കൊല്ലം: തെരഞ്ഞെടുപ്പെത്തിയാൽ വാഗ്ദാനങ്ങളുടെ പെരുമഴയുമായി സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് മുന്നിലെത്തുന്നത് പതിവ് കാഴ്ചയാണ്. ജയിച്ചാൽ പിന്നെ പറഞ്ഞ വാക്ക് മറന്ന് പോകുന്നവർ നിരവധി.
തോറ്റവർ പിന്നെ വാഗ്ദാനങ്ങൾ പാലിക്കേണ്ടതില്ല എന്നാണ് പൊതു ധാരണ. എന്നാൽ ആ ചരിത്രം തിരുത്തിക്കുറിച്ചൊരു സ്ഥാനാർത്ഥിയുണ്ട്.
പരാജയപ്പെട്ടെങ്കിലും വീടുകളിലെത്താൻ വഴി നൽകാമെന്ന് വോട്ടർമാർക്ക് കൊടുത്ത വാഗ്ദാനം പാലിച്ച സ്ഥാനാർഥി. പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് മാങ്കോട് വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മാങ്കോട് ഷാജഹാനാണ് വോട്ടഭ്യർഥനയിൽ മാങ്കോട് ഒരിപ്പുറം ഉന്നതിയിലെ അഞ്ച് കുടുംബങ്ങൾക്ക് അവരുടെ വീടുകളിലെത്താൻ വഴിയൊരുക്കാമെന്ന് ഉറപ്പ് നൽകിയത്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പറഞ്ഞ വാക്ക് മാങ്കോട് ഷാജഹാൻ പാലിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ വഴിക്കായി ഷാജഹാൻ സ്ഥലം വാങ്ങിയിട്ടു.
ഫലം വന്നതിന് പിന്നാലെ വഴിയും ഒരുക്കി. 50 മീറ്ററിൽ നീളത്തിലാണ് റോഡ് വെട്ടി കോൺക്രീറ്റ് ചെയ്തത്.
ഇതോടെ ഒറ്റപ്പെട്ടു കിടന്ന വീടുകളിലേക്ക് സഞ്ചാര യോഗ്യമായ വഴിയായി. വോട്ട് നൽകാമെന്ന് പറഞ്ഞവർ വാക്കു പാലിച്ചോ എന്നതല്ല, പറഞ്ഞ വാക്ക് പാലിക്കേണ്ടത് തന്റെ കടമയായതുകൊണ്ടാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് മാങ്കോട് ഷാജഹാന്റെ പക്ഷം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

