പിണറായി ∙ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷന്റെ പിണറായി കിഴക്കുംഭാഗത്തെ ഹൈടെക് വീവിങ് മിൽസ് അടച്ചുപൂട്ടൽ ഭീഷണിയിൽ. 2010-2011ൽ ആരംഭിച്ച സ്ഥാപനം ആധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന നവീന മാതൃകയിലുള്ള മില്ലാണ്.
വിവിധ കാരണങ്ങളാൽ പ്രവർത്തനം തുടങ്ങാൻ സാധിക്കാതിരുന്ന മിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപര്യപ്രകാരം 2019ൽ ആണു പ്രവർത്തനം തുടങ്ങിയത്.
പ്രതിമാസം മൂന്നുലക്ഷം മീറ്റർ തുണി ഉൽപാദനശേഷിയാണ് സ്ഥാപനത്തിനുള്ളതെങ്കിലും പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഓർഡറുകളുടെ അഭാവവും ടെക്സ്റ്റൈൽ കോർപറേഷന്റെ കെടുകാര്യസ്ഥതയും സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി.
ജോലിയും കൂലിയുമില്ലാതെ രണ്ടു മാസമായി എഴുപതോളം ജീവനക്കാരുടെ ജീവിതം ദുസ്സഹമാണ്.
യഥാർഥത്തിൽ ഹൈടെക് വീവിങ് മിൽസ് സർക്കാരിന്റെ സ്കൂൾ സൗജന്യ യൂണിഫോം പദ്ധതിക്ക് ആവശ്യമുള്ള തുണി നെയ്യുന്നതിനാണ് വിഭാവനം ചെയ്തത്. എന്നാൽ പിന്നീട് സ്കൂൾ യൂണിഫോം പദ്ധതി കൈത്തറിയിലേക്കു മാറ്റിയതിനാൽ ഹൈടെക് വീവിങ് മില്ലിന് ഓർഡറുകളില്ലാതെ അവസ്ഥയാണ്.
ഓർഡറുകൾ ഇതര സംസ്ഥാനങ്ങളിലേക്ക്
∙ സർക്കാരിന്റെ ആഭ്യന്തരം, ആരോഗ്യം, വ്യവസായം, ടൂറിസം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകൾക്ക് വർഷംതോറും 23 ലക്ഷം മീറ്റർ തുണി ആവശ്യമുണ്ട്.
ഈ തുണി വാങ്ങുന്നതിന് വകുപ്പുകൾ എല്ലാ വർഷവും തുക വകയിരുത്തുന്നുമുണ്ട്. ഈ തുണിത്തരങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്നതിനാണ് ഉദ്യോഗസ്ഥ തലത്തിൽ പ്രത്യേക താൽപര്യം.
നിലവിൽ ഈ വകുപ്പുകൾ വാങ്ങുന്ന തുണിത്തരങ്ങൾ അതേ ഗുണനിലവാരത്തിൽ ഇതിലും കുറഞ്ഞ ചെലവിൽ ഹൈടെക് വീവിങ് മില്ലിൽ ഉൽപാദിപ്പിക്കുവാൻ കഴിയുമെങ്കിലും സർക്കാരിന്റെ അനാസ്ഥയാണ് സ്വകാര്യമില്ലുകളിൽ നിന്നും വാങ്ങുന്നതിന് ഇടയാക്കുന്നത്.
നേരത്തേയുള്ള മാനേജർ ഒന്നരവർഷം മുൻപ് വിരമിച്ചെങ്കിലും പുതുതായി മാനേജരെ നിയമിച്ചിട്ടില്ല.
കോഴിക്കോടുള്ള മാനേജർക്കാണ് പിണറായിയിലും ചാർജ്.
പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന സർക്കാർ എന്ന് പറയുമ്പോഴും മുഖ്യമന്ത്രിയുടെ നാട്ടിലെ തന്നെ ഒരു പൊതുമേഖലാ സ്ഥാപനം പ്രവർത്തിപ്പിക്കാൻ കഴിയാതെ കോടിക്കണക്കിന് വില വരുന്ന മെഷീനുകൾ നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്.
സ്കൂൾ യൂണിഫോം പദ്ധതിയുടെ നൂൽ ഇരട്ട നൂലാക്കുന്ന പണി ചെയ്തതിന്റെ സർക്കാർ ഫണ്ട് കിട്ടാത്തതു കാരണമാണ് ഒന്നര മാസമായി ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ പറ്റാത്തത്.
വേഗം ശമ്പളം കൊടുക്കാനുള്ള നടപടി കൈക്കൊള്ളും.
പി.രമേശ്, മാനേജർ ഇൻചാർജ്, പിണറായി വീവിങ് മിൽസ്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

