കേരളത്തിൽ സ്വർണവില ഉച്ചയ്ക്ക് ശേഷം ഉയിർത്തെണീറ്റ് വൻ കുതിപ്പിൽ. ഇന്നു രാവിലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.
എന്നാൽ, ഉച്ചയ്ക്ക് വില ഗ്രാമിന് 50 രൂപ മുന്നേറി 11,985 രൂപയായി. 400 രൂപ വർധിച്ച് 95,880 രൂപയാണ് പവൻവില.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം കുറഞ്ഞെങ്കിലും ഇനിയുള്ള യോഗങ്ങളിൽ പലിശ കുറയ്ക്കാനുള്ള സാധ്യത വിരളമാണെന്ന റിപ്പോർട്ടുകളെ തുടർന്ന് രാജ്യാന്തരവില കാര്യമായ മുന്നേറ്റം നടത്തിയില്ല.
രാജ്യാന്തര സ്വർണവിലയുള്ളത് ഔൺസിന് 17 ഡോളർ മാത്രം ഉയർന്ന് 4,214 ഡോളറിലാണ്. യുഎസ് ഡോളർ ഇൻഡക്സാകട്ടെ 0.28% താഴ്ന്ന് 98.51ൽ എത്തുകയും ചെയ്തു.
എന്നാൽ, ഡോളർ തളർച്ചയിലായിട്ടും ഇന്ത്യൻ രൂപ ഇന്ന് റെക്കോർഡ് താഴ്ചയിലേക്ക് നിലംപതിച്ചു.
39 പസ താഴ്ന്ന് 90.33 എന്ന സർവകാല താഴ്ചയിലാണ് ഡോളറിനെതിരെ രൂപയുള്ളത്. രൂപ ദുർബലമാകുന്നത് സ്വർണം ഇറക്കുമതിച്ചെലവ് കൂടാനിടയാക്കും.
ഈ പശ്ചാത്തലത്തിലാണ് ഉച്ചയ്ക്ക് ശേഷം സ്വർണവില കൂടിയത്.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് ഉച്ചയ്ക്ക് 40 രൂപ ഉയർന്ന് 9,915 രൂപയായി. ഗ്രാമിന് ഒരുരൂപ മാത്രം ഉയർന്ന് 198 രൂപയാണ് ഇന്നത്തെ വെള്ളിവില.
എന്നാൽ, മറ്റുചില വ്യാപാരികൾ വെള്ളിക്ക് ഈടാക്കുന്നത് 196 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് 9,855 രൂപയും.
യുഎസ്-ഇന്ത്യ വ്യാപാരക്കരാർ പ്രഖ്യാപനം അനിശ്ചിതമായി വൈകുന്നതും ഇറക്കുമതിക്കമ്പനികളിൽ നിന്ന് ഡോളറിന് വലിയ ഡിമാൻഡ് കിട്ടുന്നതുമാണ് രൂപയെ പ്രധാനമായും തളർത്തുന്നത്.
ഓഹരി വിപണി അസ്ഥിരമായി തുടരുന്നതും വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്കും ക്രൂഡ് ഓയിൽ വില വർധനയും രൂപയ്ക്ക് സമ്മർദമാണ്.
രൂപയുടെ വീഴ്ച ഇന്ത്യയ്ക്ക് ഒരുപോലെ നേട്ടവും കോട്ടവുമാണ്. കയറ്റുമതി മേഖലയ്ക്ക് നേട്ടം ലഭിക്കേണ്ടതാണെങ്കിലും ഉയർന്ന താരിഫ് ഭാരം തിരിച്ചടിയാകുന്നുണ്ട്.
രൂപ തളരുന്നത് ഇറക്കുമതിക്ക് തിരിച്ചടിയാകും. ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ്, അസംസ്കൃതവസ്തുക്കൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കെല്ലാം കൂടുതൽ വില നൽകേണ്ടി വരും.
∙ ഇറക്കുമതി ഉൽപന്നങ്ങൾക്ക് വില കൂടുന്നത് രാജ്യത്ത് അവശ്യവസ്തുക്കളുടെ വില, പണപ്പെരുപ്പം എന്നിവ കൂടാനിടയാക്കും.
∙ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടുന്നത് സമ്പദ്വ്യവസ്ഥയെയും സമ്മർദത്തിലാക്കും.
∙ വിദേശത്ത് പഠിക്കുന്നവർ, വിദേശയാത്ര ചെയ്യുന്നവർ എന്നിവർക്കും രൂപയുടെ വീഴ്ച തിരിച്ചടിയാണ്.
ഇവർ പഠന, യാത്രാച്ചെലവുകൾക്കായി കൂടുതൽ തുക കണ്ടെത്തേണ്ടിവരും.
∙ അതേസമയം രൂപയുടെ തളർച്ച പ്രവാസികൾക്ക് വൻ നേട്ടമാകും. യുഎസിൽ നിന്നും ഗൾഫിൽ നിന്നുംമറ്റും പ്രവാസിപ്പണം വൻതോതിൽ ഇന്ത്യയിലേക്ക് ഒഴുകാൻ വഴിയൊരുങ്ങും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

