തൊടുപുഴ ∙ പലകാരണങ്ങൾക്കൊണ്ടും ജില്ലയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതി.
ജില്ലയിലെ 52 പഞ്ചായത്തുകളിലേക്കും 8 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 2 മുനിസിപ്പാലിറ്റികളിലേക്കും ജില്ലാ പഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പിൽ ആകെ 6,40,890 പേർ ചൂണ്ടുവിരലിൽ മഷിയണിഞ്ഞു. ആകെ 9,12,133 വോട്ടർമാരാണുള്ളത്. 71.71 ആണ് വോട്ടിങ് ശതമാനം.
3,25,029 സ്ത്രീകളും 3,29,034 പുരുഷന്മാരും 7 ട്രാൻസ്ജെൻഡേഴ്സും വോട്ട് ചെയ്തു. കഴിഞ്ഞ തവണ 74.68% ആയിരുന്നു.
2021 നിയമസഭ തിരഞ്ഞെടുപ്പിൽ 71.78 ശതമാനവും 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ 65.41 ശതമാനവുമായിരുന്നു.
ആകെ 63 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1036 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 3100 സ്ഥാനാർഥികൾ മത്സരിച്ചു. ഇന്നലെ രാവിലെ കൃത്യം 7ന് തന്നെ ജില്ലയിൽ വോട്ടിങ് ആരംഭിച്ചു.
തോട്ടം മേഖലയിൽ രാവിലെ വോട്ട് രേഖപ്പെടുത്താൻ വലിയ തിരക്കായിരുന്നു. ചിലയിടങ്ങളിൽ വോട്ടിങ് മെഷീൻ തകരാർ മൂലം വോട്ടെടുപ്പ് ആരംഭിക്കാൻ വൈകി.
മറ്റ് പ്രശ്നങ്ങൾ ജില്ലയിൽ ഉണ്ടായില്ല.
ഉച്ചയോടെയാണ് മിക്ക ബൂത്തുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടത്. വെയിലത്ത് നീണ്ട
നിരയായി ജനങ്ങൾ നിന്നതോടെ പലയിടങ്ങളിലും പ്രവർത്തകർ പടുത വലിച്ചു കെട്ടി തണലൊരുക്കി. സ്ഥാനാർഥികൾ അവസാനവട്ട
അഭ്യർഥനയുമായി പോളിങ് സ്റ്റേഷൻ പരിസരത്തു നിലയുറപ്പിച്ചു. ഒരു മാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് മേളയ്ക്കാണ് ഇന്നലെ വൈകിട്ട് 6ന് സമാപനമായത്. ശനിയാഴ്ച ഫലപ്രഖ്യാപനം.
ഞായറാഴ്ച പരസ്യപ്രചാരണം അവസാനിച്ചെങ്കിലും തിങ്കളാഴ്ചയും സ്ഥാനാർഥികൾ വീടുകൾ കയറി വോട്ട് അഭ്യർഥിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് സ്ഥാനാർഥികൾ പറയുന്നു.
പ്രായമായവരെയും രോഗബാധിതരെയും പ്രവർത്തകർ തന്നെ ഇടപെട്ട് നേരിട്ടെത്തിച്ച് വോട്ട് ചെയ്യിക്കുന്ന കാഴ്ച എല്ലായിടത്തും കാണാമായിരുന്നു.
വികസനത്തിന് ജനം നന്ദിപറയും: റോഷി
ചെറുതോണി ∙ മന്ത്രി റോഷി അഗസ്റ്റിൻ വാഴത്തോപ്പ് പഞ്ചായത്തിലെ ഏഴാം വാർഡിലെ ഒന്നാം നമ്പർ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. വാഴത്തോപ്പ് ഗവൺമെന്റ് എൽപി സ്കൂളിൽ ഭാര്യ റാണിയോടൊപ്പമാണ് മന്ത്രി വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
ഈ തിരഞ്ഞെടുപ്പ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളോടുള്ള ജനങ്ങളുടെ നന്ദി പ്രകടനമാകുമെന്നു വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മന്ത്രി പറഞ്ഞു.
സമസ്ത മേഖലയിലും വികസനം കൊണ്ടുവന്ന സർക്കാരാണ് ഇത്. ജില്ലയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സർക്കാർ പരമാവധി പരിശ്രമിക്കുന്നുണ്ട്.
ഇനിയും അവശേഷിക്കുന്ന പ്രശ്നങ്ങൾ ഈ സർക്കാരിന്റെ കാലത്തു തന്നെ പരിഹരിക്കപ്പെടും. കേരള കോൺഗ്രസ് മുന്നണി മാറ്റം എൽഡിഎഫിനു കൂടുതൽ ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. മന്ത്രിയുടെ വാർഡിൽ ഇടതുപക്ഷത്ത് രണ്ട് സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ടെങ്കിലും വോട്ടർമാർക്ക് വ്യക്തമായ തിരിച്ചറിവുണ്ടെന്നും അവർ ശരിയായ വിധത്തിലുള്ള വോട്ട് രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കാറ്റ് അനുകൂലം: പി.ജെ.ജോസഫ്
തൊടുപുഴ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടുക്കി കോട്ടയം, പത്തനംതിട്ട
ജില്ലകളിൽ ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി കാറ്റു മാറി വീശും. പുറപ്പുഴ പഞ്ചായത്ത് ഗവ.
എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ അപ്പീൽ പോവുക സ്വാഭാവികമാണ്.
ഇക്കാര്യത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് ശക്തമായ നടപടി സ്വീകരിച്ചു. ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
അതേസമയം സ്വർണപ്പാളി കവർന്ന കേസിൽ ജയിലിൽ കഴിയുന്ന കോന്നി മുൻ എംഎൽഎ പത്മകുമാറിനെതിരെ സിപിഎം എന്തു നടപടിയാണ് സ്വീകരിച്ചതെന്നും ജോസഫ് ചോദിച്ചു.
സംസ്ഥാനത്ത് അതിദരിദ്രർ ഇല്ലെന്നാണ് സർക്കാർ പറയുന്നത്. തൊടുപുഴ നിയോജക മണ്ഡലത്തിൽ മാത്രം 902 കിടപ്പുരോഗികളുണ്ട്.
ഇത്തരത്തിൽ സംസ്ഥാനത്താകെ 1.40 ലക്ഷം ആളുകളുണ്ട്. അവസാനത്തെ ആളെ വരെ കൈപിടിച്ച് ഉയർത്തി എന്ന് സർക്കാർ പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.
ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒരു പൈസ പോലും ചെലവാക്കിയിട്ടില്ല. തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി ഉണ്ടാകുമെന്നും ജോസഫ് പറഞ്ഞു.
വോട്ടിൽ വിടാത്ത കൂട്ട്!
പീരുമേട് ∙ ഏലപ്പാറ ടൗൺ വാർഡിൽ വോട്ടു ചെയ്യാനെത്തിയവരെല്ലാം അദ്ഭുതപ്പെട്ടുകാണും!
കാരണം മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ ഒറ്റക്കെട്ടായി ആണ് അവരോടു വോട്ടഭ്യർഥിച്ചത്. ഒരാൾ കരം പിടിക്കുമ്പോൾ മറ്റേയാൾ ചെവിയിൽ രഹസ്യം പറയും മറ്റേയാൾ കൈകൂപ്പി നിൽക്കും!
വോട്ടു ചെയ്തു മടങ്ങിവരുമ്പോഴും അവർ ഒരേ മനസ്സോടെ ഒന്നിച്ച് കൈകൊടുത്തു നന്ദി പറഞ്ഞു. മത്സരത്തിന്റെ അവസാന ലാപ്പിലും സ്പോർട്സ്മാൻ സ്പിരിറ്റോടെ സൗഹൃദം കൈവിടാതെ നിന്ന സുഹൃത്തുക്കളായ സ്ഥാനാർഥികളായ ഉമർ ഫാറൂഖ് (യുഡിഎഫ്), എം.ഇ സലിം (എൽഡിഎഫ്) , ടി.അജിത്ത് (എൻഡിഎ) എന്നിവർ എല്ലാ സ്ഥാനാർഥികൾക്കും മാതൃകയാണ്.
ഇവർ മാത്രമല്ല ഇവർക്കൊപ്പമുള്ളവരും ഒരേ വൈബിലായിരുന്നു.
വിടർന്ന കണ്ണുകളും നിറഞ്ഞ ചിരിയുമായി മൂവരും വോട്ടർമാരെ വരവേൽക്കാൻ നിൽക്കുന്നതിനിടയിൽ പരസ്പരം കുശലം പറയാനും തമാശ പൊട്ടിക്കാനും പിശുക്കു കാട്ടുന്നില്ലായിരുന്നു. ഉമർ നിലവിൽ തണ്ണിക്കാനം വാർഡിലെ പഞ്ചായത്തംഗമാണ്.
സലിം ജംക്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറും. അജിത്താകട്ടെ അക്ഷയ സെന്റർ ഉടമയാണ്.
തിരഞ്ഞെടുപ്പിന് ശേഷവും തങ്ങളുടെ സൗഹൃദത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് പരസ്യമായി പറയാൻ മടി കാട്ടുന്നില്ല.
ശാന്തം, സൗഹൃദം മത്സരം
തൊടുപുഴ ∙ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജില്ലയിൽ പൊതുവേ ശാന്തം. രാവിലെ മന്ദഗതിയിലായിരുന്നു മിക്ക സ്ഥലത്തും തുടക്കമെങ്കിലും പിന്നീട് നില മെച്ചപ്പെട്ടു.
ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയെങ്കിലും അധികം വൈകാതെ തകരാർ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. നഗരസഭകളിൽ പോളിങ്ങിനു വേഗം കൂടിയപ്പോൾ പഞ്ചായത്തുകളിൽ 3 വോട്ടുകൾ രേഖപ്പെടുത്തണമെന്നതിനാൽ കൂടുതൽ സമയമെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

