാർഡ് തിരിച്ചു പിടിക്കാനാണ് കോൺഗ്രസ് ശ്രമം.
കോർപറേഷനിലെ സീറ്റ് നില പത്തിൽ നിന്ന് ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം നടപ്പാകാൻ വിഴിഞ്ഞത്തെ വിജയം കോൺഗ്രസിന് അനിവാര്യമാണ്. എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിൽ നിന്ന് കരകയറാൻ സിപിഎമ്മിനും വിഴിഞ്ഞത്ത് ജയിച്ചേ തീരൂ.
കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന വിഴിഞ്ഞം 2015ൽ ആണ് സിപിഎം പിടിച്ചെടുത്തത്.
2015ൽ 57 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൻ.എ. റഷീദ് (സിപിഎം) വിജയിച്ചു.
സിപിഎമ്മിന്റെ സമീറ എസ്. മിൽഹാദ് ആണ് നിലവിലെ കൗൺസിലർ.
ജനുവരി 12ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നടത്തിയ നൂറു വാർഡുകളിൽ 50 വാർഡുകളിൽ ബിജെപിയും 29 വാർഡുകളിൽ എൽഡിഎഫും 19 വാർഡുകളിൽ യുഡിഎഫുമാണ് വിജയിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

