കുഞ്ഞേ, മരണം വരെയും ഈ നാട് നമ്മുടേതല്ലേ,.. വോട്ട് ഇടുമ്പോൾ നാടിനു വേണ്ടി നല്ലൊരു കാര്യം ചെയ്യുന്നു എന്ന തോന്നലാണ്… വലിയതുറയിലെ പോളിങ് ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ പ്രായം ചെന്ന വോട്ടർ മേരി സിറിയക്കിന്റെ വാക്കുകൾ.
തീരത്തിന് ലഹരിയാണ് തിരഞ്ഞെടുപ്പെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കി ബൂത്തുകളിൽ സ്ത്രീകളുടേയും യുവാക്കളുടെയും നീണ്ടനിര. ജീവിതവും തൊഴിലും സംബന്ധിച്ച് ഒട്ടേറെ പരാതികളും ആശങ്കകളും ഉണ്ടെങ്കിലും തീരദേശവാസികൾ കൂട്ടത്തോടെ വോട്ടു ചെയ്യാനെത്തി.
അധികാരത്തിലെത്തുന്നവർ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ടു വരണം. – തീരദേശ വോട്ടർമാരുടെ ആവശ്യം ഇതായിരുന്നു.
ചിലർ വോട്ട് ചെയ്യാനായി കടലിൽ പോകുന്നത് ഒഴിവാക്കി.
മറ്റു ചിലർ വോട്ട് ചെയ്ത ശേഷം മത്സ്യബന്ധനത്തിനു പോയി. പൂന്തുറ, ബീമാപ്പള്ളി, കഠിനംകുളം, പുത്തൻതോപ്പ്, വെട്ടുകാട്, മുതലപ്പൊഴി, അഞ്ചുതെങ്ങ് തുടങ്ങിയ പ്രദേശങ്ങളിൽ പത്തോടെ തന്നെ വോട്ടർമാരുടെ നീണ്ടനിരയായിരുന്നു.
ആദ്യ 2 മണിക്കൂർ 15% കടന്ന പോളിങ്, വെയിൽ കനത്തതോടെ മന്ദഗതിയിലായി. വെയിലാറിയതോടെ വീണ്ടും സജീവമായി.
മുതലപ്പൊഴി ഉൾപ്പെടെ തീരദേശ പ്രശ്നങ്ങളെക്കുറിച്ച് ബൂത്തുകൾക്കു മുന്നിൽ വോട്ടർമാർ തമ്മിൽ ചർച്ച ചെയ്യുന്നുണ്ടായിരുന്നു. ഭിന്നശേഷി സൗഹൃദമല്ല വോട്ടിങ് കേന്ദ്രങ്ങളെന്ന പരാതിയുമുണ്ടായി.
കായിക്കര കുമാരനാശാൻ സ്മാരകത്തിലെ ബൂത്തിലേക്ക് ഭിന്നശേഷിക്കാർക്ക് റാംപ് സൗകര്യം ഇല്ലാത്തതിനാൽ ഉപയോഗശൂന്യമായ വാതിൽപാളി റാംപാക്കി മാറ്റി. പോളിങ് സ്റ്റേഷനുകളിൽ ശക്തമായ സുരക്ഷയൊരുക്കി. യങ്, പിങ്ക് പോളിങ് സ്റ്റേഷനുകൾ കൗതുകമൊരുക്കി.
വേണം, ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങൾ
കായിക്കരയിലെ വോട്ടറും ഭിന്നശേഷിക്കാരനുമായ എസ്.സുദീപൻ തന്റെ ചക്രക്കസേരയിൽ വോട്ട് ചെയ്യാൻ കുമാരനാശാൻ സ്മാരകത്തിലേക്ക് പുറപ്പെടുമ്പോൾ ബൂത്തിൽ കയറാനാകുമോ എന്ന ആശങ്കയിലായിരുന്നു.
റാംപില്ലാത്തതിനാൽ ഒരു വാതിൽപ്പാളിയാണ് റാംപായി സജ്ജീകരിച്ചിരുന്നത്. ശ്രമകരമായിരുന്നു ഇതിലൂടെ കയറിയിറങ്ങുന്നത്.
ഭിന്നശേഷിക്കാരുടെ വിഷമങ്ങൾ ഏറിവരുന്നതായി സുദീപൻ പറഞ്ഞു. ‘ജനാധിപത്യത്തിൽ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കേണ്ട
പ്രക്രിയയാണ് വോട്ടിങ്. ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങൾ അനിവാര്യമാണ്.
എന്നെ പൊക്കിയെടുത്ത് കൊണ്ടുപോകുമെന്നാണ് പറഞ്ഞത്. വോട്ടെടുപ്പ് ദിവസം മാത്രമല്ല, ജീവിതത്തിലെ എല്ലാ ആവശ്യങ്ങൾക്കും ഇങ്ങനെ പൊക്കിയെടുത്തു കൊണ്ടുപോകുമോ?’– സുദീപൻ നിരാശ മറച്ചുവച്ചില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

