ചാരുംമൂട് ∙ മേഖലയിൽ രൂക്ഷമായി ശുദ്ധജലക്ഷാമം. പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിലെ പൊതുടാപ്പുകളിൽ കുടിവെള്ളമെത്തുന്നില്ല.
നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം, വള്ളികുന്നം പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും പാറ്റൂരിലും ശുദ്ധജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പാറ്റൂർ ശുദ്ധജല പദ്ധതിയിൽ നിന്നാണ് മേഖലയിലെ നാല് പഞ്ചായത്തുകളിൽ വെള്ളം എത്തുന്നത്.
എന്നാൽ ഇപ്പോൾ ആവശ്യത്തിനു വെള്ളം ലഭ്യമാകുന്നില്ല. പലയിടങ്ങളിലും പൊതുടാപ്പുകളിൽ വെള്ളമില്ല, എന്നാൽ ചില സ്ഥലങ്ങളിലാകട്ടെ, പൈപ്പുകൾ പൊട്ടി വെള്ളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കെ–പി റോഡിലും കൊല്ലം–തേനി ദേശീയപാതയിലും പൊട്ടിയ പൈപ്പുകളുടെ ചോർച്ച മാറ്റാൻ വേഗത്തിൽ കഴിയാത്തതിനാൽ ദിവസങ്ങളോളം കാത്തിരിക്കണം.
കൊല്ലം–തേനി ദേശീയപാതയിൽ പൈപ്പുകൾ പൊട്ടി വെള്ളം നഷ്ടപ്പെടുന്നത് പരിഹരിക്കണമെങ്കിൽ ദേശീയപാത അധികൃതരുടെ അംഗീകാരം ലഭിക്കുകയും റോഡ് നിർമാണത്തിനുള്ള പണം മുൻകൂർ അടയ്ക്കുകയും വേണം. ഇത് നടക്കാത്തതാണ് പ്രധാനകാരണം.
കെ–പി റോഡിൽ തന്നെ അടൂരിനും ചാരുംമൂടിനും ഇടയിൽ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ കനാൽ ജലമില്ലാതെ ഉറവകളിലൂടെ കിണറുകളിൽ വെള്ളം എത്തില്ല. കനാലിൽ വെള്ളം എത്തിയാലും മാലിന്യങ്ങളും ഉൾപ്പെടെ തെരുവുനായ്ക്കളും വെള്ളത്തിലൂടെ ഒഴുകി വരുന്ന അവസ്ഥയിലാണ് കനാലുകൾ. ഈ വെള്ളം ഉറവകളായി കിണറുകളിലെത്തിയാലും ഉപയോഗിച്ചാൽ മാരകരോഗം ഉണ്ടാകാനാണ് സാധ്യത.
ഓരോ വർഷവും കനാലുകൾ ശുചീകരിക്കുന്നതിനായി ലക്ഷക്കണക്കിന് രൂപ ചെലവാക്കുമെങ്കിലും ശുചീകരണങ്ങൾ എല്ലാം തന്നെ പാതിവഴിയിൽ നിലയ്ക്കും.
പഴകുളത്തു നിന്ന് വരുന്ന മെയിൻ കനാലുകളും ഇതിൽ നിന്നുള്ള സബ് കനാലുകളുമാണ് മാലിന്യങ്ങൾ നിറഞ്ഞ് കാടുകയറി കിടക്കുന്നത്. ഇറച്ചി കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഉള്ള മാലിന്യങ്ങളും രാത്രികാലങ്ങളിൽ കനാലുകളിലാണ് നിക്ഷേപിക്കാറുള്ളത്.
അടിയന്തരമായി കെഐപി മുൻകൈഎടുത്ത് കനാൽ ശുചീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

