പരവൂർ∙ മത്സ്യത്തൊഴിലാളികളുടെ കമ്പവലയിൽ കുരുങ്ങി തീരത്ത് എത്തിയ തിമിംഗല സ്രാവിന് രക്ഷകരായി പരവൂർ ഫയർഫോഴ്സ് റെസ്ക്യൂ ടീമും വിദേശ വിനോദ സഞ്ചാരികളും. ഇന്നലെ രാവിലെ 7 മണിയോടെ പരവൂർ തെക്കുംഭാഗം മുസ്ലിം പള്ളിക്ക് സമീപം തീരത്ത് നിന്ന് കമ്പ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ തൊഴിലാളികളുടെ വലയിലാണ് കൂറ്റൻ തിമിംഗല സ്രാവ് കുടുങ്ങിയത്.
വല വലിച്ച് തീരത്ത് എത്തിയപ്പോൾ തൊഴിലാളികളും സർഫിങ്ങിന് എത്തിയ വിദേശ വിനോദ സഞ്ചാരികളും സർഫിങ് ഗൈഡുമാരും ചേർന്ന് വല മുറിച്ച് സ്രാവിനെ മോചിപ്പിക്കുകയായിരുന്നു.
എന്നാൽ തീരത്ത് മണലിൽ ഉറച്ച നിലയിലായിരുന്ന സ്രാവിന് അനങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല. മത്സ്യത്തൊഴിലാളികളും നാട്ടുകാരും വിദേശ വിനോദ സഞ്ചാരികളും ഏറെ പണിപ്പെട്ടിട്ടും തിരികെ കടലിലേക്ക് തള്ളി വിടാൻ സാധിച്ചില്ല.
രക്ഷാദൗത്യത്തിനിടയിൽ വിദേശ വനിതയ്ക്ക് സ്രാവിന്റെ വാലിന്റെ അടിയേറ്റ് പരുക്കേൽക്കുകയും ചെയ്തു. പരവൂർ ഫയർ ഫോഴ്സ് റെസ്ക്യു ടീം തിമിംഗല സ്രാവിന്റെ വാലിൽ വടം കെട്ടി കുറുകെ ആഴമുള്ള ഭാഗത്തേക്ക് വലിച്ച് നീക്കുകയും സ്രാവിന്റെ ശരീരം ഉരുട്ടി കടലിലേക്ക് നീക്കുകയുമായിരുന്നു.
ഏകദേശം ഒന്നര മണിക്കൂർ നേരത്തെ മരണവെപ്രാളത്തിന് ശേഷം സ്രാവ് വീണ്ടും കടലിലേക്ക് പോയി.
അവശനിലയിലായതിനാൽ ഉൾക്കടലിലേക്ക് നീങ്ങാതെ ഏറെ നേരം തീരത്തോടു ചേർന്ന് തന്നെ നീന്തുകയായിരുന്നു. പിന്നീട് അഞ്ചുതെങ്ങിൽ നിന്ന് തീരദേശ പൊലീസിന്റെ ബോട്ടെത്തി സ്രാവിനെ വടം കെട്ടി ആഴക്കടലിലേക്ക് കൊണ്ടുപോകുകയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചൻ, പരവൂർ ഇൻസ്പെക്ടർ വി.ബിജു, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.
4 മീറ്റർ നീളം; ലോകത്തിലെ ഏറ്റവും വലിയ മത്സ്യം
നാല് മീറ്ററോളം നീളമുള്ള തിമിംഗല സ്രാവ് ‘ഷോർ സൈനർ’ വലയിൽ ആകസ്മികമായി പെടുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമെന്നറിയപ്പെടുന്ന തിമിംഗല സ്രാവ് 18 മീറ്റർ വരെ നീളവും 21 ടൺ വരെ ഭാരവും കൈവരിക്കുന്ന ജീവിയാണ്.
ശരീരത്തിലെ പ്രത്യേക പുള്ളിപ്പാടുകൾ, വലിയ വായ, ഫിൽറ്റർ-ഫീഡിങ് ശൈലി എന്നിവ ഇവയുടെ പ്രത്യേകതയാണ്.
2017-ൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വനം വകുപ്പുമായി സഹകരിച്ച് കേരള തീരത്ത് തിമിംഗല സ്രാവ് സംരക്ഷണ ക്യാംപെയ്ൻ ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം കൊല്ലം തീരത്ത് ഒരു തിമിംഗല സ്രാവിന്റെ മരണമുണ്ടായതിനെ തുടർന്ന് സംഘത്തിന്റെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ജില്ലയിൽ കൂടുതൽ ശക്തമാക്കിയിരുന്നു.
രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന മത്സ്യത്തൊഴിലാളികൾക്ക് വല നാശനഷ്ടങ്ങൾക്ക് പകരമായി 25,000 രൂപ വരെ അടിയന്തര ധനസഹായം നൽകുന്ന സംവിധാനവും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഒരുക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

