പാപ്പിനിശ്ശേരി ∙ എത്ര സ്മാർട് ആയാലും തിരഞ്ഞെടുപ്പിൽ നൂറുകണക്കിനു വോട്ടിങ് സാമഗ്രികൾ ഉറപ്പാക്കൽ പോളിങ് ഉദ്യോഗസ്ഥർക്ക് ടെൻഷൻ പിടിച്ച പണിയാണ്. പഞ്ചായത്തുകളിൽ 3 ഇലക്ട്രോണിക് വോട്ടിങ് ബാലറ്റും യന്ത്രവും അടങ്ങിയ പെട്ടിയും ഉണ്ടാകും. ഇതോടൊപ്പം സൂചിയും നൂലും മുതൽ അരക്ക് വരെയുള്ള ഒട്ടേറെ പോളിങ് സാമഗ്രികൾ വിതരണ കേന്ദ്രത്തിൽ വാങ്ങി കൃത്യമായി രേഖപ്പെടുത്തണം.
ഓരോന്നും ഇളക്കി എണ്ണിത്തിട്ടപ്പെടുത്തുമ്പോഴേക്കും രണ്ടിലധികം സഞ്ചിയിൽ കൊണ്ടുപോകാനുള്ള സാധനങ്ങളാകും. ഓരോ ബൂത്തിലേക്കും വോട്ടിങ് മെഷീൻ മറച്ചു വയ്ക്കാനുള്ള കാർഡ് ബോർഡ്, പെൻസിൽ, മൊട്ടുസൂചി, പശ, വെള്ളച്ചരട്, ബ്ലേഡ്, വോട്ടർ പട്ടികയിൽ അടയാളം ചെയ്യാൻ ചുവന്ന മഷിയുള്ള പേന എന്നിങ്ങനെ 25 ഇനം സ്റ്റേഷനറി ഇനങ്ങൾ നൽകും.
തീപ്പെട്ടി, മെഴുകുതിരി, അരക്ക്, ചരട്, വോട്ടു ചെയ്തെന്നു അടയാളപ്പെടുത്താനുള്ള മഷി എന്നിവ വേറെയും.
അതിനുപുറമേ വിവിധ ഫോമുകൾ ഉൾക്കൊള്ളിച്ച 10 ഇനം പേപ്പർ കവറുകളും വിവിധ തരം ഫോമുകളും വോട്ടർപട്ടികയുടെ മാർക്ക് ചെയ്ത കോപ്പി, വിവിധ ടാഗുകൾ, നാലിനം സീലുകൾ എന്നിവയുടെയും കണക്കെടുക്കണം. ഇന്ന് പോളിങ് പൂർത്തിയായാൽ ഇവയെല്ലാം കൃത്യമായി രേഖപ്പെടുത്തി വിവിധ കവറുകളിലാക്കി തിരിച്ചു കൊടുക്കുന്നതു വരെ പ്രിസൈഡിങ് ഓഫിസർക്ക് ഒരു സമാധാനവുമുണ്ടാകില്ല. വോട്ടിങ് സാമഗ്രികൾ അതതു ബൂത്തുകളിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കണമെന്നു പലതവണ ആവശ്യപ്പെട്ടെങ്കിലും പഴയനിലയിൽ തന്നെ തുടരുകയാണ്.
വോട്ടിങ് യന്ത്രങ്ങളിൽ സമയം തെറ്റ്; ആശങ്ക വേണ്ടെന്ന് ഉദ്യോഗസ്ഥർ
പാപ്പിനിശ്ശേരി ∙ ഭൂരിഭാഗം വോട്ടിങ് യന്ത്രങ്ങളിലും സമയം തെറ്റായി കാണിക്കുന്നത് പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസഥരെ ആശങ്കയിലാക്കി. എന്നാൽ ഇതു പോളിങ് കണക്കുകളെ ബാധിക്കില്ലെന്നും ഗൗരവകരമായ പ്രശ്നമല്ലെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വിതരണ കേന്ദ്രങ്ങളിൽനിന്ന് ഇന്നലെ രാവിലെ ഏറ്റുവാങ്ങി പരിശോധിച്ചപ്പോഴാണ് ചില യന്ത്രങ്ങളിൽ സമയം തെറ്റായി കാണിക്കുന്നതു ഉദ്യോഗസ്ഥരുട ശ്രദ്ധയിൽപെട്ടത്. മെഷീൻ സെറ്റ് ചെയ്യുമ്പോഴുണ്ടായ സാങ്കേതിക പിഴവായിരിക്കാനാണു സാധ്യതയെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
മറ്റു ഡേറ്റകളെല്ലാം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നു ഉറപ്പുവരുത്തിയാണ് പോളിങ് ഉദ്യോഗസ്ഥർ വിതരണ കേന്ദ്രത്തിൽ നിന്നും പോളിങ് സ്റ്റേഷനിലേക്ക് പോയത്. ഇന്നലെ രാത്രി തന്നെ പലതവണ വോട്ടിങ് യന്ത്രം ഉദ്യോഗസ്ഥർ പരിശോധിച്ചു ഉറപ്പുവരുത്തി.
ബൂത്ത് വൃത്തിയാക്കേണ്ട ജോലിയും ഉദ്യോഗസ്ഥർക്ക്
∙ ജില്ലയിൽ പലയിടത്തും പോളിങ് ബൂത്തുകൾ പോളിങ് ഓഫിസർമാരെത്തി ക്രമീകരിക്കേണ്ടി വന്നതായി വ്യാപകപരാതി.
കോർപറേഷനിലടക്കം പോളിങ് ബൂത്തുകളാക്കേണ്ട മുറികൾ പോളിങ് ഉദ്യോഗസ്ഥർതന്നെ ശുചീകരിക്കേണ്ടി വന്നതായും പരാതി ഉയർന്നു.
സെക്ടറൽ ഓഫിസർമാർ പോളിങ് സ്റ്റേഷനുകളിലെ സൗകര്യങ്ങൾ പരിശോധിച്ചു ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ലെന്നും പോളിങ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, കൃത്യമായി സജ്ജീകരിച്ചു വൃത്തിയാക്കിവച്ച പോളിങ് ബൂത്തുകളുമുണ്ട്. അതിരാവിലെ വിതരണ കേന്ദ്രങ്ങളിലെത്തി ഏറെനേരം കാത്തിരുന്നു വോട്ടിങ് യന്ത്രവും സാമഗ്രികളുമായി ഉച്ചയോടെ പോളിങ് സ്റ്റേഷനുകളിൽ എത്തിയപ്പോൾ പലയിടത്തം ദയനീയ കാഴ്ചകളായിരുന്നു. ക്ലാസ് മുറികളിലെ ബെഞ്ചും ഡെസ്കും മുഴുവൻ എടുത്തുമാറ്റി വൃത്തിയാക്കേണ്ടി വന്നു. എടുത്തുമാറ്റാൻ പറ്റാത്ത ഷെൽഫുകളും സാമഗ്രികളും ഉള്ളയിടങ്ങളിൽ സൗകര്യമില്ലാതെ ചില ബൂത്തുകൾ ഒരുക്കേണ്ടി വന്നിട്ടുമുണ്ട്. നാലു മുതൽ ആറു വരെ ബൂത്തുകൾ പ്രവർത്തിക്കേണ്ടി വരുന്ന പോളിങ് സ്റ്റേഷനുകളിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം 40ൽ അധികം പേരുണ്ടാകും.
ഇത്തരം കേന്ദ്രങ്ങളിൽ ആവശ്യത്തിനു ശുചിമുറികളില്ലെന്നതും ഉദ്യോഗസ്ഥരെ ദുരിതത്തിലാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

