“ഐപിഎല്ലിൽ വൻ തുകയ്ക്കാണ് വിളിച്ചതെന്ന് കേട്ടപ്പോൾ വിശ്വസിക്കാനായില്ല. സ്വപ്നമാണെന്നാണ് കരുതിയത്.
അടുത്തുണ്ടായിരുന്ന റിങ്കു ഭായിയോട് (റിങ്കു സിങ്, ഇന്ത്യൻ ക്രിക്കറ്റ് താരം) ഞാനൊന്ന് എന്നെ നുള്ളാൻ പറഞ്ഞു” ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഇക്കഴിഞ്ഞ താരലേലത്തിൽ കോടികൾ സ്വന്തമാക്കി ഞെട്ടിച്ചൊരു ഉത്തർ പ്രദേശുകാരൻ പയ്യനുണ്ട്, പ്രശാന്ത് വീർ. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ലേലത്തുക സ്വന്തമാക്കിയ ‘അൺക്യാപ്പ്ഡ്’ പ്ലയർ എന്ന റെക്കോർഡാണ് പ്രശാന്ത് വീർ സ്വന്തമാക്കിയത്.
14.2 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സാണ് (സിഎസ്കെ) ഈ വീരനെ സ്വന്തമാക്കിയത്.
ഇതേ തുകയ്ക്ക് ചെന്നൈ മറ്റൊരു അൺക്യാപ്പ്ഡ് പ്ലെയർ ആയ കാർത്തിക് ശർമയെയും ടീമിലെത്തിച്ചു. രാജസ്ഥാനിലേക്ക് പോയ രവീന്ദ്ര ജഡേജയുടെ അഭാവം നികത്താനാണ് സ്പിൻ ഓൾറൗണ്ടറായ പ്രശാന്ത് വീറിനായി ചെന്നൈ വലയെറിഞ്ഞത്.
ഐപിഎല്ലിലെ തന്റെ ആദ്യ താരലേലത്തിൽ തന്നെ റെക്കോർഡ് തുകയുടെ പെരുമായുമായി വീട്ടിലേക്ക് എത്തുമ്പോൾ പ്രശാന്ത് വീറിനെയും കുടുംബത്തെയും കാത്തിരിക്കുന്നത് ഇത്രകാലം നേരിട്ട കഷ്ടപ്പാടുകളിൽ നിന്നുള്ള മോചനമാണ്.
താരലേലത്തിൽ 30 ലക്ഷം രൂപയായിരുന്നു പ്രശാന്തിന്റെ അടിസ്ഥാന വില.
സ്കൂൾ അധ്യാപകനായ അച്ഛന് ശമ്പളം മാസം വെറും 12,000 രൂപ. വീട്ടുചെലവും പ്രശാന്ത് വീറിന്റെ ക്രിക്കറ്റ് ചെലവുകളും നടത്താൻ സഹായമായത് അപ്പൂപ്പന്റെ ചെറിയ പെൻഷൻ തുകയുമാണ്.
ഉത്തർപ്രദേശിലെ അമേഠി സ്വദേശിയാണ് പ്രശാന്ത് വീർ എന്ന ഈ 20കാരൻ.
‘‘ഐപിഎല്ലിൽ വൻ തുകയ്ക്കാണ് വിളിച്ചതെന്ന് കേട്ടപ്പോൾ വിശ്വസിക്കാനായില്ല. സ്വപ്നമാണെന്നാണ് കരുതിയത്.
അടുത്തുണ്ടായിരുന്ന റിങ്കു ഭായിയോട് (റിങ്കു സിങ്, ഇന്ത്യൻ ക്രിക്കറ്റ് താരം) ഞാനൊന്ന് എന്നെ നുള്ളാൻ പറഞ്ഞു. എന്റെ കുടുംബം ഇത്രയും പണമൊന്നും ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല.
എന്റെ ജീവിതം ഇവിടെമുതൽ മാറുകയാണെന്ന് തോന്നുന്നു. ഈ പണംകൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല.
വീട്ടുകാർ തീരുമാനിക്കും’’, പ്രശാന്ത് ഒരു മാധ്യമത്തോട് പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയും പ്രത്യേകിച്ച് ധോണിക്ക് കീഴിലും കളിക്കുകയെന്ന സ്വപ്നം തനിക്കുണ്ടായിരുന്നെന്ന് പ്രശാന്ത് വീർ പറഞ്ഞു. ‘‘ദൈവം ആ സ്വപ്നം യാഥാർഥ്യമാക്കി.
ധോണിയെപ്പോലെ ഞാനും ബാറ്റിങ് ഓർഡറിൽ ലോവർ ഡൗണായി ഇറങ്ങാറുണ്ട്’’ – പ്രശാന്ത് പറഞ്ഞു.
നൂർ അഹമ്മദ്, രാഹുൽ ചഹർ, അകീൽ ഹൊസൈൻ തുടങ്ങിയ സ്പിന്നർമാർ നിലവിൽ സിഎസ്കെയ്ക്കുണ്ട്. അതുകൊണ്ട്, പ്ലെയിങ് ഇലവനിൽ ഇടംപിടിക്കാൻ പ്രശാന്തിന് പ്രയാസമായിരിക്കും.
പക്ഷേ, ഐപിഎല്ലിൽ കളിക്കുംമുൻപേ പ്രശാന്ത് താരമായി കഴിഞ്ഞു; പ്രത്യേകിച്ച് വീട്ടിലും നാട്ടിലും. ഇടംകൈ സ്പിന്നറാണ് പ്രശാന്ത്.
ഈ സീസണിൽ ഉത്തർപ്രദേശ് ട്വന്റി20 ലീഗിൽ 10 മത്സരങ്ങളിൽ നിന്ന് 320 റൺസും 8 വിക്കറ്റും പ്രശാന്ത് നേടി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

