കണ്ണൂർ ∙ തദ്ദേശതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ സംഘർഷം ഉടലെടുത്ത പാനൂരിൽ സമൂഹമാധ്യമത്തിലൂടെ വെല്ലുവിളിയും ഭീഷണിയും. നാടൻബോംബെറിഞ്ഞു പൊട്ടിക്കുന്ന വിഡിയോ പങ്കുവച്ച് ഇടതുസൈബർ പേജുകളിലാണു പ്രചാരണം.
കഴിഞ്ഞദിവസം സിപിഎമ്മിന്റെ സ്തൂപം തകർത്തതിനു പിന്നാലെയാണ് വെല്ലുവിളി രൂക്ഷമായത്.‘കണ്ണൂരിന്റെ കണ്ണായ പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ടു കാശിക്കു പോയിട്ടില്ല’. ‘കുഴി നിങ്ങൾ കുഴിച്ചുവച്ചോ ഇവൻ എന്നെന്നേക്കുമായി ഉറങ്ങാനുള്ള ഏർപ്പാടുകൾ ഞങ്ങൾ ചെയ്തു തരാം’ തുടങ്ങിയ വാചകങ്ങൾ ചേർത്താണ് പ്രചാരണം.
നൂഞ്ഞമ്പ്രം സഖാക്കൾ, റെഡ് ആർമി തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വെല്ലുവിളി.
‘ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ കണക്കുതീർത്ത് കൊടുത്തുവിട്ടേക്കുക’ എന്ന് കോടിയേരി ബാലകൃഷ്ണൻ പ്രസംഗിക്കുന്ന ദൃശ്യത്തിനൊപ്പം മുസ്ലിം ലീഗ് പ്രവർത്തകരുടെ ചിത്രങ്ങൾ ചേർത്തുവച്ചും പ്രചരിപ്പിക്കുന്നു. ലീഗ് പ്രവർത്തകന്റെ ചിത്രംവച്ച് ‘ആദരാഞ്ജലികൾ; കബറടക്കാൻ പോലും ബാക്കിവയ്ക്കില്ല’ എന്നും തകർക്കപ്പെട്ട
സിപിഎം സ്തൂപത്തിന്റെ ചിത്രത്തോടൊപ്പം ‘എല്ലാ പ്രവൃത്തികൾക്കും പ്രതിപ്രവർത്തനം ഉണ്ടാകും’ എന്നും കുറിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കുന്നോത്തുപറമ്പിൽ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ സിപിഎമ്മിന്റെ സ്തൂപം അടിച്ചുതകർത്തിരുന്നു. തകർക്കാൻ ഉപയോഗിച്ച ചുറ്റിക സ്ഥലത്തുനിന്നു കണ്ടെത്തിയിരുന്നു.
സംഭവത്തിനു പിന്നിൽ യുഡിഎഫാണെന്ന് സിപിഎം ആരോപിക്കുന്നു. അതിനുപിന്നാലെ സിപിഎം– ലീഗ് പ്രവർത്തകർ നടുറോഡിൽ ഏറ്റുമുട്ടുകയും സ്ഫോടകവസ്തുക്കളും കല്ലും പരസ്പരം എറിയുകയും ചെയ്തു.
ഒട്ടേറെപ്പേർക്കു പരുക്കേറ്റിരുന്നു.
പിണറായിയിൽ സ്ഫോടനം സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി
കണ്ണൂർ ∙ പിണറായിയിൽ സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന്റെ വലതു കൈപ്പത്തിയിലെ 3 വിരലുകൾ അറ്റു. വെണ്ടുട്ടായി കനാൽക്കരയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ സ്നേഹാലയത്തിൽ വിബിൻ രാജിന്റെ (26) കൈപ്പത്തിയാണ് ചിതറിയത്.
വിരലിന്റെ ഒരു ഭാഗം കണ്ടെടുത്തു. നാടൻബോംബ് പൊട്ടിയെന്നാണ് ആദ്യം അറിഞ്ഞതെങ്കിലും തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ നിർമിച്ച പടക്കമെന്നാണ് സിപിഎം പ്രാദേശികനേതൃത്വത്തിന്റെ വാദം.
എന്നാലിത് കടകളിൽനിന്നു വാങ്ങിയതല്ല; അനധികൃതമായി നിർമിച്ചതും ഉഗ്രശേഷിയുള്ളതുമാണ്.
റീൽസെടുക്കുന്നതിനിടെ പൊട്ടാത്ത പടക്കം കയ്യിലെടുത്ത് പരിശോധിച്ചപ്പോൾ പൊട്ടിത്തെറിച്ചെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. കോൺഗ്രസ് ഓഫിസ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതുൾപ്പെടെ 3 കേസുകളിൽ പ്രതിയാണ് വിബിൻ രാജ്. ഇതിനിടെ, പാനൂരിലെ ബിജെപി ശക്തികേന്ദ്രമായ കുറ്റേരിയിലെ പറമ്പിൽ 2 നാടൻബോംബുകൾ പൊലീസ് കണ്ടെത്തി.
വോട്ടെണ്ണൽ ദിവസം ഇവിടെ ബോംബ് സ്ഫോടനത്തിൽ 2 ബിജെപി പ്രവർത്തകർക്കു പരുക്കേറ്റിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് സംഘർഷങ്ങൾ; പൊലീസ് നടപടികൾ തുടരുന്നു
കണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ പൊലീസ് നടപടി തുടരുന്നു. രാമന്തളി മഹാത്മാ സ്മാരക കൾചറൽ സെന്ററിലെ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. പി.വി.സുരേന്ദ്രന്റെ പരാതിയിലാണ് കേസെടുത്തത്.
പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം നടക്കുന്നുവെന്ന മറുപടിയാണ് പൊലീസ് നൽകുന്നത്.
ചിലരെ ചോദ്യം ചെയ്തുവെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട് കുഞ്ഞിമംഗലത്ത് നടന്ന അക്രമങ്ങളിൽ പൊലീസ് കേസെടുത്തില്ല.
ഇതുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയില്ലെന്നാണു പൊലീസ് ഭാഷ്യം.
തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണച്ചയാളുടെ വീടിനു നേരെ കല്ലേറു നടന്ന സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. തിരഞ്ഞെടുപ്പ് ദിവസം ചിറവക്കിൽ ബൂത്തിന് സമീപം നടന്ന സംഘട്ടനത്തിൽ ലീഗ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു. സി.പി.നൗഫൽ ആണ് അറസ്റ്റിലായത്.
ഇദ്ദേഹത്തെ റിമാൻഡ് ചെയ്തു. കോട്ടയം മൗവ്വേരി ഓലായിക്കരയിൽ എസ്ഡിപിഐ പ്രവർത്തകന്റെ കാറിന്റെ ചില്ല് അടിച്ച് തകർത്ത സംഭവത്തിലെ പ്രതികളെ കണ്ടെത്താനായിട്ടില്ല.
സിപിഎം നാടാകെ ബോംബ് നിർമിക്കുന്നു: സണ്ണി ജോസഫ്
കണ്ണൂർ ∙ പരാജയത്തിൽ വിറളിപൂണ്ട
സിപിഎം നാടാകെ അക്രമം അഴിച്ചുവിടാൻ വ്യാപകമായി ബോംബ് നിർമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. തദ്ദേശതിരഞ്ഞെടുപ്പിലെ ജനവിധി സർക്കാരിന്റെ അഴിമതിക്കും പാർട്ടിയുടെ അക്രമ രാഷ്ട്രീയത്തിനും എതിരാണെന്ന യാഥാർഥ്യം ഉൾക്കൊണ്ട് ആയുധം താഴെവയ്ക്കാൻ സിപിഎം തയാറാകണം.
ജനാധിപത്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന ജനവിധി അംഗീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
സിപിഎം സംഘർഷത്തിന് കോപ്പുകൂട്ടുന്നു: ബിജു ഏളക്കുഴി
കണ്ണൂർ ∙ പിണറായി വെണ്ടുട്ടായിയിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകന്റെ കൈപ്പത്തിയറ്റ സംഭവം ജില്ലയിൽ പാർട്ടി വ്യാപക സംഘർഷത്തിന് കോപ്പുകൂട്ടുന്നു എന്നതിന്റെ തെളിവാണെന്ന് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം സിപിഎം ജില്ലയിൽ വ്യാപകമായി അക്രമം നടത്തുകയാണ്.
ജനവിധി അംഗീകരിക്കുന്നതിനു പകരം അക്രമത്തിലൂടെ ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നും ബിജു ഏളക്കുഴി ആരോപിച്ചു.
സിപിഎം ശക്തികേന്ദ്രങ്ങളിൽ ബോംബ് നിർമാണം ഊർജിതം: മാർട്ടിൻ ജോർജ്
കണ്ണൂർ ∙ പിണറായിയിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനു ഗുരുതരമായി പരുക്കേറ്റ സംഭവം സിപിഎം ശക്തികേന്ദ്രങ്ങളിൽ ബോംബ് നിർമാണം ഊർജിതമായി നടക്കുന്നുണ്ട് എന്നതിന്റെ തെളിവാണെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതു മുതൽ സിപിഎം നേതാക്കളും അണികളും സമനില തെറ്റിയതു പോലെയാണു പ്രവർത്തിക്കുന്നത്.
സിപിഎം ക്രിമിനലുകളെ കയറൂരി വിട്ട് കലാപത്തിനു ശ്രമിക്കുകയാണെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.
ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കാൻ സിപിഎം തയാറാവണം: അബ്ദുൽ കരീം ചേലേരി
കണ്ണൂർ ∙ ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കാൻ സിപിഎം തയാറാവണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിൽ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരു സിപിഎം പ്രവർത്തകന് ഗുരുതരമായി പരുക്കേറ്റ സംഭവം സിപിഎം കേന്ദ്രങ്ങളിൽ ആയുധം താഴെ വയ്ക്കാൻ പ്രവർത്തകർ തയാറായിട്ടില്ല എന്ന സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പടക്കം കയ്യിൽനിന്ന് പൊട്ടിയ സംഭവം ബോംബ് സ്ഫോടനമായി ചിത്രീകരിക്കുന്നു: സിപിഎം
പിണറായി ∙ പടക്കം കയ്യിൽനിന്ന് പൊട്ടി യുവാവിന് പരുക്കേറ്റ സംഭവം ബോംബ് സ്ഫോടനമായി ചിത്രീകരിച്ച് സിപിഎമ്മിനെതിരെ തിരിച്ചുവിടാനുള്ള ചില മാധ്യമങ്ങൾ നടത്തിയ ശ്രമം അപലപനീയമാണെന്ന് സിപിഎം പിണറായി ഏരിയ കമ്മിറ്റി.
വിപിൻ രാജ് സ്വന്തം വീട്ടിൽനിന്ന് പടക്കം പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ സഹോദരി തടസ്സപ്പെടുത്തി. തുടർന്നാണ് വീടിനടുത്തുള്ള ഗ്രൗണ്ടിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചത്.
തീ കൊടുത്ത് കയ്യിൽനിന്നു തന്നെ പൊട്ടിയാണു പരുക്കേറ്റത്. പടക്കത്തിന്റെ അവശിഷ്ടം പരിശോധിച്ച് പൊലീസും ഇതു സ്ഥിരീകരിച്ചതായും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വാർത്തകൾക്ക് പിന്നിലെ ഗൂഢാലോചന തിരിച്ചറിയണമെന്നും പ്രസ്താവനയിൽ പറയുന്നു.
പാറാട്ട് സിപിഎം സ്തൂപത്തിന് നേരെ അക്രമം: രണ്ടു ലീഗ് പ്രവർത്തകർ അറസ്റ്റിൽ
പാനൂർ ∙ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പാറാട്ട് സിപിഎം സ്തൂപത്തിനു നേരെ അക്രമം നടത്തിയ രണ്ടു മുസ്ലിം ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. പ്രതികളിൽ ചിലർ സ്ഥലംവിട്ടതായും സൂചനയുണ്ട്. ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന യുഡിഎഫ് പ്രവർത്തകർക്കു നേരെയും മുസ്ലിംലീഗ് ഓഫിസിനു നേരെയും അക്രമം നടത്തിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം പ്രവർത്തകരായ നൂഞ്ഞമ്പ്രം കാട്ടിൽ പറമ്പത്ത് ആഷിക് സുരേന്ദ്രൻ, മൊട്ടേമ്മൽ സൗരവ് എന്നിവരെ കോടതി റിമാൻഡ് ചെയ്തു.
ഇതേ കേസിൽ അറസ്റ്റിലായ 7 പേരും റിമാൻഡിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

