തിരുവനന്തപുരം ∙ സ്വാതന്ത്ര്യത്തിന്റെ 50–ാം വാർഷികത്തിലാണ് കേരളത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രമെഴുതാൻ സംസ്ഥാന സർക്കാർ പ്രഫ.എ.ശ്രീധരമേനോനെ സമീപിച്ചത്. പറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹം പുസ്തകമെഴുതി.
‘ കേരള ആൻഡ് ഫ്രീഡം സ്ട്രഗിൾ’. എന്നാൽ പുസ്തകം ഇഎംഎസ് ഉൾപ്പെടെയുള്ള ഇടതു ചരിത്രകാരൻമാരുടെ പരിശോധനയ്ക്കു നൽകാൻ നിർദേശമുണ്ടായപ്പോൾ ‘രാഷ്ട്രീയക്കാർക്കു കൈകടത്താൻ എന്റെ ചരിത്രം വേണ്ട’ എന്നു ശ്രീധരമേനോൻ ധീരമായി പറഞ്ഞു.
ചരിത്ര രചനയിലെ ഉറച്ച ശബ്ദമായിരുന്ന പ്രഫ.എ. ശ്രീധരമേനോന് ഇന്നു ജന്മശതാബ്ദി.
1925 ഡിസംബർ 18 ന് കൊച്ചി രവിപുരം ആലപ്പാട്ട് കുടുംബത്തിൽ ജനിച്ച ശ്രീധരമേനോൻ യുഎസിലെ ഹാർവഡ് സർവകലാശാലയിൽ നിന്നു ബിരുദാനന്തര ബിരുദം നേടി. തൃശൂർ സെന്റ് തോമസ് കോളജിൽ ആരംഭിച്ച്, വിവിധ സർവകലാശാലകളിൽ അധ്യാപകനായി.
കേരള സർവകലാശാല റജിസ്ട്രാർ ആയി.
കേരള ഗസറ്റിയേഴ്സിന്റെ ചീഫ് എഡിറ്ററായ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് 8 വാല്യങ്ങൾ പുറത്തിറക്കി. പ്രശസ്തമായ ‘എ സർവേ ഓഫ് കേരള ഹിസ്റ്ററി’ 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.
സർ സി.പി.രാമസ്വാമി അയ്യരുടെ ജീവചരിത്രം വിവാദങ്ങൾക്കും തിരികൊളുത്തി. സ്വാതന്ത്യ്ര സമര ചരിത്രം, ഇന്ത്യാ ചരിത്രം, കേരള ചരിത്രം, കേരള സംസ്കാരം, സർ സിപി തിരുവിതാംകൂർ ചരിത്രത്തിൽ, കേരള സർവകലാശാലയുടെ ചരിത്രം, ആധുനിക കേരളം, കേരള ചരിത്ര ശിൽപികൾ തുടങ്ങിയവ പ്രധാന കൃതികൾ.
ശ്രീധരമേനോന്റെ തറവാട് ഇഎംഎസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാരുടെ ഒളിത്താവളമായിരുന്നു. ചെറുപ്പം മുതൽ കമ്യൂണിസ്റ്റുകാരുമായി അടുത്ത ബന്ധമുണ്ടായെങ്കിലും എഴുതുന്ന ചരിത്രം നിഷ്പക്ഷമായിരിക്കണമെന്നായിരുന്നു നിലപാട്.
പുന്നപ്ര – വയലാർ സമരം സ്വാതന്ത്യ്രസമരമല്ലെന്ന് അദ്ദേഹം തുറന്നെഴുതിയതും വിവാദമായി. 2009 ൽ പത്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2010 ജൂലൈ 23 ന് ശ്രീധരമേനോൻ ചരിത്രത്തിലേക്കു മറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

