കാസർകോട് ∙ ജില്ലയിൽ തദ്ദേശതിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ ക്ഷീണം എൽഡിഎഫിലെ ഇതര കക്ഷികളെയും വലിയതോതിൽ ബാധിച്ചെന്നാണു തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. തിരിച്ചടി പരിശോധിക്കുമെന്ന് എൽഡിഎഫ് നേതൃത്വം പറയുമ്പോഴും കൃത്യമായ തിരുത്തലുകളിലൂടെ ജനങ്ങളെ കൂടെ ചേർത്തുപിടിക്കുകയാവും ഇനി എൽഡിഎഫ് ചെയ്യേണ്ടി വരിക.
കോട്ടകളിൽ വലിയ കോട്ടമില്ല; ദുർബലമായിടത്ത് കൂടുതൽ ദുർബലം
∙ശക്തികേന്ദ്രങ്ങളിൽ ഒലിച്ചുപോകാതെ പിടിച്ചുനിന്നുവെന്ന് ആശ്വസിക്കുമ്പോഴും ദുർബലമായിടത്തു കൂടുതൽ ദുർബലമായി എന്നതാണു തദ്ദേശ തിരഞ്ഞെടുപ്പുഫലം സിപിഎമ്മിനു നൽകുന്ന മുന്നറിയിപ്പ്.
ഇതിനു പരിഹാരം കാണാതെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നതു പാർട്ടിക്ക് വലിയ വെല്ലുവിളിയാവും. 8 പഞ്ചായത്തുകളിൽ ഭരണനഷ്ടമുണ്ടായെങ്കിലും പരമ്പരാഗത ശക്തികേന്ദ്രങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞതു തിരിച്ചടിക്കിടയിലും സിപിഎമ്മിന് ആശ്വാസമാണ്. ബ്ലോക്ക്–ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും തൽസ്ഥിതി നിലനിർത്താനും കഴിഞ്ഞു.
ആകെയുള്ള 725 പഞ്ചായത്ത് വാർഡുകളിൽ 236 വാർഡുകളാണ് സിപിഎം ഇക്കുറി നേടിയത്.
2020ൽ ലഭിച്ച 241 വാർഡുകളേക്കാൾ 5 എണ്ണം കുറവ്. പുനർനിർണയത്തിന്റെ ഭാഗമായി ഇത്തവണ 61 വാർഡുകൾ ജില്ലയിൽ വർധിച്ചെങ്കിലും അതിന് ആനുപാതികമായ വർധനയുണ്ടാകുന്നതിനു പകരം കുറവുണ്ടായി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും കഴിഞ്ഞ തവണത്തെ 30 എന്ന അംഗസംഖ്യ നിലനിർത്താൻ കഴിഞ്ഞു.
കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലായി കഴിഞ്ഞ തവണ 39 വാർഡുകൾ നേടിയ സ്ഥാനത്ത് ഇത്തവണ ഒരു വാർഡ് അധികം നേടി.
ജില്ലാ പഞ്ചായത്തിൽ ദേലംപാടി ഡിവിഷൻ തിരിച്ചുപിടിച്ചതിനൊപ്പം പുതിയതായി രൂപീകരിച്ച ബേക്കലും നേടി. ഗ്രാമപഞ്ചായത്തുകളിലാണ് കനത്ത തിരിച്ചടി നേരിട്ടത്.
മുളിയാർ, പൈവളിഗെ, പുത്തിഗെ, ഉദുമ, വലിയപറമ്പ, വോർക്കാടി, ദേലംപാടി, മീഞ്ച പഞ്ചായത്തുകൾ നഷ്ടമായി. പടന്നയും വെസ്റ്റ് എളേരിയും പിടിച്ചെടുത്തു.
അതേസമയം ന്യൂനപക്ഷ കേന്ദ്രങ്ങളിലാണു സിപിഎമ്മിന് വോട്ടുചോർച്ചയുണ്ടായത്. ചെങ്കള (കുറവ് 3), മധൂർ (കുറവ് 4), മുളിയാർ (കുറവ് 4), ദേലംപാടി (കുറവ് 4), തുടങ്ങിയ പഞ്ചായത്തുകളിലാണു വലിയ നഷ്ടമുണ്ടായത്.
കാലിടറി സിപിഐ; വാർഡുകളുടെ എണ്ണത്തിൽ വലിയ കുറവ്
∙ എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐക്കും പഞ്ചായത്തുകളിൽ കാലിടറി.
കഴിഞ്ഞതവണ 25 പഞ്ചായത്ത് വാർഡുകളിൽ വിജയിച്ച പാർട്ടി 16 വാർഡുകളിലാണു വിജയിച്ചത്. അതേസമയം, നഗരസഭകളിലും ബ്ലോക്ക്–ജില്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ തവണത്തെ അംഗസംഖ്യ നിലനിർത്താനായി.
കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്തുകളിലും സിപിഐ അംഗങ്ങളുണ്ട്. ജില്ലാ പഞ്ചായത്തിലേക്കു പെരിയ ഡിവിഷനിൽനിന്നു വിജയിക്കാനായി.
കഴിഞ്ഞ തവണ 3 അംഗങ്ങളുണ്ടായിരുന്ന മീഞ്ചയിൽ ഒരംഗത്തെ പോലും വിജയിക്കാനായില്ല. എൻമകജെ, ചെമ്മനാട്, കുംബഡാജെ, പൈവളിഗെ തുടങ്ങിയ പഞ്ചായത്തുകളിലും നഷ്ടമുണ്ടായി.
ക്ഷീണിച്ച് ഐഎൻഎല്
∙ ഐഎൻഎല്ലിന്റെ ജയം 4 പഞ്ചായത്ത് വാർഡുകളിലും 2 വീതം ബ്ലോക്ക് ഡിവിഷനിവും നഗരസഭ വാർഡുകളിലുമൊതുങ്ങി.
കഴിഞ്ഞ തവണ 6 പഞ്ചായത്ത് വാർഡുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ വെറും 3 പഞ്ചായത്തുകളിലാണു പാർട്ടിയുടെ സാന്നിധ്യമറിയിക്കാനായത്. കാഞ്ഞങ്ങാട് നഗരസഭയിൽ 2 വാർഡുകൾ നഷ്ടപ്പെട്ടതും തിരിച്ചടിയായി.
2020ൽ ഇവിടെ 3 വാർഡുകളിൽ വിജയിച്ചിരുന്നു.
ആശ്വാസത്തിൽ ആർജെഡി
∙കാഞ്ഞങ്ങാട് നഗരസഭയിൽ ഒരു ഡിവിഷനും കുമ്പള പഞ്ചായത്തിൽ ഒരു വാർഡും നേടി പാർട്ടി ജില്ലയിൽ സാന്നിധ്യം നിലനിർത്തി. കഴിഞ്ഞ തവണ തൃക്കരിപ്പൂർ പഞ്ചായത്തിൽ ഒരു അംഗമുണ്ടായിരുന്നു.
പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ കേരള കോൺ.
എം
∙മലയോര മേഖലയിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോൾ ജില്ലയിൽ കേരള കോൺഗ്രസ് എമ്മിന്റെ സാന്നിധ്യം ജില്ലാ പഞ്ചായത്തിലെ കള്ളാർ ഡിവിഷനിൽ മാത്രമായി. മലയോര മേഖലയിലെ ചില പഞ്ചായത്തുകളിൽ പാർട്ടി മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

