കൽപറ്റ ∙ ശക്തമായ യുഡിഎഫ് തരംഗത്തിനിടയിലും എൽഡിഎഫ് ഭരണം തിരിച്ചു പിടിച്ച കൽപറ്റ നഗരസഭയിൽ ചെയർമാൻ സ്ഥാനം ആർക്ക് നൽകണമെന്ന കാര്യത്തിൽ 21ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം എൽഡിഎഫിൽ ഒൗദ്യോഗിക ചർച്ചകൾ തുടങ്ങും. ഇത്തവണ ചെയർമാൻ സ്ഥാനം പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്.
എടഗുനി ഡിവിഷനിൽ നിന്നും 2–ാം തവണയും വിജയിച്ച പി.വിശ്വനാഥനെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണു സൂചന.
എകെഎസ് ജില്ലാ പ്രസിഡന്റ് കൂടിയായ അദ്ദേഹം 196 വോട്ടുകൾക്കാണ് ജയിച്ചത്. മുൻപരിചയവും സീനിയോറിറ്റിയും പരിഗണിച്ചാൽ വിശ്വനാഥൻ തന്നെയാകും ചെയർമാൻ സ്ഥാനത്തേക്ക് വരിക.
ഉപാധ്യക്ഷ സ്ഥാനം സിപിഐ ആവശ്യപ്പെടുമെന്നാണു സൂചന.
നേരത്തേ എൽഡിഎഫിൽ ആർജെഡിക്കായിരുന്നു ഉപാധ്യക്ഷ സ്ഥാനം. 6 ഡിവിഷനുകളിലാണ് ആർജെഡി മത്സരിച്ചത്. എന്നാൽ, ആകെ ഒരു ഡിവിഷനിലേ ജയിക്കാനായുള്ളൂ.
അതാകട്ടെ, സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച ഡിവിഷനിലും. ഉപാധ്യക്ഷ സ്ഥാനത്തിനു പുറമേ ഒരു സ്ഥിരസമിതി അധ്യക്ഷ സ്ഥാനവും സിപിഐ ആവശ്യപ്പെട്ടേക്കും.
3 സീറ്റുകളാണ് സിപിഐ നഗരസഭയിൽ നേടിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ 30 ഡിവിഷനുകളിൽ 17 എണ്ണവും നേടിയാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകളായുള്ള യുഡിഎഫ് ഭരണത്തിന് എൽഡിഎഫ് കടിഞ്ഞാണിട്ടത്. കഴിഞ്ഞതവണ 15 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് ഇക്കുറി 11 സീറ്റുകളിലേക്കു ചുരുങ്ങി.
2 പതിറ്റാണ്ടുകൾക്ക് ശേഷം നഗരസഭയിൽ വീണ്ടും എൻഡിഎ അക്കൗണ്ട് തുറന്നിട്ടുണ്ട്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ പുളിയാർമല, കൈനാട്ടി ഡിവിഷനുകൾ പിടിച്ചെടുത്താണ് എൻഡിഎ നഗരസഭയിൽ നേട്ടമുണ്ടാക്കിയത്.
നഗരസഭയുടെ രൂപീകരണം മുതൽ എൽഡിഎഫിന്റെ ശക്തി കേന്ദ്രമായിരുന്നു കൽപറ്റ നഗരസഭ.
2010ൽ ജനതാദൾ യുഡിഎഫിലേക്ക് ചേക്കേറിയതോടെയാണ് നഗരസഭാ ഭരണം ആദ്യമായി യുഡിഎഫിന്റെ കൈകളിലെത്തുന്നത്. പിന്നീട് 2015ലും യുഡിഎഫ് ഭരണം നിലനിർത്തി.
ഇതിനിടെ, കാലാവധി തീരുംമുൻപേ ജനതാദൾ എൽഡിഎഫിലേക്ക് തിരികെ വന്നതോടെ ഭരണം എൽഡിഎഫിനായി. പിന്നീട് 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

